റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ രിജാൽ അൽമഇൽ ശക്തമായ ഇടിമിന്നലിൽ 72 ആടുകൾ ചത്തൊടുങ്ങി. അൽ അഹ്മൽ ഗ്രാമത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെ തണലിനായി മരത്തിനടിയിൽ കൂട്ടമായി നിന്ന ആടുകൾക്ക് ഇടിമിന്നലേറ്റതാണ് ദാരുണമായ മരണങ്ങൾക്ക് കാരണമായത്.

ഗ്രാമാവാസിയായ മുഹമ്മദ് അൽഗമൂർ എന്ന സൗദി പൗരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ചത്ത ആടുകൾ. തന്റെ 72 ആടുകളും ഇടിമിന്നലിൽ ജീവൻ നഷ്ടപ്പെട്ടെന്നും, ഒരു ആട് പോലും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറേറ്റിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ കനത്ത മഴയും തുടർച്ചയായ ഇടിമിന്നലും വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.