പുസ്തകമേളയുടെ കാലമാണ് ഷാര്‍ജയില്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നെത്തിയിട്ടുള്ള എഴുത്തുകാരും പ്രസാധകരും കലാസാംസ്‌കാരിക പരിപാടികളെല്ലാമായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നവംബര്‍ 17 വരെ ഉത്സവമേളമായിരിക്കും.

ഷാര്‍ജയുടെ നഗരമധ്യത്തില്‍ അല്‍ നൂര്‍ മസ്ജിദിനോട് ചേര്‍ന്നാണ് അല്‍നൂര്‍ ഐലന്‍ഡ്. കലയും പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന ദ്വീപില്‍ കുടുംബസഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടനിരവധി കാഴ്ചകളും വിശേഷങ്ങളുമുണ്ട്. അഞ്ഞൂറിലധികം ചിത്രശലഭങ്ങള്‍ പാറിനടക്കുന്ന പ്രത്യേകം തയാറാക്കിയ ശലഭഉദ്യാനമാണ് കേരളത്തിലേതിന് സമാനമായി പച്ചപ്പ് നിറഞ്ഞ അല്‍ നൂറിന്റെ ഏറ്റവും പ്രധാനവിശേഷം. കുട്ടികള്‍ക്കായുള്ള കളിയിടം, നിരവധി കലാസൃഷ്ടികള്‍, കഫേ എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട്

പുസ്തകമേളയുടെ വേദിയായ ഷാര്‍ജ എക്സ്പോ സെന്ററില്‍ നിന്ന് അധികം ദൂരെയല്ലാതെ നിലകൊള്ളുന്ന ഈ ദ്വീപ്, വായനയും എഴുത്തും ഇഷ്ടപ്പെടുന്ന, സര്‍?ഗാത്മകപ്രചോദനങ്ങള്‍ തേടുന്നവര്‍ ഏറെ അനുയോജ്യമായൊരു കേന്ദ്രമാണ്.

നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നിന്ന് കോര്‍ണിഷിലൂടെ നടന്ന് അല്‍ നൂര്‍ ഐലന്‍ഡിലെത്താനാവും. രുചികേന്ദ്രങ്ങളാലും വേറിട്ട വാസ്തുശൈലിയാലും പ്രശസ്തമായ അല്‍ ഖസ്ബയിലൂടെ നടന്ന്, ഖാലിദ് തടാകത്തിന്റെ സുന്ദരന്‍കാഴ്ചകള്‍ പകരുന്ന അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് ചുറ്റിയാണ് ഈ പാത കടന്നുപോകുന്നത്. സുഖകരമായ കാലാവസ്ഥ കൂടിയാവുമ്പോള്‍ കാഴ്ചകള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ഏറെ അനുയോജ്യമായ അനുഭവം. ഷാര്‍ജ എക്‌സ്‌പോ സെന്ററിനെയും അല്‍ നൂര്‍ ഐലന്‍ഡ് അടക്കമുള്ള വിനോദകേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ഷാര്‍ജ സിറ്റി സൈറ്റ് സീയിങ് ബസിന്റെ സര്‍വീസുമുണ്ട്.

ഷാര്‍ജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ഐലന്‍ഡ്, ഈയിടെ, ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും മികച്ച പത്ത് വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.

സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയും, ആഴ്ചാവസാനങ്ങളില്‍ രാത്രി 12 വരെയുമാണ് പ്രവര്‍ത്തനസമയം