ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം . ഗ്രന്ഥകാരനും കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ് വീദാത്തുന്നജാഹ് എന്ന മോട്ടിവേഷണല്‍ ഗ്രന്ഥമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ വിവിധ ദേശക്കാരെ വായനക്കാരെ ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പുറത്തിറങ്ങിയ മലയാളി ഗ്രന്ഥകാരന്റെ ഏക അറബി ഗ്രന്ഥം എന്നതും പുസ്തകത്തിന്റെ സവിശേഷതയാകും.

മലയാളത്തിലും ഇംഗ്ളീഷിലും മോട്ടിവേഷണല്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയാറാമത് പുസ്തകമാണ് തഅ് വീദാത്തുന്നജാഹ്.

കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഇമാറാത്തി എഴുത്തുകാരിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ.മറിയം ശിനാസിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അറബി ഭാഷയോടുംസാഹിത്യത്തോടും ഇന്ത്യന്‍ സമൂഹം പൊതുവിലും മലയാളി സമൂഹം വിശേഷിച്ചും കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണെന്നും അറബി ഭാഷയിലുള്ള ഇന്ത്യന്‍ ഗ്രന്ഥകാരന്റെ മോട്ടിവേഷണല്‍ ഗ്രന്ഥം ഏറെ ശ്ളാഘനായീമണെന്നും അവര്‍ പറഞ്ഞു.

ഖത്തറിലെ പ്രമുഖ ബാറ്റ്മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.

എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ ,ഗ്രന്ഥകാരനായ സലീം അയ്യനത്ത്, ലിപി അക് ബര്‍, ഷാജി ,സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.