ലോകത്തിൽ ഏറ്റവും സഹാനുഭൂതിയുള്ള രാജ്യങ്ങളിൽ സൗദി അറേബ്യയും ഇക്വഡോരും മുന്നിലാണെന്ന് ഏറ്റവും പുതിയ എമ്പതി ടേബിൾ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ യുകെയും കുവൈത്തും കൊറിയയും ആദ്യത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ പെറുവിന് മൂന്നാം സ്ഥാനവും ഡെന്മാർക്കിന് നാലും യുഎഇയയ്ക്ക് അഞ്ചും കൊറിയയ്ക്ക് ആറും സ്ഥാനങ്ങളാണുള്ളത്. യുഎസും തായ് വാനും കോസ്റ്ററിക്കയും കുവൈത്തുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം നിലകൊള്ളുന്നത്. എന്നാൽ ഏറ്റവും മര്യാദയില്ലാത്ത രാജ്യങ്ങൾ കിഴക്കൻ യൂറോപ്യന്മാരാണെന്നും ലോക എമ്പതി ടേബിൾ വെളിപ്പെടുത്തുന്നു.

സഹാനുഭൂതിയുടെ റാങ്കിങ് നിർവഹിക്കുന്നതിനായി ഗവേഷകർ 63 രാജ്യങ്ങളിലെ 104,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്.ഇതിലൂടെ ഇവർക്ക് മറ്റുള്ളവരോടുള്ള സഹാനുഭൂതിയും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ചിന്തിക്കാനുള്ള പ്രവണതയും അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു ഗവേഷകർ ചെയ്തിരുന്നത്. ഈ പട്ടികയിൽ മുൻപന്തിയിലെത്തിയ ചില രാജ്യങ്ങൾ യുദ്ധങ്ങൾക്കും കലാപങ്ങൾക്കും മുൻപന്തിയിലാണെന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.മിച്ചിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ, ഇന്ത്യാന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണീ പഠനം ഓൺലൈനിലൂടെ നടത്തിയിരിക്കുന്നത്.

ഇത്തരത്തിൽ നടത്തിയ ആദ്യത്തെ പഠനമാണിതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. നിരവധി ചെറിയ ആഫ്രിക്കൻ രാജ്യങ്ങളടക്കമുള്ള നിരവധി ചെറിയ രാജ്യങ്ങളെ സർവേയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഏറ്റവും സഹതാപം കുറഞ്ഞ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത് ലിത്വാനിയയൊണ്. ഏറ്റവും സഹതാപം കുറഞ്ഞ അവസാനത്തെ 10 രാജ്യങ്ങളിൽ ഏഴെണ്ണവും ഈസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളാണ്.മിഡിൽ ഈസ്റ്റിൽ യുദ്ധവും വംശീയഹത്യകളും ഏറെയാണെങ്കിലു ഇവിടുത്തുകാർ സഹാനുഭൂതിയിൽ മുൻപന്തിയിലായിരുന്നുവെന്നത് അത്ഭുതകരമായിരുന്നുവെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ലിസ്റ്റിൽ സഹാനുഭൂതിയുടെ കാര്യത്തിൽ യുഎസിന് ഏഴാം സ്ഥാനമാണെങ്കിലും ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിൽ യുഎസുകാരുട സഹാനുഭൂതി കുറഞ്ഞ് വരുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ വ്യാപകമായതോടെ ഇവിടെ കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും കുറഞ്ഞ് വന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അടുത്ത ബന്ധങ്ങളും സഹാനുഭൂതിയും ചിലയിടങ്ങളിൽ കുറഞ്ഞു വരുന്ന അപകടകരമായ പ്രവണതയുമുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പേകുന്നു.