ദുബായ്: ഹത്ത മലനിരകളില്‍ കുടുങ്ങിപ്പോയ അഞ്ച് പര്‍വ്വതാരോഹകരെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. ഹത്ത മലമുകളില്‍ കയറിയ ഇവര്‍ തിരിച്ചിറങ്ങാൻ സാധിക്കാതെ കുടുങ്ങുകയായിരുന്നു. ഒടുവിൽ എയര്‍ ലിഫ്റ്റ് ചെയ്താണ് അഞ്ചുപേരെയും രക്ഷപ്പെടുത്തിയതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

ദുബായ് പോലീസിന്‍റെ എയര്‍ വിങ്ങും ഹത്ത ബ്രേവ്സ് യൂണിറ്റും ദുബൈ ആംബുലന്‍സ് സര്‍വീസുമായി സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പൈലറ്റുമാര്‍, രണ്ട് എയര്‍ ആംബുലൻസ് ഉദ്യോഗസ്ഥര്‍, ഒരു വഴികാട്ടി എന്നിവരാണ് രക്ഷാപ്രവര്‍ത്തക സംഘത്തില്‍ ഉണ്ടായിരുന്നത്.

രക്ഷപ്പെടുത്തിയ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. മലമുകളില്‍ കുടുങ്ങിയ ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചിരുന്നതായി എയര്‍ വിങ് സെന്‍റര്‍ ഡയറക്ടര്‍ പൈലറ്റ് കേണല്‍ സലിം അല്‍ മസ്റൂയി വ്യക്തമാക്കി.