കോതമംഗലം: ഭർത്താവിൽനിന്നും ഓണക്കോടി ലഭിച്ചില്ല. യുവതിയായ വീട്ടമ്മ 7 വയസുകാരിയായ മകളേയും കൂട്ടി നാടുവിട്ടു. ഊന്നുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പുകുളത്താണ് സംഭവം. ഉപ്പുകുളം താണിക്കുടി വീട്ടിൽ രാജന്റെ ഭാര്യ സിന്ധുവാണ് മക്കൾക്കും തനിക്കും ഓണക്കോടി ലഭിച്ചില്ലെന്ന കാരണത്താൽ കഴിഞ്ഞ ദിവസം ഭർത്താവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.

കഴിഞ്ഞ ഓണത്തിന് കോടി വാങ്ങണമെന്നാവശ്യപ്പെട്ടപ്പോൾ കൈയിൽ പണമില്ലെന്നായിരുന്നു ഭർത്താവ് പറഞ്ഞിരുന്നതെന്നും പിന്നീട് വാങ്ങി നൽകാമെന്ന് പലവട്ടം ഉറപ്പ് നൽകിയെന്നും ഇത് പാലിക്കാനും, തന്നെയും മക്കളെയും വേണ്ടവണ്ണം നോക്കാനും ഭർത്താവ് തയ്യാറാവാത്തതിനാലുമാണ് നാടുവിട്ടതെന്നുമാണ് സിന്ധുവിന്റെ വെളിപ്പെടുത്തൽ.

ഈ മാസം 23-നാണ് മകൾ ഗോപികയെയും കൂട്ടി സിന്ധു നാടുവിട്ടത്. ഇതേത്തുടർന്ന് ഭർത്താവ് രാജൻ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഊന്നുകൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പിറവത്തെ ബന്ധുവീട്ടിൽ നിന്നും സിന്ധുവിനെയും മകളേയും കണ്ടെത്തി. തുടർന്ന് പൊലീസിന് നൽകിയ മൊഴിയിലാണ് സിന്ധു ഭർത്താവിനെതിരെ ഓണക്കോടി വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയത്. കോടതിയിലും സിന്ധു ഇതേ നിലപാടിൽ ഉറച്ചുനിൽക്കുകയും ഭർത്താവിനൊപ്പം ജീവിക്കാൻ താൽപ്പര്യമില്ലന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ബന്ധുവിനൊപ്പം പോകാൻ കോടതി സിന്ധുവിന് അനുമതി നൽകി.

നാല്പത്തെട്ടുകാരനായ രാജൻ കൂലിപ്പണിക്കാരനാണ്. ഭാര്യയെ കണ്ടെത്തിയ വിവരം പൊലീസ് പുലർച്ചെതന്നെ രാജനെ അറിയിച്ചിരുന്നു.എന്നാൽ ഉച്ചവരെയും ഇയാൾ സ്റ്റേഷനിൽ എത്തിയില്ല.തുടർന്ന് പൊലീസ് സംഘം വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ രാജൻ കോലഞ്ചേരിയിൽ പണിക്കുപോയിരിക്കുകയാണെന്ന വിവരം കിട്ടി. തുടർന്ന് ഇയാളെ മൊബൈലിൽ ബന്ധപ്പെടാൻ പൊലീസ് നടത്തിയ നീക്കം വിഫലമായി. ബെല്ലടിച്ചപ്പോൾ രാജൻ മൊബൈൽ ഓഫാക്കുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച് പൊലീസ് നൽകുന്ന വിവരം.

രാജനെ കാത്തിരുന്നു വിഷമിച്ച പൊലീസ് സംഘം വൈകിട്ട് 4 മണിയോടെ ബന്ധുവിനെ വിളിച്ചുവരുത്തിയ ശേഷമാണ് സിന്ധുവിനെയും മകളെയും കോടതിയിൽ ഹാജരാക്കിയത്. സിന്ധുവിനെയും മകളെയും കണ്ടെത്താൻ കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. തൃപ്പുണിത്തുറ, കോലഞ്ചേരി, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഇവിടങ്ങളിലെല്ലാം സിന്ധു എത്തിയിരുന്നെന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് മനസിലാക്കിയിരുന്നു.

ഇവിടങ്ങളിൽ പൊലീസ് സംഘം അരിച്ചുപെറുക്കിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇന്നലെ രാവിലെ പിറവത്തുനിന്നാണ് സിന്ധുവിന്റെ മൊബെൽ സിഗ്നൽ ലഭിക്കുകയും തുടർന്ന് പൊലീസ് നടത്തിയ വിശദമായ തിരച്ചിലിൽ ബന്ധുവായ ശ്രീനിവാസന്റെ വീട്ടിൽ നിന്നും സിന്ധുവിനെയും മകളേയും കണ്ടെത്തുകയുമായിരുന്നു.