റാസല്‍ഖൈമ: അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്‌സ് മലയിൽ എത്തിയ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തില്‍ സായന്ത് മധുമ്മലിനെയാണ് (32) ജെബല്‍ ജെയ്‌സ് മലമുകളില്‍ നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തിയത്.

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. രമേശനും സത്യയുമാണ് മാതാപിതാക്കള്‍. ഭാര്യ: അനുശ്രീ. സോണിമ സഹോദരിയാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ച്ച രാത്രി ഷാര്‍ജയില്‍ നിന്നുള്ള കണ്ണൂര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പുഷ്പന്‍ ഗോവിന്ദന്‍ അറിയിച്ചു.