ഷിക്കാഗോ: പതിവ് സംഘടനാ ചട്ടക്കൂടിൽനിന്ന് വ്യത്യസ്തമായി രൂപീകരിക്കപ്പെട്ട ലോക മലയാളി കൂട്ടായ്മയായ 'എംപാഷ ഗ്ലോബലി'ന്റെ ഏഴംഗ ഭരണ നേതൃത്വവും അഞ്ചംഗ അഡ്വൈസറി ബോർഡും ഉൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് നിലവിൽ വന്നു. അമേരിക്കയിലെ മലയാളി സംഘടനാരംഗത്ത് പ്രവർത്തിച്ച് സമൂഹത്തിന്റെ അംഗീകാരത്തിന് പാത്രമായവരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും നേതൃത്വം നൽകുന്ന എംപാഷ ഗ്ലോബൽ ഏതെങ്കിലും സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നതോ നിശ്ചിത സമയത്ത് ഭാരവാഹികൾ മാറിമാറി വരുന്നതോ ആയ പ്രസ്ഥാനമല്ല. എംപാഷ ഗ്ലോബലിന്റെ ജനകീയ ലക്ഷ്യങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ പിന്തുടർച്ച ലഭിക്കുന്നതിനായി ഇതൊരു സ്ഥിരം സംവിധാനമായി പ്രവർത്തിക്കും.

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള, ഡോ. സാറാ ഈശോ, ഫൊക്കാന മുൻ പ്രസിഡന്റുമാരായ മന്മഥൻ നായർ, മറിയാമ്മ പിള്ള, ഫോമാ മുൻ പ്രസിഡന്റുമാരായ ജോൺ ടൈറ്റസ്, ബെന്നി വാച്ചാച്ചിറ ഉൾപ്പെടെയുള്ളവരാണ് കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാൻ രൂപീകൃതമായ എംപാഷ ഗ്ലോബൽ എന്ന ബൃഹത് സംഘടനയ്ക്ക് ക്രിയാത്മക നേതൃത്വം നൽകുന്നത്. എന്നാൽ മലയാളി സമൂഹത്തിലെ വിവിധ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എംപാഷ ഗ്ലോബലുമായി കൈകോർത്ത് പ്രവർത്തിക്കാമെന്നത് ഈ ആജീവനാന്ത കൂട്ടായ്മയുടെ ജനകീയ സമീപനത്തിന്റെ തെളിവാണ്.

ബെന്നി വാച്ചാച്ചിറ-ഷിക്കാഗോ (പ്രസിഡന്റ്), വിനോദ് കോണ്ടൂർ-ഡിട്രോയിറ്റ് (ജനറൽ സെക്രട്ടറി), ജോൺ പാട്ടപതി-ഷിക്കാഗോ (ട്രഷറർ), ബിജു ജോസഫ്-നാഷ്വിൽ (വൈസ് പ്രസിഡന്റ്), ബിജി സി മാണി-ഷിക്കാഗോ (ജോയിന്റ് സെക്രട്ടറി), ജിതേഷ് ചുങ്കത്ത്-(ജോയിന്റ് ട്രഷറർ), ബബ്ലു ചാക്കോ-(പി.ആർ.ഒ) എന്നിവരടങ്ങുന്നതാണ് ഭരണ സമിതി. ഡോ. എം.വി പിള്ള (ഡാളസ്), ഡോ. സാറാ ഈശോ (ന്യൂയോർക്ക്), മന്മഥൻ നായർ (ഡാളസ്), ജോൺ ടൈറ്റസ് (സിയാറ്റിൽ), അരുൺ നെല്ലാമറ്റം (ഷിക്കാഗോ) എന്നിവരാണ് അഡ്വൈസറി ബോർഡിലുള്ളത്.

കൂടാതെ ഡോ. സാറാ ഈശോ, സ്മിത വെട്ടുപാറപ്പുറം (ഡി.പി.എൻ), ഡോ. ബോബി വർഗീസ്, ഡോ. അജിമോൾ പുത്തൻപുര, എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ പ്രോഫഷണൽ കമ്മിറ്റിയും ചേർന്നാണ് എംപാഷ ഗ്ലോബലിന്റെ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതെന്ന് ബെന്നി വാച്ചാച്ചിറ അറിയിച്ചു. ലോക മലയാളി വീടുകളിലെ ഭാര്യാ-ഭർതൃ ബന്ധത്തിലെ അസ്വാരസ്യങ്ങളും തന്മൂലം കുട്ടികൾക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും പരിഹരിച്ച് സന്തോഷവും സമാധാനവും നിറഞ്ഞ, ആരോഗ്യകരമായ കുടുംബാന്തരീക്ഷം സംജാതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടുകൂടിയാണ് എംപാഷ ഗ്ലോബൽ തൂപീകരിക്കപ്പെട്ടിരിക്കുന്നത്.

1875ൽ 13 ലക്ഷം മലയാളികൾ ഉണ്ടായിരുന്ന കേരളത്തിൽ, ഇന്ന് മൂന്നര കോടി ജനങ്ങൾ ഉണ്ട്. പ്രവാസികളേയും കൂടി ഉൾപ്പെടുത്തിയാൽ, നാല് അഞ്ച് കോടി വരെയെത്താം. കൂട്ടു കുടുംബ വ്യവസ്ഥയിൽ നിന്ന്, അണു കുടുംബ വ്യവസ്ഥയിലേക്കുള്ള മാറ്റം ആകാം ഒരു പക്ഷെ കൂടുതൽ ഗാർഹിക പീഡന കഥകൾ നമ്മൾ ഇപ്പോൾ കേൾക്കുന്നതിന് ഒരു കാരണം. ഇന്നിന്റെ സാംസ്കാരിക വിത്യാസങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ തീർപ്പാക്കാൻ ഒട്ടനവധി വഴികൾ തുറന്നിട്ടിട്ടുണ്ട്.പക്ഷെ തങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് സമ്മതിക്കാൻ മലയാളികളുടെ അഭിമാനം സമ്മതിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

എംപതി (empathy) എന്ന വാക്കിൽ നിന്നു ഉത്ഭവിച്ച എംപാഷ ഗ്ലോബൽ, മലയാളികളായ ഒരു പറ്റം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയാണ്. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാടാണ് സംഘടനയുടെ ബ്രാൻഡ് അംബാസിഡർ. അമേരിക്കൻ മലയാളി സാംസ്കാരിക സംഘടനകളുടെ ഫെഡറേഷനുകളായ ഫൊക്കാന ഫോമാ തുടങ്ങിയ സംഘടനകളുടെ മുൻ പ്രസിഡന്റ്മാരും, ആഗോള മലയാളി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നേഴ്സുമാർ, സൈക്കോ തെറാപ്പിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, അറ്റോർണിമാർ, പൊലീസ് ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർമാർ മോട്ടിവേഷണൽ സ്പീക്കർമാർ, നിയമവിദഗ്ദ്ധർ, കൗൺസിലിങ്ങ് വിദഗ്ദ്ധർ തുടങ്ങി സമസ്ത മേഖലകളിലേയും പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഒരു പ്ലാറ്റ്ഫോമിൽ അണിനിരത്തിക്കൊണ്ട് എംപാഷ ഗ്ലോബൽ പ്രവർത്തനത്തിക്കുന്നത്. വരുന്ന എട്ടു മാസങ്ങളിലേക്ക് വിവിധ പ്രൊഫഷണൽസ് നയിക്കുന്ന വെബിനാറുകളും, സൂം മീറ്റിങ്ങുളും ഉൾപ്പെടെയുള്ള പദ്ധതികൾ ഡോ. സാറാ ഇശോയുടെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ചു വരികയാണ്.

കൂടുതൽ വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ): 847 322 1973, വിനോദ് കോണ്ടൂർ (ഡിട്രോയിറ്റ്): 313 208 4952