ഷാര്‍ജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട 'മെലീഹ നാഷണല്‍ പാര്‍ക്ക്' സജീവമാകുന്നു. ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റര്‍ നീളുന്ന സംരക്ഷണവേലിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി 'Come Closer' (കം ക്ലോസര്‍) ക്യാമ്പയിന് തുടക്കം കുറിച്ചു.

2 ലക്ഷം വര്‍ഷങ്ങള്‍ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങള്‍ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തില്‍ കൂടി പ്രചരിപ്പിക്കുന്നതിനായാണ് പുതിയ ക്യാമ്പയിന്‍.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കച്ചവടപാതകളും സാംസ്‌കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂര്‍വയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വര്‍ഷം മെയ് മാസമാണ് ഷാര്‍ജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണല്‍ പാര്‍ക്ക് പ്രഖ്യാപിച്ചത്. ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാര്‍ജ പബ്ലിക് വര്‍ക്ക് ഡിപാര്‍ട്‌മെന്റിന്റെ പങ്കാളിത്തത്തിലാണ് പൂര്‍ത്തീകരിച്ചത്.

'സംരക്ഷണശ്രമങ്ങളോടൊപ്പം തന്നെ നമ്മുടെ പൈതൃകവും പാരിസ്ഥിതികവൈവിധ്യങ്ങളും വിനോദസഞ്ചാരസാധ്യതകളും കൂടുതല്‍ അടുത്തറിയനുള്ള ക്ഷണമാണ് 'Come Closer(അടുത്തു വരൂ)' എന്ന പ്രചാരണം' - ക്യാമ്പയിനെക്കുറിച്ച് ഷുറൂഖ് CEO ഹിസ് എക്‌സലന്‍സി അഹ്മദ് ഒബൈദ് അല്‍ ഖസീര്‍ പറഞ്ഞു. ''ദേശീയപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകള്‍ സംരക്ഷിക്കുന്നതിലും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കുന്നതിലും ഷാര്‍ജ പുലര്‍ത്തുന്ന ജാഗ്രതയുടെ തുടര്‍ച്ചയാണ് മെലീഹ ദേശീയോദ്യാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സുസ്ഥിരകാഴ്ചപ്പാടുകളുടെ പിന്തുടര്‍ച്ചയും ഷുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂറിന്റെ മാര്‍ഗനിര്‍ദേശങ്ങളുമാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ചരിത്രവും സംസ്‌കാരവും പ്രകൃതിയും സാഹസികാനുഭവങ്ങളുമെല്ലാം ഒരുപോലെ സമ്മേളിക്കുന്ന ഒരിടമായിരിക്കും മെലീഹ ദേശീയോദ്യാനം. അത് അടുത്തറിയാന്‍ എല്ലാവരെയും ഈ ക്യാമ്പയിനിലൂടെ ക്ഷണിക്കുകയാണ് ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രം, പ്രകൃതി, വാനനിരീക്ഷണം, സംസ്‌കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലായാണ് മെലീഹയുടെ പുതിയ ക്യാമ്പയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ 200 വര്‍ഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിശേഷങ്ങളിലൂടെയും കാഴ്ചകളിലൂടെയും സഞ്ചരിക്കുന്ന, ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയുള്ള ആര്‍ക്കിയോമോ?ഗ് , ജബല്‍ ബുഹൈസ് ട്രക്കിങ്, ആര്‍ക്കിയോളജിക്കല്‍ ടൂര്‍ എന്നിങ്ങനെ ധാരാളം അനുഭവങ്ങള്‍ മെലീഹയിലുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് 'കം ക്ലോസര്‍ ടു ഹിസ്റ്ററി' എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. സമാനമായി, മികച്ച പരിശീലകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വാനനീരക്ഷണ സെഷനുകള്‍ പ്രചരിപ്പിക്കുന്ന 'കം ക്ലോസര്‍ ടു സ്റ്റാര്‍സ്', അപൂര്‍വയിനം സസ്യങ്ങളെയും മരുഭൂജീവജാലങ്ങളെയും കുറിച്ച് പഠിക്കാനും കാണാനുമുള്ള അവസരങ്ങളെക്കുറിച്ച് പറയുന്ന 'കം ക്ലോസര്‍ ടു നാച്ചുര്‍', തനത് അറബ് ആതിഥേയത്വവും പുരാതന സാംസ്‌കാരികവിനിമയങ്ങളും പരിചയപ്പെടുത്തുന്ന 'കം ക്ലോസര്‍ ടു കള്‍ച്ചര്‍', പാരാ?ഗ്ലൈഡിങും മരുഭൂമിയിലെ 4x4 യാത്രകളും ബ?ഗി യാത്രകളുമെല്ലാം സമ്മേളിക്കുന്ന മെലീഹയിലെ സാഹസികതയിലേക്ക് വിരല്‍ചൂണ്ടുന്ന 'കം ക്ലോസര്‍ ടു അഡ്വഞ്ചര്‍' എന്നിങ്ങനെ മറ്റ് തീമുകളും ക്യാമ്പയിന്റെ ഭാ?ഗമാവുന്നു.

വന്യജീവികളെയും സസ്യജാലങ്ങളെയും പൂര്‍ണമായി സംരക്ഷിക്കാനുള്ള 'കോര്‍ കണ്‍സര്‍വേഷന്‍ സോണ്‍', പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള 'ഇക്കോ ടൂറിസം സോണ്‍', സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ 'ഡ്യൂണ്‍സ് സോണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ നാഷണല്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍, മൂണ്‍ റിട്രീറ്റ്, അല്‍ ഫായ റിട്രീറ്റ്, സ്‌കൈ അഡ്വഞ്ചേഴ്‌സ്, ഗ്ലാംപിങ് ഏരിയ, മെലീഹ ക്യാംപിങ് സൈറ്റ് എന്നിവയക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മെലീഹ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി തുടരും.