റിയാദ്: ഗൾഫ് മേഖലയിൽ വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ ലിയോപ്പാർഡുകളെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ മൊബൈൽ വെറ്ററിനറി ക്ലിനിക്ക് സൗദി അറേബ്യയുടെയും ഒമാന്റെയും സംയുക്ത സഹകരണത്തോടെ ആരംഭിച്ചു. ഒമാനിലെ ദോഫാർ ഗവർണറേറ്റിലാണ് പദ്ധതി നടപ്പാക്കുന്നത്.

ദോഫാറിലെ ദുർഘടമായ പർവത പ്രദേശങ്ങളിൽ കഴിയുന്ന പുലികൾക്ക് ആവശ്യമായ മെഡിക്കൽ സഹായം എത്തിക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, വേഗത്തിലുള്ള സേവനങ്ങൾക്കായി പൂർണ്ണമായി ഏകീകരിച്ച യൂണിറ്റ്, വിദഗ്ദ്ധരായ ഒരു പ്രത്യേക വൈദ്യസംഘം എന്നിവയെല്ലാം ഈ മൊബൈൽ ക്ലിനിക്കിൽ ലഭ്യമാകും.

അറേബ്യൻ ലിയോപ്പാർഡുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഒമാനിൽ ഇതിനോടകം തന്നെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, വേട്ട നിരോധന നിയമങ്ങൾ കർശനമാക്കൽ, നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചേർന്ന് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.