- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായിയെ കണ്ടത് മേഴ്സികുട്ടിയമ്മയ്ക്കൊപ്പം; ന്യൂയോർക്കിലെ ചർച്ചയ്ക്ക് വഴിയൊരുക്കിയത് ഫോമ ജനറൽ സെക്രട്ടറിയും; വ്യവസായ മന്ത്രിയേയും നേരിട്ട് കണ്ടു; എല്ലാം ഫിഷറീസ് സെക്രട്ടറി അടക്കമുള്ളവർ അറിഞ്ഞു തന്നെ; ആഴക്കടലിൽ എല്ലാം തുലച്ചത് പ്രതിപക്ഷം; സർക്കാർ വാദങ്ങളെ തള്ളി ഇഎംസിസി; ഷിജൂ വർഗ്ഗീസ് ആരോപണങ്ങൾ തുടരുമ്പോൾ
കൊല്ലം: ആഴക്കടലിൽ വിവാദം തീരുന്നില്ല. ആഴക്കടൽ കരാറിൽ ഇടപെടൽ നടത്തിയ വ്യവസായി കുണ്ടറയിലെ സ്ഥാനാർത്ഥിയാണ്. ഇതിനിടെ ഇദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ ആസ്തിയായി പതിനായിരം രൂപ മാത്രം കാട്ടിയതും ചർച്ചയായി. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സർക്കാരിനെ കടന്നാക്രമിക്കുകയാണ് ഇഎംസിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും പ്രസിഡന്റുമായ ഷിജു എം.വർഗീസ്. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പ്രചരണ കാലത്ത് സജീവ ഇടപെടൽ നടത്തുകയാണ് ഷിജു എം വർഗീസ്.
ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിൽ ചെന്നു കണ്ടതായി ഷിജു എം.വർഗീസ് ആവർത്തിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിനു വേണ്ടി വ്യവസായ മന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അദ്ദേഹം തള്ളി കളയുകയാണ്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായുള്ള ചർച്ചയുടെ വിശദാംശങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ന്യൂയോർക്കിലെ ഹോട്ടലിൽ 2019ൽ വിശദമായ ചർച്ച നടത്തി. ഫോമ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹമാണു ചർച്ചയ്ക്കു വഴിയൊരുക്കിയത്. പദ്ധതിയുടെ രൂപരേഖ ഫിഷറീസ് വകുപ്പിൽ സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തുടർന്നു മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി ചർച്ച നടത്തി. പിന്നീടു നടന്ന ചർച്ചയിൽ മന്ത്രിക്കു പുറമേ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഷിജു വർഗീസും അമേരിക്കക്കാരനായ സിഇഒ: ഡ്യുവാനെ ജെറൻസറും ചേർന്നു രൂപരേഖ സമർപ്പിച്ചപ്പോഴാണു മന്ത്രിയും ജ്യോതിലാലും ചേർന്നു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയത്. തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ കെഎസ്‌ഐഡിസി എംഡി: എം.ജി. രാജമാണിക്യവുമായി ധാരണാപത്രം ഒപ്പിട്ടു. അതായത് ആഗോള നിക്ഷേപക സംഗമത്തിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച എന്നാണ് പറയുന്നത്. ഇത് സർക്കാരിന്റെ വാദങ്ങളെ തള്ളുന്നതാണ്.
2020 ഒക്ടോബർ 28നു സെക്രട്ടേറിയറ്റിലെ ഓഫിസിൽ വിശദപദ്ധതി രേഖയുടെ ആദ്യഭാഗം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കു കൈമാറി. സർക്കാരിന്റെ സീൽ പതിച്ച് ഒരു പകർപ്പ് തിരിച്ചു നൽകി. 2021 ഫെബ്രുവരിയിൽ 2095 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു. ഫെബ്രുവരി 3നു കെഎസ്‌ഐഡിസി 4 ഏക്കർ അനുവദിച്ചു കത്തു നൽകി. മന്ത്രിസഭയുടെ അംഗീകാരത്തിനായി ഫെബ്രുവരി 11നു വ്യവസായ മന്ത്രിക്കു നിവേദനം നൽകി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം പദ്ധതി രാഷ്ട്രീയവൽക്കരിച്ചു ധാരണാപത്രങ്ങൾ ഇല്ലാതാക്കിയതെന്നു ഷിജു വർഗീസ് പറയുന്നു.
കെഎസ്‌ഐഡിസി എംഡി എൻ പ്രശാന്തിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തു വന്നിരുന്നു. പ്രശാന്തിനെ പേരെടുത്ത് പറയാതെയാണ് കൊച്ചിയിലെ പൊതുയോഗത്തിൽവെച്ച് മുഖ്യമന്ത്രി വിമർശിച്ചത്. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നല്ല ഐഎഎസുകാർ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പിൽ മെസേജുകൾ അയക്കേണ്ടതെന്നും, വാട്‌സാപ്പിലൂടെ എല്ലാവർക്കും മെസേജ് അയച്ച് തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് തള്ളിക്കളയുന്നതാണ് ഷിജു വർഗ്ഗീസിന്റെ ഇപ്പോഴത്തെ നിലപാട് വിശദീകരണവും.
ഫയലുകളായിട്ടാണ് സർക്കാരിൽ കടലാസുകൾ നീങ്ങുന്നത്. ആ ഫയൽ ഒരാളുടെ അടുത്തേയ്ക്കും കെഎസ്‌ഐഡിസി അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിയോ സെക്രട്ടറിയോ ആരും ഒന്നു അറിയിഞ്ഞില്ല. വ്യക്തമായൊരു ഗൂഢലക്ഷ്യം ഇതിലുണ്ട്. അതിന്റെ ഭാഗമായാണ് ഭാഗമായി ഒരുപാട് വാട്‌സാപ്പ് മെസേജുകൾ അയച്ചത് . ആളുകളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഈ മെസേജുകൾ. ഇങ്ങനെ മെസേജ് കിട്ടിയാൽ ചിലർ ഒക്കെ തിരിച്ചും മെസേജ് അയക്കും-ഇതാണ് പിണറായി ഇപ്പോൾ പുറത്തു വന്ന വാട്‌സാപ്പ് ചാറ്റുകളെ കുറിച്ച് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ