ദുബായ്: മലബാര്‍ പ്രവാസി(യു എ ഇ ) കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി നടപ്പിലാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ബോധവത്കരണവും രജിസ്ട്രേഷനും, സംഘടിപ്പിച്ചു. നോര്‍ക്ക പ്രവാസി അംഗത്വ രജിസ്ട്രേഷനും, പ്രവാസി ക്ഷേമ നിധി, പ്രവാസി പെന്‍ഷന്‍ എന്നിവയെകുറിച്ചുള്ള മുഖാമുഖവും ഇതോടൊപ്പം നടന്നു. ഓര്‍മ സാംസ്‌കാരിക സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം അംഗങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തുടക്കമിട്ടു കൊണ്ട് അഡ്വ.മുഹമ്മദ് സാജിദ് നിര്‍വഹിച്ചു.തുച്ഛ വരുമാനക്കാരും, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുമായ സാധാരണ പ്രവാസികള്‍ക്കും കുടുംബത്തിനും താങ്ങാവുന്ന ഏറെ പ്രയോജനപ്രദവും, ബ്രിഹത്തായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതുമായ ഒരു പദ്ധതിയാണ്

നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും, അര്‍ഹരായ എല്ലാ പ്രവാസികളും ഈ അവസരം വിനിയോഗിക്കണം എന്നും അഡ്വ.മുഹമ്മദ് സാജിദ് അഭിപ്രായപ്പെട്ടു. ഇതില്‍ അംഗങ്ങളാകുന്നവര്‍ക്കും ഭാര്യ ,രണ്ടു കുട്ടികള്‍ എന്നിവര്‍ക്കും അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഈ പദ്ധതി ഉറപ്പു നല്‍കുന്നു.

നോര്‍ക പ്രതിനിധികളായി പങ്കെടുത്ത ബിജു വാസുദേവന്‍, മിഥുന്‍ എന്നിവര്‍ പദ്ധതികളെക്കുറിച്ചുവിശദീകരിച്ചു. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.

കേരള സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തിരം നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ പ്രധാനമായും രണ്ട് പദ്ധതികളാണ്പ്രവാസി നോര്‍ക്ക കാര്‍ഡും പ്രവാസി ഇന്‍ഷുറന്‍സും. ഇതോടൊപ്പം പ്രവാസി ക്ഷേമ നിധിയുടെ കീഴില്‍ പ്രവാസിപെന്‍ഷന്‍ പദ്ധതിയും നിലവിലുണ്ട്. യു എ ഇ യിലെ പ്രവാസി കേരളീയര്‍ക്ക് ഈ പദ്ധതികളുടെ പ്രാധാന്യവുംസാധ്യതകളും അറിയാനും , അംഗങ്ങളായി ചേരാനും മറ്റു സഹായങ്ങള്‍ക്കും 0559284130 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാ ണെന്ന് അവര്‍ അറിയിച്ചു.

പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷന്‍ ഈ മാസം

31 നു അവസാനിക്കയാണ്. കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വരും.ചടങ്ങില്‍ മലബാര്‍ പ്രവാസി വൈസ് പ്രസിഡണ്ട് മൊയ്ദു കുട്ട്യാടി അധ്യക്ഷത വഹിച്ചു.

മുരളി കൃഷ്ണ, സകരിയ പോള്‍ , ഷൈജ , ഷഫീഖ് , നബീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.സിക്രട്ടറി ശങ്കര്‍ നാരായണ്‍ സ്വാഗതവും, നൗഷാദ് നടുക്കളത്തില്‍ നന്ദിയും പറഞ്ഞു.