മോഹൻലാലിന്റെ ആരാധകർ ഉൾപ്പടെ സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിപറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ.ചിത്രത്തെ കുറിച്ച് കാര്യമായ അപ്‌ഡേറ്റുകൾ ഒന്നും ഇടക്കാലത്ത് ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോഴിത എൽ 2 എന്ന ഹാഷ് ടാഗോടെ പ്രിഥ്വിരാജ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.ഓസ്‌കർ വിതരണ ചടങ്ങിനിടെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് വിൽ സ്മിത്ത് നടത്തിയ പ്രസംഗത്തിൽ നിന്നുള്ള വാക്കുകളാണ് പൃഥ്വിരാജ് പങ്കുവച്ചത്.ഒപ്പം സ്റ്റ്ിഫൻ നെടുമ്പള്ളിയുടെ ഫോട്ടോയും എൽ ടു എന്ന ഹാഷ് ടാഗും.

ജീവിതത്തിലെ ഉന്നതമായ നിമിഷങ്ങളിൽ ജാഗ്രത പുലർത്തുക, കാരണം അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത്,' സ്റ്റീഫൻ നെടുമ്പള്ളിയായി തകർത്താടിയ മോഹൻലാലിന്റെ 'ലൂസിഫർ' ചിത്രത്തിന് അടിക്കുറിപ്പായി പൃഥ്വിരാജ് കുറിച്ചു. ഒപ്പം എൽ2 എന്നൊരു ഹാഷ്ടാഗും.

ഡെൻസൽ വാഷിങ്ടണ്ണിന്റെ വാക്കുകൾ പൃഥ്വിരാജ് പങ്കുവച്ചതോടെ, അത് ആരാധകർക്ക് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയായി. 'ആ പിശാചിനായി കാത്തിരിക്കുന്നു' എന്നാണ് ആരാധകരുടെ പ്രതികരണം. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകരെ ഇളക്കി മറിക്കാനുള്ള സംഭാഷണങ്ങളിൽ ഒന്നാകുമോ ഇതെന്നും ആരാധകർ ഉറ്റുനോക്കുന്നു. ഈ വർഷം അവസാനം എംപുരാന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന.

അതേസമയം ചടങ്ങിനിടെ ഭാര്യയെ പരിഹസിച്ചു സംസാരിച്ച അവതാരകനെ വിൽ സ്മിത്ത് വേദിയിൽ കയറി മുഖത്തടിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇടവേളയിൽ ഡെൻസൽ വാഷിങ്ടൺ, വിൽ സ്മിത്തിനോടു പറഞ്ഞ വാക്കുകൾ വേദിയിൽ താരം ആവർത്തിക്കുകയായിരുന്നു. വിൽ സ്മിത്തിന്റെ വികാരനിർഭരമായ പ്രസംഗത്തിനൊപ്പം ഡെൻസൽ വാഷിങ്ടണ്ണിന്റെ വാക്കുകളും ആരാധകർ ഏറ്റെടുത്തു.

വിൽ സ്മിത്തിന്റെ പ്രവർത്തിയെ ന്യായീകരിച്ചും വിമർശിച്ചും അഭിപ്രായങ്ങൾ ഉയരുന്നതിനിടയിൽ മകൻ ജെയ്ഡൻ സ്മിത്തിന്റെ ട്വീറ്റ് വിവാദമായി. പിതാവിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു ജെയ്ഡന്റെ വാക്കുകൾ. 'അങ്ങനെയാണ് ഞങ്ങൾ ചെയ്യുക' എന്ന ജെയ്ഡന്റെ ഒറ്റ വരി ട്വീറ്റ് ഏറെ വിമർശനത്തിന് വഴിയൊരുക്കി. വിൽ സ്മിത്തിന്റെ പേരോ ഫൊട്ടോയോ ജെയ്ഡൻ ട്വീറ്റിൽ ഉപയോഗിച്ചിട്ടില്ലെങ്കിലും, താരപുത്രന്റെ വാക്കുകൾ ഉന്നം വയ്ക്കുന്നത് ഓസ്‌കർ വേദിയിലെ സംഭവങ്ങളാണെന്നു വ്യക്തമെന്നാണ് ആരാധകരുടെ പക്ഷം.