- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം മറന്ന് പൈലറ്റുമാർ വീണ്ടും ദൗത്യത്തിലേക്ക്; അബുദാബിയിൽ നിന്ന് 40,000 അടി ഉയരം താണ്ടാൻ 'ഇത്തിഹാദ്' എയർവെയ്സ്; പുതുക്കിയ വിമാന ഷെഡ്യൂൾ പുറത്തിറക്കി

അബുദാബി: അബുദാബിയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഇത്തിഹാദ് എയർവേയ്‌സ് ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 2026 മാർച്ച് 10-ലേക്കുള്ള പുതുക്കിയ വിമാന ഷെഡ്യൂൾ എയർലൈൻ പുറത്തിറക്കി. ബുക്കിംഗ് കൺഫേം ചെയ്ത യാത്രക്കാർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് ഇത്തിഹാദ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും എല്ലാ സർവീസുകളും നടത്തുകയെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ ഇത്തിഹാദ് സർവീസ് നടത്തുക. എല്ലാ വിമാനങ്ങളും പ്രവർത്തനാനുമതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും വ്യോമപാതയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നും എയർലൈൻ മുന്നറിയിപ്പ് നൽകി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകിയാണ് സർവീസുകൾ പുനരാരംഭിക്കുന്നതെന്ന് ഇത്തിഹാദ് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എത്തിഹാദ് വിമാനങ്ങൾ സർവീസ് നടത്തുകയുള്ളൂ.
ഇത്തിഹാദിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവരോ അല്ലെങ്കിൽ സ്ഥിരീകരിച്ച ടിക്കറ്റ് ഉള്ളവരോ അല്ലാതെ മറ്റാരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് എയർലൈൻ പ്രത്യേകം നിർദ്ദേശിക്കുന്നു. പുതിയ ടിക്കറ്റുകൾ etihad.com എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്. വിമാനത്തിന്റെ നിലവിലെ സ്ഥിതിയും, ആവശ്യമെങ്കിൽ ലഭ്യമായ മറ്റ് യാത്രാ ഓപ്ഷനുകളും സംബന്ധിച്ച് യാത്രക്കാരെ ഇത്തിഹാദ് നേരിട്ട് ബന്ധപ്പെടും. ബുക്കിംഗുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനും റീഫണ്ടുകൾക്കുമായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം. നിലവിൽ, കൂടുതൽ ആളുകൾ വിളിക്കുന്നതിനാൽ ഫോൺ ലൈനുകളിൽ കാലതാമസം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും എയർലൈൻ കൂട്ടിച്ചേർത്തു.
യാത്രാ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങൾക്കും സ്ഥിരീകരണങ്ങൾക്കുമായി ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്സൈറ്റ് ശ്രദ്ധിക്കണമെന്ന് എയർലൈൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട് ഘട്ടംഘട്ടമായി സർവീസുകൾ പുനരാരംഭിക്കുന്ന ഈ സാഹചര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കാൻ എയർലൈൻ നിർദ്ദേശിക്കുന്നു.


