ഷാര്‍ജയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും സാംസ്‌കാരിക ഇടപെടലുകളെക്കുറിച്ചും പറയുന്ന പുതിയ പുസ്തകം - 'ഷാര്‍ജ- ദി കാപ്പിറ്റല്‍ ഓഫ് കള്‍ച്ചര്‍' പ്രകാശിതമായി. ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഹെര്‍ ഹൈനസ് ഷെയ്ഖ ബുദൂര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. രാജ്യാന്തരതലത്തില്‍ പ്രസിദ്ധരായ അസുലിന്‍ പബ്ലിഷേഴ്‌സുമായി ചേര്‍ന്നാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. സാംസ്‌കാരിക മേഖലയില്‍ ഷാര്‍ജ നടത്തുന്ന ഇടപെടലുകളും പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രവും ലോകവായനക്കാരുടെ മുന്‍പിലെത്തിക്കുന്ന സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് പുതിയ പുസ്തകം.

വാസ്തുവിദ്യ, കല, വിദ്യാഭ്യാസം, പരിസ്ഥിതി, സാഹിത്യം, മ്യൂസിയങ്ങള്‍, കരകൗശലം എന്നിങ്ങനെ ഷാര്‍ജയുടെ സാംസ്‌കാരികമേഖലയിലെ ഏഴ് പ്രധാനമേഖലകളെ കേന്ദ്രീകരിച്ചാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹാര്‍ട്ട് ഓഫ് ഷാര്‍ജ, ഹൗസ് ഓഫ് വിസ്ഡം, ഷാര്‍ജ മോസ്‌ക്, മെലീഹ നാഷനല്‍ പാര്‍ക്ക് എന്നീ പ്രധാനകേന്ദ്രങ്ങളും യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഫായ പാലിയോലാന്‍ഡ്‌സ്‌കേപുമെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഷാര്‍ജ രാജ്യാന്തര പുസ്തക മേള, ഷാര്‍ജ ബിനാലെ, പബ്ലിഷിങ് സിറ്റി, എമിറേറ്റ്‌സ് ആര്‍ട്‌സ് ഫൗണ്ടേഷന്‍, മറ്റ് കലാസാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചും പുസ്തകത്തില്‍ വായിക്കാം.

യുനെസ്‌കോയുടെ കള്‍ച്ചറല്‍ കാപ്പിറ്റല്‍ ഓഫ് അറബ് റീജിയന്‍ (1998), കാപ്പിറ്റല്‍ ഓഫ് ഇസ്ലാമിക് കള്‍ച്ചര്‍ (2014), വേള്‍ഡ് ബുക്ക് കാപ്പിറ്റല്‍ (2019) എന്നീ നേട്ടങ്ങള്‍ നേടിയ ഷാര്‍ജയുടെ വൈവിധ്യമാര്‍ന്ന പദ്ധതികളും ഇത്തരം വിഷയങ്ങളില്‍ ഭരണാധികാരി നേരിട്ടുനടത്തുന്ന ഇടപെടലുകളുമെല്ലാം പുതിയ പുസ്തകം പറയുന്നുണ്ട്.

'ഷാര്‍ജയുടെ സാംസ്‌കാരിക ഇടപെടലുകളെന്നത് ഒരു തുടര്‍യാത്രയാണ്. ഇന്നലെകളെയും ഇന്നിനേയും കൂട്ടിച്ചേര്‍ത്ത് നടക്കുന്ന ഒരു സംഭാഷണം. ഇവിടെ അറിവ് വെളിച്ചമാവുകയും സര്‍?ഗാത്മകത ഭാഷയാവുകയും സംസ്‌കാരമെന്നത് ലോകത്തിന്റെ നാനാദിക്കിലുമുള്ള മനുഷ്യരെയും അവരുടെ ആലോചനകളെയും തമ്മില്‍ ചേര്‍ത്തുവയ്ക്കുന്ന ഒന്നാവുകയും ചെയ്യുന്നു. അസുലിനുമായി ചേര്‍ന്നുള്ള ഈ പുസ്തകവും അങ്ങനെ, കലയിലൂടെയും ബൗദ്ധികമായ ഇടപെടലുകളിലൂടെയും കൂടുതല്‍ അടുക്കുകയും അറിയുകയും ചെയ്യുന്ന ഒരു ലോകത്തിന് വേണ്ടിയുള്ള ശ്രമത്തിന്റെ, ഷാര്‍ജയുടെ കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ്' - ഹെര്‍ ഹൈനസ് ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

വിദ്യാഭ്യാസം, പുസ്തകസംസ്‌കാരം എന്നീ വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനുള്ള യുനെസ്‌കോയുടെ ?ഗുഡ്‌വില്‍ അംബാസിഡറായി ഈയിടെ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്‌കാരം, വിദ്യാഭ്യാസം, നൂതന ആശയങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി സുസ്ഥിരവികസനകാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുകയും അതില്‍ രാജ്യാന്തരതലത്തില്‍ തുടര്‍ച്ചായി ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ഷാര്‍ജയുടെ ശ്രമങ്ങളുടെ പ്രതിഫലനമാണ് പുതിയ പുസ്തകം.

സംസ്‌കാരം, പൈതൃകം, അറിവ് എന്നിങ്ങനെ മൂന്ന് തൂണുകളുടെ കരുത്തിലാണ് ഷാര്‍ജയുടെ പുരോ?ഗതി. അതിന്റെ ഉത്തമ പ്രതിനിധാനമാണ് 'ഷാര്‍ജ- ദി കാപ്പിറ്റല്‍ ഓഫ് കള്‍ച്ചര്‍' എന്ന പുസ്തകവും. നേതൃത്വത്തിന്റെ കാഴ്ചപ്പാടുകള്‍ പിന്തുടര്‍ന്ന്, അവയെ അറിവും വിനോദവും മൂല്യങ്ങളുമെല്ലാം സമ്മേളിക്കുന്ന പ്രായോ?ഗിക കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തിയെടുക്കുന്ന ഷുറൂഖിന്റെ ശ്രമങ്ങളും ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. അസുലിനുമായുള്ള സഹകരണത്തിലൂടെ ഷാര്‍ജയുടെ സാംസ്‌കാരിക ഇടപെടലുകളും നേട്ടങ്ങളും ഞങ്ങള്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയാണ്, സുസ്ഥിരവികസനമൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള യാത്ര തുടരുമെന്ന ഉറപ്പുകൂടിയാണത്' - ചടങ്ങില്‍ സംസാരിക്കവെ ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി CEO ഹിസ് എക്‌സലന്‍സി അഹ്മദ് ഒബൈദ് അല്‍ ഖസീര്‍ പറഞ്ഞു.

ഷാര്‍ജ പോലെ, സാംസ്‌കാരിക ഇടപെടലുകള്‍ക്ക് ഇത്രയും മൂല്യം കൊടുക്കുന്ന ഒരു ന?ഗരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതും ഇങ്ങനെയൊരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ ഭാ?ഗമായതും വലിയ അം?ഗീകാരമായാണ് കണക്കാക്കുന്നതെന്ന് അസുലിന്‍ മേധാവി പ്രോസ്പര്‍ അസുലിന്‍ പറഞ്ഞു.

ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു പുസ്തകം അനാവരണം ചെയ്യപ്പെട്ടത്. ഷാര്‍ജ ?ഗവണ്‍മെന്റ് റിലേഷന്‍സ് വിഭാ?ഗത്തിന്റെ ചെയര്‍മാന്‍ ഹിസ് എക്‌സലന്‍സി ഷെയ്ഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ബുക്ക് അതോറിറ്റി സിഇഓ ഹിസ് എക്‌സലന്‍സി അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമിരി, ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം വിഭാ?ഗത്തിന്റെ ചെയര്‍മാന്‍ ഹിസ് എക്‌സലന്‍സി ഖാലിദ് ജാസിം അല്‍ മിദ്ഫ, ആര്‍ക്കിയോളജി അതോറിറ്റി ഡയറക്ടര്‍ ജനറര്‍ ഈസ യുസിഫ് എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങിന്റെ ഭാ?ഗമായി.

ഷുറൂഖും അസുലിനും ചേര്‍ന്നു പുറത്തിറക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ പുസ്തകമാണ് 'ഷാര്‍ജ - ദി കാപ്പിറ്റല്‍ ഓഫ് കള്‍ച്ചര്‍'. നേരത്തെ, മെലീഹയുടെ ചരിത്രവും വര്‍ത്തമാനവും കേന്ദ്രീകരിച്ച് 'മെലീഹ - ആന്‍ഷ്യന്റ് ട്രഷേഴ്‌സ് ഓഫ് യുഎഇ' എന്ന പുസ്തകം 2024 ഷാര്‍ജ പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു. വായനാസമൂഹത്തില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ച ഈ പുസ്തകം പ്രദേശത്തിന്റെ പൗരാണികചരിത്രവും പുരാവസ്തുഖനനങ്ങളെക്കുറിച്ചുമെല്ലാം വിശദമായി അടയാളപ്പെടുത്തിയിരുന്നു.

കലക്ടേഴ്‌സ് എഡിഷനായി പുറത്തിറക്കിയ പുസ്തകത്തിന്റെ കോപ്പികള്‍ ഷാര്‍ജ ഹൗസ് ഓഫ് വിസ്ഡത്തിലും തെരഞ്ഞെടുത്ത രാജ്യാന്തര പുസ്തകകടകളിലും ലഭ്യമാവും.