കോതമംഗലം: നിക്ഷേപകരെ കബളിപ്പിച്ച് 200 കോടിയിൽപ്പരം രൂപ തട്ടിയെടുത്ത സംഭവത്തിൽ എമിനന്റ് ചിട്ടിക്കമ്പനിയിലെ മുഴുവൻ പങ്കാളികളും കുടുങ്ങും. സ്ഥാപനത്തിന്റെ പങ്കാളികളിലൊരാളായ തൊടുപുഴ കരിമണ്ണൂർ സ്വദേശി കുരുമ്പയിൽ ജയകുമാറി(40)നെയും ബന്ധുവും സ്ഥാപനത്തിന്റെ ജനറൽ മാനേജരുമായ വാലേപറമ്പിൽ പ്രസാദിന്റെ ഭാര്യ അജിതാമണി(46)യെയും കേസിൽ കുടുക്കി രക്ഷപെടുന്നതിനുള്ള മറ്റു പങ്കാളികളുടെ നീക്കം പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് വിഫലമായി.

തങ്ങളറിയാതെ ജയകുമാറും അജിതാമണിയും തട്ടിപ്പുനടത്തി പണം തിരിമറി നടത്തുകയായിരുന്നെന്ന് കാണിച്ച് സ്ഥാപനത്തിന്റെ ലൈസൻസി തൊടുപുഴ പുള്ളോലിൽ അച്ചൻകുഞ്ഞ് നൽകിയ പരാതിയിൽ കഴമ്പില്ലന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് അച്ചൻകുഞ്ഞ് ഉൾപ്പെടെ സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളെയും കേസിൽ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് കൈമാറുന്ന നീക്കത്തിലാണിപ്പോൾ പൊലീസ്.

ജയകുമാർ, തൊടുപുഴ പുള്ളോലിൽ അച്ചൻകുഞ്ഞ് , ചാത്തമറ്റം തയ്യിൽ സജയ് ജോൺ , തൊടുപുഴ സ്വദേശി അഡ്വ.എബ്രഹാം ജോൺ എന്നിവരും ഇവരുടെ മൂന്നു സുഹൃത്തുക്കളുമുൾപ്പെടെ 7 പേരുടെ തുല്യപങ്കാളിത്തത്തിലാണ് ചിട്ടിക്കമ്പനി തുടങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. രണ്ടുലക്ഷം രൂപ വീതമായിരുന്നു ഇവരുടെ മുതൽമുടക്ക്. സ്ഥാപനത്തിന്റെ ലൈസൻസ് അച്ചൻകുഞ്ഞിന്റെ പേരിലും ചിട്ടിനടത്തിപ്പിന്റെ ലൈസൻസ് സജയ് ജോണിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാന രേഖകളിലെല്ലാം പങ്കാളികളിൽ എല്ലാവരുടെയും പേരുവിവരങ്ങൾ ചേർത്തിട്ടുണ്ടെന്നും അതിനാൽ തട്ടിപ്പുകേസിൽ ജയകുമാറും അജിതാമണിയും മാത്രമല്ല സ്ഥാപനത്തിന്റെ പങ്കാളികളായ മറ്റ് അഞ്ചുപേരും ഒരുപോലെ കുറ്റക്കാരാണെന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ഇതിനിടെ മുൻകൂർ ജാമ്യം എടുക്കുന്നതിനായി അച്ചൻകുഞ്ഞ് ഇന്ന് കോടതിയെ സമീപിച്ചിട്ടുള്ളതായും വിവരം ലഭിച്ചു.

ഇരുനൂറിലധികം പേരിൽ നിന്നായി രണ്ടുകോടിയോളം രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. കേസ് നടപടികളിൽ നിന്നും രക്ഷപെടാൻ താൻ പലപ്പോഴായി ഒരുകോടിയോളം രൂപ ഇടപാടുകാർക്കു നൽകിയതായി അച്ചൻകുഞ്ഞ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ വിശ്വസിച്ച് സമീപപ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ചിട്ടിയിൽ ചേർന്നിരുന്നെന്നും ബ്രാഞ്ചുകൾ പൂട്ടിയതോടെ ഇടപാടുകാർ വീടുതേടിയെത്തി തുടങ്ങിയതോടെ നാണക്കേടിൽ നിന്നും തലയൂരുന്നതിനായിട്ടാണ് പണമിറക്കിയതെന്നും കൂടുതൽ പേർ പണമാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ കാര്യങ്ങൾ കയ്യിൽ നിൽക്കില്ലെന്നുകണ്ട് താൻ ഇടപാടുകാർക്ക് പണം നൽകുന്നത് നിർത്തിയെന്നും മറ്റുമാണ് അച്ചൻകുഞ്ഞ് ഇക്കാര്യത്തിൽ പൊലീസിൽ നൽകിയിട്ടുള്ള വിശദീകരണം. ചിറ്റാളന്മാരിൽ ചിലർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് കോതമംഗലം പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇവരുടെ തട്ടിപ്പിൽകുടുങ്ങിയ നിരവധി പേർ അനുദിനമെന്നവണ്ണം വിവിധ സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നുണ്ട്.

കേസിൽ ജയകുമാറിനെയും അജിതാമണിയെയും കോതമംഗലം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തട്ടിപ്പിനെക്കുറച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അശമന്നൂർ നൂലേലിൽ കാരിക്കൽ അജിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പൊലീസ് പിടിയിലായത്. ചിട്ടി പിടിച്ച വകയിൽ 81000 രൂപ കിട്ടാനുണ്ടെന്നും പണം ആവശ്യപ്പെട്ട് പലതവണ ഇവരെ സമീപിച്ചിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിച്ചതെന്നുമാണ് അജിയുടെ വെളിപ്പെടുത്തൽ. കോതമംഗലം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്നിരുന്ന സ്ഥാപനത്തിന് പെരുമ്പാവൂർ, പിറവം, അടിമാലി, കട്ടപ്പന, കടുത്തുരുത്തി,തൊടുപുഴ, കടവന്ത്ര, ചേർത്തല, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളും തുറന്നിരുന്നു.

2013 മുതൽ പ്രവർത്തനമാരംഭിച്ച ചേർത്തല, പിറവം, തൊടുപുഴ, കടവന്ത്ര, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിലെതുൾപ്പെടെയുള്ള ബ്രാഞ്ചുകൾ അടുത്തകാലത്ത് പടിപടിയായി പൂട്ടിയിരുന്നു. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ള ചിട്ടികളാണ് ഇവർ നടത്തിയിരുന്നത്. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി പരാതികൾ നിലനിൽക്കുന്നുണ്ടെന്നാണ് അറിയുന്നത്.

സ്ഥാപനത്തിന്റെ കോതമംഗലം ചെറിയപള്ളിത്താഴത്തെ ആസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡിലാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. രണ്ടായിരത്തിലധികം പേരുടെ പ്രമാണങ്ങളും ഒപ്പിട്ട മുദ്രപത്രങ്ങളും നൂറുകണക്കിന് പ്രോമിസറി നോട്ടുകളും, ബ്ലാങ്ക് ചെക്കുകളും പൊലീസ് ഇവിടെനിന്നും കണ്ടെടുത്തു.