ദുബായ്: സംസ്കരിച്ച 'പെപ്പറോണി' ബീഫ് യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോർട്ടുകൾ. പൊതുജനാരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി സംശയമുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം.

ആരോഗ്യത്തിന് ദോഷകരമായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉൽപ്പന്നം പരിശോധിച്ച് വരികയാണ്. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ഉൽപ്പന്നം പിന്‍വലിക്കാന്‍ ഉത്തരവിട്ടിരുന്നു.

ഈ ഉൽപ്പന്നം ഉൽപ്പാദിപ്പിക്കുന്ന കമ്പനിയോട്, ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയായി സംഭവം പരിശോധിച്ച് ഉറപ്പാക്കുന്നത് വരെ ഇവ യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഉൽപന്നം കൈവശമുള്ള ഉപഭോക്താക്കളോട് അവ നശിപ്പിക്കാനും നിർദേശിക്കുകയും ചെയ്തു.