കാലാതിവര്‍ത്തിയായ ക്ലാസിക് നാടകങ്ങള്‍ കാണാന്‍ അവസരമൊരുക്കി ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ഷുറൂഖ്). കുടുംബങ്ങളുടെ പ്രിയവിനോദകേന്ദ്രമായ അല്‍ ഖസ്ബയിലെ 'മസ്ര അല്‍ ഖസ്ബ' തീയറ്ററിലാണ് നാടക പ്രദര്‍ശനങ്ങളൊരുങ്ങുന്നത്.

ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 7 വരെ, വിവിധ ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന നാടകങ്ങളുടെ പട്ടികയില്‍ ''സിന്‍ഡ്രല'', ''ട്രഷര്‍ ഐലന്‍ഡ്'', ''പിനോക്കിയോ'', ''എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്സ്'', ''സ്‌നോ വൈറ്റ് & ദി സെവന്‍ ഡ്വാര്‍ഫ്സ്'' എന്നിങ്ങനെ നാടകകഥാപ്രേമികളുടെ മനംകവര്‍ന്ന എക്കാലത്തെയും മികച്ച പേരുകളുണ്ട്. തീയറ്റര്‍ രം?ഗത്ത് പ്രശസ്തരായ H2 പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് പ്രദര്‍ശനമൊരുക്കുന്നത്

എട്ടു മാസത്തോളം നീണ്ടുനില്‍ക്കുന്ന നാടകമേള ഏപ്രില്‍ 1ന് 'സിന്‍ഡ്രല'യുടെ പ്രദര്‍ശനത്തോടെ ആരംഭിക്കും. ഏപ്രില്‍ 5 വരെ ഈ നാടകം കാണാന്‍ അവസരമുണ്ടാവും. ശേഷം, ജൂണ്‍ 2 മുതല്‍ 7 വരെ 'ട്രഷര്‍ ഐലന്‍ഡ്', ആ?ഗസ്റ്റ് 29 മുതല്‍ 31 വരെ 'പിനോക്കിയോ' എന്നീ നാടകങ്ങള്‍ അരങ്ങേറും.

സംവേദനാത്മകമായ തമാശയും സാഹസികതയും സമ്മേളിപ്പിച്ച് കുടുംബങ്ങളെയും കുട്ടികളെയും നാടകാനുഭവത്തിന്റെ പുതുലോകത്തേക്ക് കൈപിടിക്കുന്ന 'എറൗണ്ട് ദി വേള്‍ഡ് ഇന്‍ 80 ഡേയ്‌സി'ന്റെ പ്രദര്‍ശനം ഒക്ടോബര്‍ 11 തൊട്ട് 16 വരെയാണ്. ഡിസംബര്‍ 5 മുതല്‍ 7 വരെയുള്ള 'സ്‌നോ വൈറ്റ് & ദി സെവന്‍ ഡ്വാര്‍ഫ്സ്' പ്രദര്‍ശനത്തോടെ നാടകമേള സമാപിക്കും. അതതു തീയതികളില്‍ വൈകുന്നേരം 3 നും 6നുമായി രണ്ട് പ്രദര്‍ശനങ്ങളാണുണ്ടാവുക. ടിക്കറ്റ് നിരക്ക് 45 ദിര്‍ഹം.

'സാംസ്‌കാരികവും വിനോദപരവുമായ പ്രദര്‍ശനങ്ങള്‍ക്ക് പ്രശസ്തമാണ് അല്‍ ഖസ്ബ. കുടുംബസന്ദര്‍ശകര്‍ക്ക് എന്നും പ്രിയപ്പെട്ട ഈ കേന്ദ്രത്തിലെ 2025 സീസണ്‍ കൂടുതല്‍ സജീവമാക്കാനാണ് നാടകമേളയൊരുക്കുന്നത്. സാഹിത്യത്തിനും സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഇടം നല്‍കുകയെന്ന ഷാര്‍ജയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് നിന്ന്, ലോകോത്തരനിലവാരത്തിലുള്ള വിനോദമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിനോദത്തിലൂടെയും കഥപറച്ചിലിലൂടെയും കുടുംബസന്ദര്‍ശകര്‍ക്ക് മികച്ച അനുഭവങ്ങളൊരുക്കാനാകുമെന്ന് വിശ്വസിക്കുന്നു'- അല്‍ഖസ്ബ, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് എന്നീ വിനോദകേന്ദ്രങ്ങളുടെ മാനേജര്‍ ഖാലിദ് അല്‍ അലി പറഞ്ഞു.

എല്‍ഈഡി ബാക്?ഗ്രൗണ്ട്, കഥാസാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്ന ഡൈനാമിക് ലൈറ്റിങ്, സൗണ്ട് സിസ്റ്റം എന്നിങ്ങനെ മികച്ച സാങ്കേതിക സൗകര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്ര അല്‍ ഖസ്ബയിലെ പ്രദര്‍ശനങ്ങളൊരുങ്ങുന്നത്. വേറിട്ട വാസ്തുശൈലിയും കനാലിലെ ബോട്ട് യാത്രകളും നടപ്പാതകളും കുട്ടികള്‍ക്കായുള്ള കളിയിടങ്ങളും സജീവമാക്കുന്ന അല്‍ ഖസ്ബയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന രുചികേന്ദ്രങ്ങളും അനുഭവിച്ചറിയാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0569929778 എന്നീ നമ്പറില്‍ ബന്ധപ്പെടാം. നാടകപ്രദര്‍ശനങ്ങളെക്കുറിച്ചും ഈദുല്‍ ഫിത്തര്‍ വേളയിലടക്കമുള്ള അല്‍ ഖസ്ബയിലെ സാംസ്‌കാരിക പ്രദര്‍ശനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ അല്‍ ഖസ്ബയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കാം.