- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഒരു ബ്രിട്ടീഷ് പൗരൻ നേടുന്ന ആദ്യത്തെ ഗ്രാൻഡ്സ്ലാം കിരീടം; യു എസ് ഓപ്പണിൽ അട്ടിമറി വിജയം നേടി ലോകത്തെ ഞെട്ടിച്ച് 18 കാരിയായ എമ്മ; ക്വാർട്ടറിലെ വിജയം മുതൽ ആഘോഷം തുടങ്ങിയ ബ്രിട്ടൻ ആഘോഷ തിമർപ്പിൽ
ന്യൂയോർക്ക്: ഒരു യക്ഷിക്കഥയുടെ അന്ത്യം പോലെ തീർത്തും അവിശ്വസനീയമായി ഈ ബ്രിട്ടീഷ് സുന്ദർ യു എസ് ഓപ്പൺ കിരീടം കൈകളിലുയർത്തിപ്പിടിച്ചപ്പോൾ അത് ഒരു രാജ്യത്തിന്റെ തന്നെ അഭിമാന നിമിഷമായി മാറുകയായിരുന്നു. നീണ്ട 44 വർഷങ്ങൾക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിത യു എസ് ഓപ്പൺ കിരീടത്തിൽ മുത്തമിടുന്നത്. ന്യുയോർക്കിലെ ആർതർ ആഷേ സ്റ്റേഡിയത്തിൽ 24,000 പേരോളം വരുന്ന കാണികളെ സാക്ഷിനിർത്തി കാനഡയുടെ ലെയ്ലാ ഫെർണാണ്ടസിനെ 6-4, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച ഈ 18 കാരി സന്തോഷം അടക്കി നിർത്താനാകാതെ നിലത്തു കിടന്ന് കൈകൾകൊണ്ട് തന്റെ മുഖം അമർത്തിപ്പിടിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ചു.
1977-ൽ വെർജീനിയ വേയ്ഡ് വിംബിൾഡൺ കിരീടമണിഞ്ഞതിനു ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് വനിത ഒരു ഗ്രാൻഡ്സ്ലാം കിരീടം നേടുന്നത്. കെന്റിൽ താമസിക്കുന്ന 18 കാരിയായ എമ്മ റാഡുകാനു ചരിത്രം തിരുത്തിക്കുറിച്ചപ്പോൾ സ്വന്തം തലവരകൂടി മാറ്റിയെഴുതുകയായിരുന്നു. തന്റെ ജീവിതത്തിൽ ഇന്നുവരെ നേടിയ മത്സരത്തുകളേക്കാളൊക്കെ കൂടുതൽ, 1.8 മില്ല്യൺ പൗണ്ടിന്റെ ചെക്ക് ഏറ്റുവാങ്ങിയ എമ്മ ലോക റാങ്കിംഗിൽ 150-അം സ്ഥാനത്തുനിന്ന് 23 -ആം സ്ഥാനത്തെത്തുകയും ചെയ്തു.
ഇപ്പോഴും ഇത് ഒരു ഞെട്ടിക്കുന്ന വിജയമാണ് എന്നാണ് മത്സരത്തിനുശേഷം എമ്മ മാധ്യമങ്ങളോട് പറഞ്ഞത്. തീർത്തും അവിശ്വസനീയമായ വിജയം കൂടിയാണ് എമ്മ തുടർന്നു. ഇന്നലെയും ഇന്ന് രാവിലേയും കൈവിരലുകൾക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു. പക്ഷെ കോർട്ടിൽ ഇറങ്ങിയപ്പോൾ എല്ലാം പതിവുപോലെ നടന്നു, അവർ തുടർന്നു പറഞ്ഞു. തീർത്തും അവിശ്വസനീയമായ പോരാട്ടമായിരുന്നു നടന്നതെന്ന് പറഞ്ഞ എമ്മ, താൻ ആദ്യ സെറ്റ് കരസ്ഥമാക്കുവാനായി കഠിന പ്രയത്നം ചെയ്യേണ്ടതായി വന്നു എന്നും കൂട്ടിച്ചേർത്തു.
ബ്രിട്ടന്റെ യശസ്സുയർത്താൻ അമേരിക്കൻ മണ്ണിൽ എമ്മ പോരാടുമ്പോൾ അറ്റ്ലാന്റിക്കിനിക്കരെ ബ്രിട്ടനിൽ ലക്ഷക്കണക്കിന് ആളുകൾ ടെലിവിഷൻ ചാനലുകൾക്ക് മുന്നിലായിരുന്നു. എലിസബത്ത് രാജ്ഞിയും എമ്മയുടെ കളികാണുവാൻ ടെലിവിഷനു മുന്നിൽ ഉണ്ടായിരുന്നു. തീർത്തും അവിസ്മരണീയമായ നേട്ടം, അതും ഇത്ര ചെറുപ്രായത്തിൽ, ഇത് നിന്റെ ആത്മാർപ്പണത്തിനും കഠിനാദ്ധ്വാനത്തിനും ലഭിച്ച പ്രതിഫലം. മത്സരശേഷം രാജ്ഞി കുറിച്ചു.
എമ്മയുടെ തിളക്കമാർന്ന ജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ട്വീറ്ററിൽ കുറിച്ചു, അവിശ്വസനീയമായ ജയം, നിന്നെയോർത്ത് അഭിമാനിക്കുന്നു. അനിതരസാധാരണമായ നൈപുണ്യവും, ധൈര്യവും കൈമുതലായ പെൺകുട്ടി എന്നായിരുന്നു ബോറിസ് ജോൺസൺ എമ്മയെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് സമൂഹത്തിൽ വിവിധതുറകളിൽ പ്രമുഖരായ വ്യക്തികൾ എല്ലാവരും തന്നെ എമ്മയുടെ നേട്ടത്തിൽ സന്തോഷം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്, ഒപ്പം ലക്ഷക്കണക്കിന് സാധാരണക്കാരായ ബ്രിട്ടീഷുകാരും.
ആദ്യത്തെ സെറ്റ് തീർത്തും ഒരു ജീവന്മരണ പോരാട്ടം തന്നെയായിരുന്നു എമ്മയ്ക്ക്. ഇരുവരും മാറിമാറി ആധിപത്യം പുലർത്തിയ ആദ്യസെറ്റ് ഏറെ ക്ലേശിച്ചാണ് എമ്മ കൈക്കലാക്കിയത്. എന്നാൽ, രണ്ടാം സെറ്റിൽ ഫെർണാണ്ടസിനു മേൽ വ്യക്തമായ ആധിപത്യം പുലർത്താൻ എമ്മയ്ക്കായി. രണ്ടാമത്തെ സെറ്റിൽ സ്കോർ 3-40 ൽ നിൽക്കുമ്പോൾ കാൽമുട്ടിലെ പ്രശ്നം കാരണം എമ്മ കളി വൈകിപ്പിച്ചത് ചെറിയ വിവാദത്തിനു തിരികൊളുത്തി. താൻ മുന്നിട്ടു നിൽക്കുമ്പോൾ എമ്മ കളി വൈകിപ്പിക്കുന്നു എന്നായിരുന്നു ഫെർണാണ്ടസ് അമ്പയറോട് പരാതിപ്പെട്ടത്. എന്നാൽ, തീർത്തും അക്ഷോഭ്യയായി മുട്ടിൽ ഒരു പാച്ചുമായി കോർട്ടിൽ തിരിച്ചെത്തിയ എമ്മ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകയായിരുന്നു.
ബ്രീട്ടീഷ് കായികരംഗത്തെ തന്നെ വലിയൊരു നേട്ടം എന്നാണ് ബ്രിട്ടീഷ് ബില്ലീ ജീൻ കിങ് കപ്പ് ക്യാപ്റ്റൻ ആന്നെ കിയോതവോങ്ങ് എമ്മയുടെ വിജയത്തെ വർണ്ണിച്ചത്. തീർത്തും അവിശ്വസനീയമായ പ്രകടനമായിരുന്നു എമ്മ കാഴ്ച്ചവച്ചതെന്നും അവർ പറഞ്ഞു. കടുത്ത മത്സരമായിരുന്നു. രണ്ട് യുവതികളും നന്നായി കളിച്ചു. അവർ തുടർന്നു. ഇത് എമ്മയുടെ കഴിവുകൾക്കുള്ള ഒരു സാക്ഷ്യപത്രമാണെന്നായിരുന്നു എമ്മയെ 6 വയസ്സുമുതൽ 10 വയസ്സുവരെ എമ്മയെ പരിശീലിപ്പിച്ച ഹാരി ബുഷ്ണെൽ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്