കോട്ടയം: എംജി സർവകലാശാലയിൽ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയതു സംബന്ധിച്ചു അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്. കൈക്കൂലി വാങ്ങിയ പണം സിജെ എൽസി 9 പേർക്കു കൈമാറിയതായി കണ്ടെത്തി. പണം സ്വീകരിച്ചവരുടെ പേരും അക്കൗണ്ട് നമ്പറുകളും വിജിലൻസ് ശേഖരിച്ചു. ഇവരിൽ സർവകലാശാലാ ജീവനക്കാർ ഉണ്ടോ എന്നാണ് അടുത്ത അന്വേഷണം. സർവകലാശാലയിലെ മറ്റു ജീവനക്കാർക്കു നൽകാനാണു പണം വാങ്ങുന്നതെന്ന് എൽസി പറഞ്ഞതായി വിദ്യാർത്ഥിനി വിജിലൻസിനു മൊഴി നൽകിയിട്ടുണ്ട്.

എംജി സർവ്വകലാശാലയിൽ മാർക്ക് തട്ടിപ്പിന് വലിയ സംഘമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്. അതിനിടെ എൽസിക്കെതിരെ പരാതി നൽകിയ വിദ്യാർത്ഥിനിക്ക് എംബിഎ പരീക്ഷയിൽ സ്വന്തം നിലയ്ക്കു ജയിക്കാനുള്ള മാർക്ക് ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. കൈക്കൂലിക്കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘവും സർവകലാശാല നിയോഗിച്ച സിൻഡിക്കറ്റ് സമിതിയും വിദ്യാർത്ഥിനിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചപ്പോഴാണു വിവരം പുറത്തായത്. പരീക്ഷ ജയിച്ചതാണ് കുട്ടിയെന്ന് എൽസിക്ക് അറിയാമായിരുന്നു. ഈ വിവരം മറച്ചു വച്ചാണ് വിദ്യാർത്ഥിനിയെ കബളിപ്പിച്ചത്.

പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്കു ലഭിക്കുന്ന അവസാന അവസരമായ 'മേഴ്‌സി ചാൻസിലാണ്' വിദ്യാർത്ഥിനി പാസായത്. മാനേജീരിയൽ കമ്യൂണിക്കേഷൻ എന്ന വിഷയത്തിലാണു വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. വിദ്യാർത്ഥിനിക്ക് 57 മാർക്ക് ലഭിച്ചതായി മാർക്ക് ലിസ്റ്റിലും ഉത്തരക്കടലാസിലുമുണ്ട്. ജയിക്കാൻ വേണ്ടത് 40 മാർക്കാണ്. ഈ വിവരം മറച്ചുവച്ച് വിദ്യാർത്ഥിനി തോൽക്കാൻ സാധ്യതയുണ്ടെന്നും പണം നൽകിയാൽ വിജയിപ്പിക്കാമെന്നും വിശ്വസിപ്പിച്ചാണ് എംബിഎ വിഭാഗം അസിസ്റ്റന്റ് സി.ജെ.എൽസി 1.25 ലക്ഷം രൂപ വിദ്യാർത്ഥിനിയിൽ നിന്നു വാങ്ങിയതെന്നു വിജിലൻസ് പറഞ്ഞു.

വിജിലൻസ് സംഘവും സിൻഡിക്കറ്റ് സമിതിയും എംബിഎ വിഭാഗത്തിൽ നിന്നു വിദ്യാർത്ഥിനിയുടെ മാർക്ക് ലിസ്റ്റുകൾ ശേഖരിച്ചു. എൽസി മറ്റു വിദ്യാർത്ഥികളെയും ജയിപ്പിക്കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടിയിട്ടുണ്ടോ എന്നും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. എംബിഎ വിഭാഗത്തിൽ 4000 വിദ്യാർത്ഥികളാണു സപ്ലിമെന്ററി പരീക്ഷ എഴുതിയിട്ടുള്ളത്. എൽസി എഴുതിയ ബിരുദ പരീക്ഷയുടെ രേഖകൾ വിജിലൻസ് ശേഖരിച്ചു. രേഖകളിൽ എൽസിയുടെ പേരുണ്ട്. പരീക്ഷാകേന്ദ്രമായ സിഎംഎസ് കോളജിലും അടുത്ത ദിവസങ്ങളിൽ പരിശോധന നടക്കും. ഇതും നിർണ്ണായകമാകും.

പ്രതി എൽസിയുടെ നിയമന രേഖകൾ പരിശോധിച്ച വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർവകലാശാല നിയോഗിച്ച സിൻഡിക്കേറ്റ് സമിതിയും അന്വേഷണം തുടങ്ങി. കൈക്കൂലി പണം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നാണ് അറസ്റ്റിലായ ജീവനക്കാരി സി.ജെ എൽസി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ പരാതിക്കാരിയുമായുള്ള ഫോൺ സംഭാഷണത്തിൽ മറ്റ് ജീവനക്കാർക്ക് വിഹിതം നൽകണമെന്ന് എൽസി സൂചിപ്പിക്കുന്നുണ്ട്. കൈക്കൂലിയായി ഒന്നേകാൽ ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയാണ് എൽസി വാങ്ങിയത്. പണം പോയ വഴി കണ്ടെത്തി കൂട്ടുപ്രതികളുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് ശ്രമം.

എൽസിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ വിജിലൻസ് സംഘം പരിശോധിച്ചു. ഇതിന്റെ ഒരു വിഹിതം പുതുപ്പള്ളിയിലെ ബാങ്കിലേക്കും സ്വകാര്യ ചിട്ടി സ്ഥാപനത്തിലേക്കും കൈമാറിയതായി കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും ഇത് സംബന്ധിച്ച് പരിശോധന തുടരും.