കൊച്ചി: നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്‌നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്‌നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകള്‍ വഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലെ ക്യുആര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേയ്മെന്റ് നെറ്റ്വര്‍ക്കിലൂടെ ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം.

ദുബായിലേക്കും യുഎഇയിലേക്കും പ്രതിവര്‍ഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തടസമില്ലാത്ത പേയ്മെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ എന്‍ഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീയിലുടനീളം ലഭ്യമായ ഈ സേവനം പിന്നീട് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ തുടങ്ങിയ മേഖലകളിലും ലഭിക്കും. യുഎഇയില്‍ യുപിഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റിതേഷ് ശുക്ല പറഞ്ഞു.

എന്‍പിസിഐ ഇന്റര്‍നാഷണലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ശക്തിപ്പെടുത്താനും ഇന്ത്യന്‍ യാത്രക്കാര്‍ക്കും എന്‍ആര്‍ഐകള്‍ക്കും തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇന്‍സ്റ്റിറ്റിയൂഷണല്‍ പെയ്‌മെന്റ് സൊലൂഷ്യന്‍സ് മാനേജിംഗ് ഡയറക്ടര്‍ സലിം അവാന്‍ പറഞ്ഞു.

എന്‍പിസിഐ ഇന്റര്‍നാഷണലുമായുള്ള മാഗ്‌നാറ്റിയുടെ സഹകരണത്തിലൂടെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അനായാസവും സുരക്ഷിതവുമായ പണമിടമാട് നടത്താനാകുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.