അബുദാബി : അബുദാബിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ, ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് നിര്‍വ്വഹിച്ചു.

2025 ഫെബ്രുവരി 16 ഞായറാഴ്ച അബുദാബി 'ലെ റോയല്‍ മെറീഡിയന്‍' ഹോട്ടലില്‍ വൈകുന്നേരം ഏഴ് മണിക്കു നടക്കുന്ന പരിപാടിയില്‍ അബുദാബി ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും അടക്കം ക്ഷണിക്കപ്പെട്ടവര്‍ അതിഥികളായി സംബന്ധിക്കും.

ഇമ പ്രസിഡണ്ട് സമീര്‍ കല്ലറ, ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ്, ലുലു എക്‌സ് ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, ഇമ പ്രവര്‍ത്തക സമിതി അംഗങ്ങളായ അനില്‍ സി. ഇടിക്കുള, പി. എം. അബ്ദുല്‍ റഹിമാന്‍, എന്‍. എ. എം. ജാഫര്‍, വിഷ്ണു നാട്ടായിക്കല്‍, ലുലു എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.