- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയനും അജിതയും ചേർന്ന് ചിട്ടിയിലൂടെ തട്ടിച്ചത് കോടികൾ; പണമെല്ലാം ചെലവാക്കിയത് ആർഭാടത്തിന്; റെയ്ഡിൽ കണ്ടെടുത്തത് 2000 പ്രമാണങ്ങൾ; എമിനന്റ് ചിട്സിൽ മൂലധനമിറക്കിയവരും കുടുങ്ങും
കോതമംഗലം: എമിനന്റ് ചിറ്റ്‌സ് ഡയറക്ടർ തൊടുപുഴ കരിമണ്ണൂർ സ്വദേശി കുരുമ്പയിൽ ജയനും (40), ബന്ധുവും സ്ഥാപനത്തിന്റെ മാനേജരുമായ വാലേപറമ്പിൽ പ്രസാദിന്റെ ഭാര്യ അജിതാ മണി (46)യും ചിറ്റാളന്മാരെ കബളിപ്പിച്ച് സ്വന്തമാക്കിയ കോടികൾ ചിലവഴിച്ചത് ആർഭാടജീവിതത്തിന്. ഇരുനൂറിലധികം പേരിൽനിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കോതമംഗലം പൊലീസ് ഇ
കോതമംഗലം: എമിനന്റ് ചിറ്റ്‌സ് ഡയറക്ടർ തൊടുപുഴ കരിമണ്ണൂർ സ്വദേശി കുരുമ്പയിൽ ജയനും (40), ബന്ധുവും സ്ഥാപനത്തിന്റെ മാനേജരുമായ വാലേപറമ്പിൽ പ്രസാദിന്റെ ഭാര്യ അജിതാ മണി (46)യും ചിറ്റാളന്മാരെ കബളിപ്പിച്ച് സ്വന്തമാക്കിയ കോടികൾ ചിലവഴിച്ചത് ആർഭാടജീവിതത്തിന്.
ഇരുനൂറിലധികം പേരിൽനിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കോതമംഗലം പൊലീസ് ഇന്നലെ ഇരുവരെയും അറസ്റ്റുചെയ്തിരുന്നു. പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്തുവന്നത്. അടുത്ത കാലത്ത് ഇരുവരും കോടികൾ മുടക്കി വീടുകൾ നിർമ്മിക്കുകയും വസ്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
അശമന്നൂർ നൂലേലിൽ കാരിക്കൽ അജിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പൊലീസ് പിടിയിലായത്. ചിട്ടി പിടിച്ച വകയിൽ 81,000 രൂപ കിട്ടാനുണ്ടെന്നും പണം ആവശ്യപ്പെട്ട് പലതവണ ഇവരെ സമീപിച്ചിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്നുമാണ് അജിയുടെ വെളിപ്പെടുത്തൽ. കോതമംഗലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നിരുന്ന സ്ഥാപനത്തിന് പെരുമ്പാവൂർ, പിറവം, അടിമാലി, കട്ടപ്പന, കടുത്തുരുത്തി, തൊടുപുഴ, കടവന്ത്ര, ചേർത്തല, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും തുറന്നിരുന്നു.
2013 മുതൽ പ്രവർത്തനമാരംഭിച്ച ചേർത്തല, പിറവം, തൊടുപുഴ, കടവന്ത്ര, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിലേതുൾപ്പെടെയുള്ള ബ്രാഞ്ചുകൾ അടുത്തകാലത്ത് പടിപടിയായി പൂട്ടിയിരുന്നു. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവർ നടത്തിയിരുന്നത് . ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.
സ്ഥാപനത്തിൻ കോതമംഗലം ചെറിയപള്ളിത്താഴത്തെ ആസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. രണ്ടായിരത്തിലധികം പേരുടെ പ്രമാണങ്ങളും ഒപ്പിട്ട മുദ്രപത്രങ്ങളും നൂറുകണക്കിന് പ്രോമിസറി നോട്ടുകളും, ബ്ലാങ്ക് ചെക്കുകളും പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തു. തട്ടിപ്പിന്റെ തിരക്കഥ അജിതാ മണിയുടെതാണെന്നും ഇതിന് എല്ലാവിധ പിൻതുണയുമായി ഒപ്പം നിന്ന് ആനൂകുല്യം കൈപ്പറ്റി ജയനും സമ്പന്നനായി മാറുകയായിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
പ്രീഡിഗ്രീ വിദ്യാഭ്യാസമുള്ള അജിത വർഷങ്ങളോളം വക്കീൽ ഗുമസ്തയായി ജോലി ചെയ്തിട്ടുണ്ട്. ഇവരുമായി ചിട്ടിസ്ഥാപനം തുടങ്ങുന്നതുസംബന്ധിച്ച് ജയൻ അഭിപ്രായമാരാഞ്ഞിരുന്നു. ഒരു മതിലിനപ്പുറത്തും ഇപ്പുറത്തുമായിട്ടാണ് ഇരുവരും കുടുംബസഹിതം താമസിച്ചിരുന്നത്. ഈ ഘട്ടത്തിൽ തന്നെ ഇവർ തട്ടിപ്പിന്റെ സാധ്യതകളേക്കുറിച്ച് ജയനെ ബോദ്ധ്യപ്പെടുത്തുകയും തുടർന്ന് മുൻധാരണ പ്രകാരം തട്ടിപ്പിനായി കരുക്കൾ നീക്കുകയായിരുന്നെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
സമ്പന്നരെ ചാക്കിലാക്കി സ്ഥാപന നടത്തിപ്പിനായി ലക്ഷ്യമിട്ടിരുന്ന അടിസ്ഥാന മൂലധനം സംഘടിപ്പിക്കുന്നതിനുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനം വളരെ വേഗത്തിൽ ഫലവത്തായത് ഈ വഴിക്കുള്ള ഇവരുടെ നീക്കത്തിന് ആദ്യ ചവിട്ടുപടിയായി. തൊടുപുഴ സ്വദേശിയും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ അച്ചൻകുഞ്ഞ് , ഭേദപ്പെട്ട സാമ്പത്തീക ചുറ്റുപാടിൽ കഴിഞ്ഞിരുന്ന സഞ്ജയ് ജോൺ, അഡ്വ. എബ്രാഹം ജോൺ എന്നിവരാണ് ഇവരുടെ വലയിൽ കുരുങ്ങിയത്. രണ്ടുലക്ഷം രൂപ വീതമാണ് ഇവരിൽ നിന്നും ഇവർ മോഹനവാഗ്ദാനങ്ങൾ നൽകി തരപ്പെടുത്തിയത്. ഇവരെ പാർട്ണർമാരായി കൂടെ കൂട്ടുകയും സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന രേഖകളിലെല്ലാം അച്ചൻകുഞ്ഞിന്റെ പേരുവിവരങ്ങൾ ചേർക്കുകയും ചെയ്തിരുന്നു.
ഇരുനൂറിലധികം പേരിൽ നിന്നായി രണ്ടുകോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. കേസ് നടപടികളിൽ നിന്നും രക്ഷപെടാൻ താൻ പലപ്പോഴായി ഒരുകോടിയോളം രൂപ ഇടപാടുകാർക്കു നൽകിയതായി അച്ചൻകുഞ്ഞ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളെ വിശ്വസിച്ചാണ് സമീപപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പേർ സ്ഥാപനം നടത്തി വന്നിരുന്ന ചിട്ടിയിൽ ചേർന്നിരുന്നത്. ബ്രാഞ്ചുകൾ പൂട്ടിയതോടെ ഇടപാടുകാർ വീടുതേടിയെത്തിയപ്പോഴാണ് നാണക്കേടിൽ നിന്നും തലയൂരുന്നതിനായിട്ടാണ് അച്ചൻകുഞ്ഞ് പണമിറക്കിയത്.
കൂടുതൽ പേർ പണമാവശ്യപ്പെട്ട് രംഗത്തുവന്നതോടെ കാര്യങ്ങൾ കയ്യിൽ നിൽക്കില്ലെന്നുകണ്ട് അച്ചൻകുഞ്ഞ് ഇടപാടുകാർക്ക് പണം നൽകുന്നത് നിർത്തി. ഇതേത്തുടർന്നാണ് ചിറ്റാളന്മാരിൽ ചിലർ പരാതിയുമായി പൊലീസിലെത്തിയത്.അറസ്റ്റിലായ ജയനേയും അജിതാമണിയെയും ഇന്ന് കോടതിയിൽ ഹാജരാക്കും.