- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ മുറിയിൽ ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക്ക്; സോഷ്യൽ മീഡിയ വഴി പരസ്യം; ഒടുവിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചയാൾ പിടിയിൽ
ദുബൈ: ലൈസൻസില്ലാതെ വീട്ടിലിരുന്ന് ഹെയർ ട്രാൻസ്പ്ലാന്റ് സേവനം നൽകിയയാളെ ദുബൈ പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ദുബൈ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്. അനധികൃത പ്രവർത്തനങ്ങൾ ഉപഭോക്താക്കളുടെ ജീവന് അപകടകരമാണെന്നും യുഎഇ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.
പ്രതി തന്റെ അനധികൃത ഹെയർ ട്രാൻസ്പ്ലാന്റ് സേവനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയിരുന്നു. ഇത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തി. ദുബൈ പോലീസും ദുബൈ ഹെൽത്ത് അതോറിറ്റിയും നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. മൂന്ന് കിടപ്പുമുറികളുള്ള പ്രതിയുടെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, ഒരു മുറി നിയമവിരുദ്ധ ക്ലിനിക്കായി മാറ്റിയതായി കണ്ടെത്തി. ഇവിടെ നിന്ന് ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, അനസ്തേഷ്യ ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. മതിയായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടുകയും മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും കണ്ടുകെട്ടുകയും പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടങ്ങളുണ്ടാക്കുമെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നൽകി.