കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക ജോലിക്കാരുടെ ശമ്പളം 100 ദിനാർ ആക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. രാജ്യത്തെ തൊഴിൽ വിപണിയെക്കുറിച്ച് പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വീട്ടുജോലികൾക്കായി എത്തുന്ന ഇന്ത്യക്കാരുടെ ഏറ്റവും ചുരുങ്ങിയ വേതനം 100 ദിനാർ ആക്കാൻ എംബസി തീരുമാനിച്ചത്.

വീട്ടുജോലിക്കാർ, ഹൗസ് ബോയ്, പാചകക്കാർ, വീട്ടു ഡ്രൈവർമാർ എന്നിവർക്കു നിലവിൽ 70-75 ദിനാറാണ് എംബസി നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലി. മാർച്ച് ഒന്നുമുതൽ 100 ദിനാർ വ്യവസ്ഥ ചെയ്യുന്ന തൊഴിൽ കരാർ മാത്രമേ എംബസിയിൽനിന്നു സാക്ഷ്യപ്പെടുത്തൂ.

താമസസൗകര്യം, ഭക്ഷണം തുടങ്ങി കുവൈത്ത് നിയമവ്യവസ്ഥയിൽ പറയുന്ന മറ്റ് ആനുകൂല്യങ്ങൾക്കു പുറമേയാണിത്. നിലവിൽ ഇന്ത്യയിൽനിന്നു കുവൈത്തിലേക്കു വനിതാ ഗാർഹികത്തൊഴിലാളികൾ വരുന്നില്ല. വനിതാ ഗാർഹികത്തൊഴിലാളിയെ നിയമിക്കുന്നതിനു സ്വദേശി സ്‌പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്റി കെട്ടിവയ്ക്ക ണമെന്ന എംബസി നിർദ്ദേശം നേരത്തേ വിവാദമായിരുന്നു. ഇവർക്കുള്ള തൊഴിൽ കരാർ സാക്ഷ്യപ്പെടുത്തൽ ഇന്ത്യൻ എംബസി തുടർന്നു നിർത്തിവയ്ക്കുകയും ചെയ്തു. ഗാർഹികത്തൊഴിൽ വീസയിൽ പുരുഷന്മാർ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽനിന്നു കുവൈത്തിൽ എത്തുന്നത്.