ദുബായ്: ഒരു പക്ഷേ ലോകം കേൾക്കേണ്ടിയിരുന്ന ഒരു മഹാദുരന്തമാണ് ഇന്ന് ദുബായിൽ എമിറേറ്റ്‌സ് വിമാനത്തിലെ ക്യാപ്ടന്റെയും വിമാനജീവനക്കാരുടെയും മനോധൈര്യം കൊണ്ട് മാത്രം വഴിമാറിപ്പോയത്. വിമാനത്താവള അധികൃതരുടെ കൃത്യമായ ഇടപെടൽ കൂടിയായപ്പോൾ ഒരു ജീവനും നഷ്ടമാകാതെ തന്നെ തിരുവനന്തപുരത്തു നിന്നും ദുബായിൽ എത്തിയ എമിറേറ്റ്‌സ് വിമാനം ലാൻഡ് ചെയ്തു. തീ പടർന്നു പിടിച്ചു തുടങ്ങിയ വിമാനത്തിൽ നിന്നും അതിവേഗം യാത്രക്കാരെ പുറത്തിറക്കിയ വിമാനത്തിന്റെ ക്രൂവിന്റെ ഉചിതമായ ഇടപെടലാണ് ദുരന്തമുണ്ടാകാതെ കാത്തത്. യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനത്തിലെ ഇന്ധനം ചോർന്ന് തീ പടർന്നു പിടിച്ചു. ഇതോടെ വിമാനത്തിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. തിക്കിലും തിരക്കിലും പെട്ടും അല്ലാതെയും യാത്രക്കാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്ത.

എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ ഇടിച്ചിറക്കേണ്ടി വന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 275 പേരിൽ നൂറോളം പേരും മലയാളികളായിരുന്നു. രാവിലെ പത്തുമണിയോടെയാണ് വിമാനം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. പുറപ്പെടുമ്പോൾ വിമാനത്തിൽ തകരാറൊന്നും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ ലാൻഡിംഗിന് ഒരുങ്ങിയപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. ലാൻഡിങ് ഗിയറിലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ ക്യാപ്ടൻ വിമാനത്താവള അധികൃതരെ വിവരം അറിയിച്ചു. ഇതോടെ ആശങ്കയിലായ യാത്രക്കാരെ വിമാന ജീവനക്കാർ സമാധാനിപ്പിച്ചു. എന്നാൽ, പലരും ക്രാഷ് ലാൻഡിംഗിനുള്ള തീരുമാനത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല.

ക്രാഷ് ലാൻഡിംഗിന് തയ്യാറെടുക്കാനായി വിമാനത്താവള അധികൃതരും മുൻകരുതലെടുത്തു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും അടിയന്തരമായി നിലത്തിറക്കുകയാണെന്നുമുള്ള സന്ദേശത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ അഗ്‌നിശമനസേന ഉൾപ്പെടെയുള്ളവർ സർവ്വസജ്ജരായിരുന്നു. ലാൻഡിങ് ഗിയർ തകരാറിനെ തുടർന്ന് റൺവേയിലേക്ക് തൊട്ടപ്പോൾ വിമാനത്തിന്റെ ടയറും പൊട്ടി. ഇതോടെ വലിയ കുലുക്കവും വിമാനത്തിലുണ്ടായി. പ്രദേശിക സമയം 12.45നായിരുന്നു ഈ സംഭവം.

റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ ചിറക് നിലത്തുരസി തീപിടിച്ചു. വിമാനം ലാൻഡ് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് അപായ സന്ദേശം നൽകി. പലരും വിമാനം നിശ്ചലമാകുന്നതിന് മുമ്പ് തന്നെ എമർജൻസി വാതിലിലൂടെ ചാടിയിറങ്ങി. ഇതോടെ ചിലർക്ക് വീണ് പരിക്കേറ്റു. ഇറങ്ങിയവർ റൺവേയിലൂടെ വിമാനം കിടന്ന ഭാഗത്ത് നിന്ന് ഓടി. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു പലരും. കൂട്ടകരച്ചിലും നിലവിളികളും ഉയർന്നു. ചിലർ മൗനമായി ഇരു കയ്യും നീട്ടി പ്രാർത്ഥിക്കുന്നണ്ടായിരുന്നു. റൺവേയിൽ ഇടിച്ചിറക്കിയ ഉടൻ തന്നെ തീപിടിച്ചെങ്കിലും യാത്രക്കാരെ എമർജൻസി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. എല്ലാവരും പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വിമാനം ഏറക്കുറേ പൂർണമായി കത്തിയമർന്നു. ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ തന്നെ ചെറിയ പൊട്ടിത്തെറിയോടെയാണ് വിമാനം കത്തിയത്. ഈ സമയം വിമാനത്തിന്റെ ഒരു ചിറക് തെറിച്ചുപോയി.

അതേസമയം, വിമാനത്തിന് തീപിടിക്കാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് എമിറേറ്റ് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇപ്പോൾ പ്രധാന്യം നൽകുന്നതെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ലഗേജുകളും അപകടത്തൽ കത്തിനശിച്ചു. അപകടത്തെ തുടർന്നു വിമാനത്താവളത്തിന്റെ റൺവേ അടച്ചു.

വിമാനം ലാന്റ് ചെയ്ത ഉടനെ തീയും പുകയും ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ വിമാനത്തിന്റെ എമർജൻസി വാതിൽ വഴി ചാടി ഇറങ്ങി റൺവേയിലൂടെ ഓടുകയായിരുന്നു. ഇതേ സമയം വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളു. യാത്രക്കാർ സുരക്ഷിതരായി പുറത്തെത്തി നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ പിൻ ഭാഗം വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വിമാനഭാഗങ്ങൾ ചിതറിത്തെറിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ലാൻഡ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം പൂർണമായും കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കോണി വഴി ഇറങ്ങാൻ യാത്രക്കാർ കാത്തുനിന്നിരുന്നെങ്കിൽ അത് വൻ ദുരന്തത്തിലേക്ക് നയിച്ചേനെ. പരസ്പരം സഹായിച്ചാണ് യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിൽ നിന്നും പുറത്തു കടന്നത്. പലരും ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരായിട്ടില്ല. ജീവനക്കാരടക്കം 282 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ വൻ മെഡിക്കൽ സംഘവും സജ്ജമായി രംഗത്തുണ്ടായിരുന്നു. പൊള്ളലേറ്റ യാത്രക്കാർക്ക് പ്രഥമിക ശുശ്രൂഷ നൽകിയിട്ടുണ്ട്. അതുവരെ തങ്ങൾ സഞ്ചരിച്ച വിമാനം കത്തിയമരുന്ന കാഴ്‌ച്ച കണ്ട് പലരും ദൈവത്തെ വിളിച്ചു.

നാട്ടിൽ അവധിക്കാലം ചെലവിട്ട് ജോലിയുടെ തിരക്കിലേക്കുള്ള പലരുടെയും മടക്കയാത്ര ബുധനാഴ്ച ഒരു ദുരന്തമുഖം താണ്ടിയാണ് ദുബായ് വിമാനത്താവളത്തിൽ ആശ്വാസത്തിന്റെ റൺവേ കടന്നത്. എല്ലാം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങളിൽ നിന്നാണ് 282 പേരും ജീവിതത്തിലേക്ക് സുരക്ഷിതരായി ലാൻഡ് ചെയ്തത്. കേരളവും ദുബായിയും സാക്ഷ്യം വഹിക്കാൻ പോകുമായിരുന്ന ഒരു മഹാദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് പലരും രക്ഷപെട്ടത്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരുക്കേറ്റു. ഇവരെ ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി വരികയാണ്. ഏതാനും പേർക്ക് പൊള്ളലേറ്റതായും സൂചനയുണ്ട്. ദുരന്തത്തെ തുടർന്ന് ടെർമിനൽ 3ലെ റൺവേ അടച്ചു. എയർബസ് എ330220 വിഭാഗത്തിൽ പെട്ട ബോയിങ് 777 ഇ.കെ 521 വിമാനമാണ് ദുരന്തത്തിൽ പെട്ടത്.