മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച 10 വിനോദസഞ്ചാര ആകര്‍ഷണങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഷാര്‍ജയിലെ അല്‍ നൂര്‍ ഐലന്‍ഡ്. ലോകത്തെ ഏറ്റവും മികച്ചതും യാത്രക്കാര്‍ ഇഷ്ടപ്പെടുന്നതുമായ വിനോദകേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്ന 'ട്രിപ്പ് അഡൈ്വസറിന്റെ' 2024ലെ 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' പുരസ്‌കാരം നേടിയാണ് അല്‍ നൂര്‍ ഐലന്‍ഡ് ഈ നേട്ടം കരസ്ഥമാക്കിയത്.

ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നൂര്‍ ഐലന്‍ഡ് കഴിഞ്ഞ വര്‍ഷവും 'ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്' പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ഷാര്‍ജ ന?ഗരമധ്യത്തിലെ ഖാലിദ് തടാകത്തില്‍ നിലകൊള്ളുന്ന ഐലന്‍ഡില്‍ കുടുംബസഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടനിരവധി കാഴ്ചകളും വിശേഷങ്ങളുമുണ്ട്. കലയും പ്രകൃതിയും വിനോദവും സമ്മേളിക്കുന്ന ദ്വീപില്‍ പ്രത്യേകം തയാറാക്കിയ ശലഭഉദ്യാനവും ഒരുക്കിയിരിക്കുന്നു. വേനല്‍ക്കാലത്തടക്കം ഹരിതാഭ നിറഞ്ഞുനില്‍ക്കുന്ന ഇവിടുത്തെ നടപ്പാതകളും ഹരിതാഭമായ കാഴ്ചകളും സോഷ്യല്‍മീഡിയയിലും ഏറെ പ്രശസ്തമാണ്.

യാത്രാസംബന്ധിയായ വിവരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പേരുകേട്ട ട്രാവല്‍ റിവ്യൂ പ്ലാറ്റ്‌ഫോമാണ് 'ട്രിപ് അഡൈ്വസര്‍'. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളുമെല്ലാം ലിസ്റ്റ് ചെയ്യപ്പെടുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍, പൂര്‍ണമായും സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ക്കും റേറ്റിങ്ങിനുമനുസരിച്ചാണ് പട്ടികകളും പുരസ്‌കാരങ്ങളും നിശ്ചയിക്കപ്പെടുന്നത്. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള മുഴുവന്‍ വിനോദകേന്ദ്രങ്ങളില്‍ നിന്നുമായി, ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഒരു ശതമാനം വിനോദകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് പട്ടം ലഭിക്കുന്നത്.

അല്‍ നൂര്‍ ഐലന്‍ഡിനു പുറമേ ഷുറൂഖിന്റെ തന്നെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്ററും അല്‍ മുന്‍തസ പാര്‍ക്കും ട്രിപ് അഡൈ്വസറിന്റെ 'ട്രാവലേഴ്‌സ് ചോയ്‌സ്' അവാര്‍ഡ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് മെലീഹ ഈ നേട്ടം കരസ്ഥമാക്കുന്നത്. ആതിഥേയത്വവും വന്നെത്തുന്ന സന്ദര്‍ശകരുടെ തൃപ്തിയും സൂചിപ്പിക്കുന്നതാണ് ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്‌കാരം.

'വന്നെത്തുന്ന അതിഥികളുടെ ഉള്ളം നിറയുന്ന വിനോദസഞ്ചാര അനുഭവങ്ങള്‍ ഒരുക്കുന്നതിലും ഏറ്റവും മികച്ച ആതിഥേയത്വം ഉറപ്പുവരുത്തുന്നതിന്റെയും പ്രതിഫലനമായിട്ടാണ് ഈ അം?ഗീകാരങ്ങളെ ഞങ്ങള്‍ കാണുന്നത്. മുഴുവന്‍ ടീമിന്റെയും അര്‍പ്പണബോധത്തിന്റെ ഫലമായിട്ടാണ് ഇത് സാധ്യമാവുന്നത്' - അംഗീകാരത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ഓപ്പറേഷന്‍സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് ഡയറക്ടര്‍ മഹ്മൂദ് റാഷിദ് ദീമാസ് പറഞ്ഞു. 'യുഎഇ സന്ദര്‍ശിക്കുന്ന യാത്രക്കാര്‍, സാഹസികത ഇഷ്ടപ്പെടുന്നവര്‍, കുടുംബസഞ്ചാരികള്‍ എന്നിവരില്‍ നിന്നെല്ലാമുള്ള പോസിറ്റീവ് ഫീഡ്ബാക്ക് ഞങ്ങള്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനത്തിന്റെ തെളിവു കൂടിയാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയുടെ ന?ഗരമധ്യത്തില്‍ അല്‍ നൂര്‍ മസ്ജിദിനോട് ചേര്‍ന്നാണ് അല്‍നൂര്‍ ഐലന്‍ഡ്. നടപ്പാലത്തിലൂടെ പ്രവേശിക്കാനാവുന്ന ദ്വീപിലെ കാഴ്ചകള്‍ കേരളത്തിലേതിന് സമാനമായി ഹരിതാഭ നിറഞ്ഞതാണ്. കുട്ടികള്‍ക്കായുള്ള കളിയിടം, നിരവധി കലാസൃഷ്ടികള്‍, കഫേ എന്നിങ്ങനെ ധാരാളം വിശേഷങ്ങളിവിടെയുണ്ട്. ഷാര്‍ജ മെലീഹ മരുഭൂമിയില്‍ നിലകൊള്ളുന്ന മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍ ഈയിടെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. മേഖലയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയത്തോടൊപ്പം ക്യാംപിങ്ങ്, ഡെസേര്‍ട്ട് സഫാരി, കുതിരസവാരി, വാനനിരീക്ഷണം, കുട്ടികള്‍ക്കായുള്ള ശില്‍പ്പശാലകള്‍ എന്നിങ്ങനെ നിരവധി അനുഭവങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.