കാഞ്ഞങ്ങാട്: വിവാഹനിശ്ചയത്തിന് പിന്നാലെ വീട്ടിൽ നിന്ന് 'കാമുകനൊപ്പം' ഒളിച്ചോടിയ ബിരുദ വിദ്യാർത്ഥിനി പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലി( 21) ചെന്നൈയിലുണ്ടെന്ന് സ്ഥിരീകരിച്ചുവെങ്കിലും ദുരൂഹതകൾ അവശേഷിക്കുന്നു. കാഞ്ഞങ്ങാട് നിന്നും ചെന്നൈയിലെത്തിയ അഞ്ജലിയുടെ യാത്രയിലെവിടെയും 'ഇക്ക' എന്ന് അഞ്ജലി എഴുതിവച്ച കത്തിൽ വിശേഷിപ്പിച്ച ആളെ കണ്ടെത്താനായിട്ടില്ല.

അഞ്ജലിയെ കണ്ടെത്തിയിട്ടില്ലെങ്കിലും ചെന്നൈ നഗരത്തിൽ എത്തിയതിനുള്ള ഡിജിറ്റൽ തെളിവുകൾ പൊലീസിന് കിട്ടി. ഏപ്രിൽ 19- ന് ഉച്ചയ്ക്ക് 2:30 മണിക്ക് കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെടുന്ന മംഗളൂരു -ചെന്നൈ മെയിലിൽ അഞ്ജലി കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായി ഉറപ്പാക്കിയിട്ടുണ്ട്. പൊള്ളക്കട വീട്ടിൽ നിന്ന് ഒരു മണിക്ക് ശേഷം ചുമൽ ബാഗും, മറ്റൊരു വാനിറ്റി ബാഗുമായാണ് അഞ്ജലി വീടുവിട്ടത്.

അന്ന് ഉച്ചയ്ക്ക് പെൺകുട്ടി കോട്ടച്ചേരി ടൗണിൽ ഗോകുലം ടവർ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഓട്ടോയിൽ കയറിയതായി അഞ്ജലിയെ അറിയാവുന്ന ഒരു ദൃക്‌സാക്ഷി നേരത്തെ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. ചെന്നൈയിലും അഞ്ജലി സെൽഫോൺ ഉപയോഗിക്കാത്തത് മൂലം നഗരത്തിൽ പെൺകുട്ടിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ അഞ്ജലി ട്രെയിൻ ഇറങ്ങി പ്പോകുന്ന ദൃശ്യവും സമയവും പതിഞ്ഞു കിട്ടിയിട്ടുണ്ട്. അഞ്ജലിയോടൊപ്പം മറ്റാരേയും കണ്ടെത്താൻ കഴിയാത്തത് മറ്റൊരു ദുരൂഹതയായി മാറിയിട്ടുണ്ട്. ട്രെയിൻ ഇറങ്ങിയ അഞ്ജലി ഒരു ഹോട്ടലിലും താമസിച്ചിട്ടുണ്ട്. അഞ്ജലി എഴുതിയ കത്ത് വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലാണ് ഞാൻ 'ഇക്ക' യുടെ കൂടെ പോകുന്നുവെന്ന് പറയുന്നത്.

എന്നാൽ ഇയാളെ ഇരുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇത് അഞ്ജലിയുടെ തിരോധാനത്തിലെ ദുരൂഹത കൂട്ടുന്നു. കാണാമറയത്തുള്ള ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം അഞ്ജലി ആരുടെ കൂടെ പോയന്ന് ഉറപ്പിക്കാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല ഇതിനിടയിൽ കുടുംബാംഗങ്ങളിലെ ചിലർ ലൗജിഹാദ് ആരോപിച്ചു രംഗത്തു വന്നിരിക്കയാണ്. സമൂഹമാധ്യമങ്ങളിൽ ഇതേ ചൊല്ലി തർക്കവും ആരംഭിച്ചിട്ടുണ്ട് .

സംഭവം ഇങ്ങനെ:

വിവാഹം നിശ്ചയിച്ച് ഒരുക്കങ്ങൾ നടന്നു വരികയാണ് 10 പവൻ ആഭരണവുമായി അഞ്ജലി വീടുവിട്ടിറങ്ങിയത്. പ്രതിശ്രുത വധുവിന്റെ 10 പേജുള്ള കത്ത് കണ്ടത്തി, കത്തിലെ വരികൾ നിന്നാണ് കാമുകനെ കുറിച്ചുള്ള സൂചന ലഭിച്ചത്. 'ഞാൻ എന്റെ ഇക്കയുടെ കൂടെ പോകുന്നു. പള്ളിക്കരയിലാണ് എന്റെ പാർട്ണറുടെ വീട്. അവർക്ക് എന്നെ വലിയ ഇഷ്ടമാണ്. എനിക്ക് അവരെയും. അദ്ദേഹം വേറെ കാസ്റ്റ് ആണ്''. പുല്ലൂർ പൊള്ളക്കടയിൽ നിന്ന് ഒരാഴ്ച മുമ്പ് വീടുവിട്ട ബിരുദ വിദ്യാർത്ഥിനി ആലിങ്കൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ.അഞ്ജലി പോകുമ്പോൾ വീട്ടിൽ എഴുതിവെച്ച പത്തു പേജു നീണ്ട കത്തിലാണ് ഇക്കായെക്കുറിച്ച് പറയുന്നത്.

കാഞ്ഞങ്ങാട് സ്‌കോളർ കോളേജിലെ വിദ്യാർത്ഥിനിയായ അഞ്ജലിയുടെ വിവാഹം 2021 ഏപ്രിൽ 25-ന് ഞായറാഴ്ച നടത്താൻ കുടുംബം നിശ്ചയിച്ചതാണ്. വിവാഹ ആവശ്യത്തിന് 3.5 ലക്ഷം രൂപ വിലവരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങൾ രക്ഷിതാക്കൾ വാങ്ങി വീട്ടിൽ കരുതിയിരുന്നു. കോട്ടിക്കുളം പാലക്കുന്ന് സ്വദേശിയായ യുവാവാണ് അഞ്ജലിയുടെ പ്രതിശ്രുത വരൻ. വിവാഹ നിശ്ചയത്തിന് ശേഷം ഫോട്ടോഷൂട്ടിനായി അഞ്ജലിയും, പ്രതിശ്രുതവരനും കാഞ്ഞങ്ങാട് കടൽത്തീരത്തും മറ്റും പോയി ഒരുമിച്ച് ചിത്രങ്ങളെടുത്തിരുന്നു.

വിവാഹത്തിന്റെ ഏഴുനാൾ മുമ്പ് ഏപ്രിൽ 19-ന് പകൽ നേരത്ത് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് കറുത്ത ബാഗുമായി വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെക്കുറിച്ച് ഇനിയും ഒരു ചെറുസൂചന പോലും പൊലീസിനും വീട്ടുകാർക്കും ലഭിച്ചില്ല. 'ഞങ്ങൾ കോളേജ് തലം മുതൽ തുടങ്ങിയ അടുപ്പമാണ് , എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടാണ്. അദ്ദേഹത്തിന്റെ പേര് ഞാൻ പറയുന്നില്ല. അത് സസ്‌പെൻസ്-!'' ഇങ്ങനെ പോകുന്ന അഞ്ജലിയുടെ പത്തു പേജുകളുള്ള കത്തിൽ ജീവിതത്തെക്കുറിച്ചും, പ്രതിബന്ധങ്ങളെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്. മകളെ കാണാതെ കണ്ണീരിൽ കഴിയുന്ന രക്ഷിതാക്കളെ 'സസ്‌പെൻസ് 'ന്റെ മുന്മുനയിൽ നിർത്താൻ മകൾ തയാറായത് പൊലീസുകാരെ പോലും അദ്ഭുതപെടുത്തി .

കോട്ടച്ചേരി ടൗണിലെ പച്ചക്കറി വ്യാപാരി കെ. വി, ലക്ഷമണന്റെ കടയിൽ വർഷങ്ങളായി ജോലി നോക്കുന്ന പൊള്ളക്കട ആലിങ്കാൽ വീട്ടിൽ ശ്രീധരന്റെ മകളാണ് പെൺകുട്ടി. മകളുടെ തിരോധാനം കുടുംബത്തെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. മൂന്നര ലക്ഷം രൂപ വില മതിക്കുന്ന വിവാഹ സ്വർണ്ണവുമായാണ് അഞ്ജലി വീടു വിട്ടത്. വിവാഹ നിശ്ചയനാളിലും മറ്റും ചെറുതായ ഒരു സംശയത്തിന് പോലും ഇട നൽകാതെയാണ് അഞ്ജലി വീടു വിട്ടത്.