കോട്ടയം: കൈക്കൂലി കേസിൽ അറസ്റ്റിലായ സി.ജെ.എൽസിയുടെ തട്ടിപ്പുകൾ തലവേദനയാകുന്നത് എംജി സർവ്വകലാശാലയ്ക്ക്. എൽസി അടക്കം അടക്കമുള്ള 31 ക്ലറിക്കൽ അസിസ്റ്റന്റുമാർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകാൻ 2018ൽ അന്നത്തെ എംജി സർവകലാശാല സിൻഡിക്കറ്റ് ഗൂഢാലോചന നടത്തിയതായി ധനകാര്യ പരിശോധനാ വകുപ്പിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഞെട്ടിക്കുന്ന വസ്തുതകളാണ് അതിലുള്ളത്.

സിൻഡിക്കറ്റിന്റെ നടപടിയിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നായിരുന്നു കണ്ടെത്തൽ. തീരുമാനമെടുത്ത സിൻഡിക്കറ്റ് അംഗങ്ങൾക്കെതിരെ നടപടി വേണമെന്നും 31 പേരുടെ ചട്ടവിരുദ്ധമായുള്ള സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ധനകാര്യ പരിശോധനാ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇക്കാര്യത്തിൽ എംജി സർവകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടി എടുത്തില്ല. 2018 മെയ്‌ 5നു ചേർന്ന സിൻഡിക്കറ്റ് യോഗത്തിലായിരുന്നു തീരുമാനം. രണ്ട് വർഷം മുമ്പാണ് തട്ടിപ്പിൽ കണ്ടെത്തലുണ്ടാകുന്നത്.

അസിസ്റ്റന്റ് തസ്തികകളിലെ 4% ഒഴിവുകളാണ് ലോ പെയ്ഡ് തസ്തികകളിൽ നിന്ന് (താഴ്ന്ന വേതനത്തിലുള്ള തസ്തിക) സ്ഥാനക്കയറ്റം വഴി നികത്തുന്നത്. എൻട്രി കേഡറിലുള്ള അസിസ്റ്റന്റ് തസ്തികകളുടെ 4% മാത്രമേ ഇതിനായി പരിഗണിക്കാവൂ എന്നാണ് ചട്ടം. എംജി സർവകലാശാലയിൽ എൻട്രി കേഡർ തസ്തികകൾ 238. ഇതിൽ നിന്ന് 10 ക്ലറിക്കൽ അസിസ്റ്റന്റുമാർക്ക് സ്ഥാനക്കയറ്റം നൽകാം.

ഇവിടെയാണ് തട്ടിപ്പ് നടന്നത്. അസിസ്റ്റന്റ് വിഭാഗത്തിലുള്ള 714 തസ്തികകളുടെ 4 % കണക്കാക്കി 28 ക്ലറിക്കൽ അസിസ്റ്റന്റുമാർക്കാണ് സ്ഥാനക്കയറ്റം നൽകിയത്. ഇതു ചട്ടവിരുദ്ധമാണ്. ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിച്ചവരെ തിരിച്ചയയ്ക്കണമെന്നായിരുന്നു റിപ്പോർട്ട്. ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം സി.ജെ.എൽസിയുടെ നിയമനവും സ്ഥാനക്കയറ്റവും ചട്ടപ്രകാരമാണെന്ന് വിലയിരുത്തിയിരുന്നു. ധനകാര്യ പരിശോധനാ വകുപ്പിന്റെ റിപ്പോർട്ടിനെപ്പറ്റി മൗനം പാലിച്ചു. ഇത് വിവാദമാകുന്നുണ്ട്.

എൽസി അടക്കമുള്ളവരുടെ നിയമനത്തിൽ ഇടത് സംഘടന ഇടപെട്ടതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. തസ്തിക മാറ്റം വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിലെ മാനദണ്ഡം മാറ്റാൻ എംപ്ലോയീസ് അസോസിയേഷൻ വി സിക്ക് നൽകിയ കത്താണ് പുറത്തായത്. രണ്ട് ദിവസം മുൻപാണ് എം.ബി.എ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസിയെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ ആവശ്യപ്പെട്ടത്.

2016ലാണ് സർവകലാശാലയ്ക്ക് കീഴിലെ അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. രണ്ട് ശതമാനം താഴ്ന്ന തസ്തികയിൽ നിന്ന് പ്രമോഷനായി വരുന്നവർക്ക് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നൽകണമെന്ന ഉത്തരവും അന്ന് നിലവിലുണ്ടായിരുന്നു. പിന്നീട് സർവീസ് സംഘടനകളുടെ നിർബന്ധം കാരണം രണ്ട് ശതമാനം എന്നത് നാല് ശതമാനമായി ഉയർത്തി. ഇവിടേയും എൻട്രി കേഡർ എന്ന മാനദണ്ഡം അട്ടിമറിച്ചു.

അതിനിടെ എൽ.സിയുടെ ബിരുദത്തെ കുറിച്ചും അന്വേഷിക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്. 2010 ൽ പ്യൂൺ തസ്തികയിലാണ് എൽസി സർവകലാശാലയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പോലും പാസായിട്ടില്ലായിരുന്നു. എന്നാൽ 2016 ൽ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവർ എസ്.എസ്.എൽ.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയിൽ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.

2017ൽ അസിസ്റ്റന്റായി ജോലിക്ക് പ്രവേശിക്കുമ്പോൾ വേണ്ടുന്ന യോഗ്യതകളെല്ലാം ഇവർക്കുണ്ടായിരുന്നു. ഇതിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.