ഷിക്കാഗോ: മലയാളി കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ശാക്തീകരണവും ലക്ഷ്യമിട്ട് ആഗോള തലത്തിൽ രൂപീകരിക്കപ്പെട്ട സംഘടനയായ 'എംപാഷ ഗ്ലോബലി'ന്റെ ഔദ്യോഗിക ഉദ്ഘാടനം കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിക്കും. എംപാഷ ഗ്ലോബൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയിൽ ഡിസംബർ 19-ാം തീയതി ന്യൂയോർക്ക് ടൈം രാവിലെ 11 മണിക്ക് (ഈസ്റ്റേൺ ടൈം 9 മണി) ചേരുന്ന സൂം മീറ്റിംഗിലാണ് ഉദ്ഘാടനം നടത്തപ്പെടുക. കേരളത്തിലെ കാര്യക്ഷമമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ച വ്യക്തിത്വമെന്നനിലയിൽ ശൈലജ ടീച്ചറുടെ സാന്നിധ്യം ഈ ചടങ്ങിന് ഒരനുഗ്രഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം.വി പിള്ള, ഫോമായുടെ മുൻ പ്രസിഡന്റ് ജോൺ ടൈറ്റസ്, ഫൊക്കാന മുൻ പ്രസിഡന്റ് മന്മഥൻ നായർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും. തുടർന്ന് പ്രൊഫഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എംപാഷ ഗ്ലോബലിന്റെ ബ്രാൻഡ് അംബസിഡറും പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്, പ്രമുഖ സാഹിത്യകാരിയും വാഗ്മിയും സാമൂഹിക പ്രവർത്തകയുമായ തനുജ ഭട്ടതിരി തുടങ്ങിയവർ മലയാളി കുടുംബങ്ങളിൽ സംജാതമാകുന്ന ഡൊമസ്റ്റിക് വയലൻസ്, അവയർനെസ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രബന്ധം അവതരിപ്പിക്കും. ഡോക്ടർമാരുടെയും മറ്റും നേതൃത്വത്തിലുള്ള പാനൽ ചർച്ചയാണ് അടുത്ത സെഷൻ. ചടങ്ങുകൾ എല്ലാ മീഡിയ പ്ലാറ്റ്ഫോമിലും ടെലികാസ്റ്റ് ചെയ്യുന്നതാണ്.

എംപാഷ ഗ്ലോബലിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഇക്കഴിഞ്ഞ നവംബർ 28-ാം തീയതി പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. പ്രസ്തുത സൂം മീറ്റിംഗിൽ ജോൺ ടൈറ്റസ്, ഡോ.എം.വി പിള്ള, ഡോ. സാറാ ഈശോ തുടങ്ങിയവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയും മഹത്തായ ലക്ഷ്യത്തോടെ ശുഭാരംഭം കുറിക്കുന്ന എംപാഷ ഗ്ലോബലിന് അടിത്തറയിട്ടവരെ അഭിനന്ദിക്കുകയും ചെയ്തു.

എംപാഷ ഗ്ലോബലിന്റെ പ്രൊഫഷണൽ കമ്മറ്റി കോ ഓർഡിനേറ്റർമാരായ ഡോ. സാറാ ഈശോ, ഡോ. ബോബി വർഗീസ്, ഡോ. അജിമോൾ പുത്തൻപുര, സ്മിത വെട്ടുപാറപ്പുറം എന്നിവരുടെ നേതൃത്വത്തിലുള്ള 52 അംഗ പ്രൊഫഷണൽ കമ്മറ്റിയാണ് എല്ലാ മാസത്തിലെയും പരിപാടികൾക്ക് രൂപം നൽകുന്നത്. എംപാഷ ഗ്ലോബലിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഏഴ് അംഗ ഡയറക്ടർ ബോർഡും എട്ട് അംഗ അഡൈ്വസറി ബോർഡുമാണ്. ലോകമെമ്പാടുമുള്ള 250ൽ പരം വിശിഷ്ട വ്യക്തിത്വങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് എംപാഷ ഗ്ലോബൽ കമ്മറ്റിയും പ്രവർത്തന സജ്ജമായിട്ടുണ്ട്. ആഗോള മലയാളികളുടെ സജീവ സാന്നിദ്ധ്യം ആഗ്രഹിച്ചുകൊണ്ടാണ് പതിവ് സംഘടനാ ചട്ടക്കൂടിൽനിന്ന് വ്യത്യസ്തമായി എംപാഷ ഗ്ലോബൽ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

ഗാർഹിക പീഡനം നേരിടുന്ന മലയാളികളുടെ ഒപ്പം നടക്കാൻ എംപാഷ ഗ്ലോബൽ ഒത്തുകൂടുന്നു. എംപാഷ എന്നാൽ എമ്പതി എന്നാണർത്ഥം. സമൂഹത്തിലെ വിവിധ പ്രൊഫഷണലുകൾ ഉൾക്കൊള്ളുന്നതാണ് ഈ കൂട്ടായാമ. മലയാളി കുടുംബങ്ങൾക്കിടയിലെ ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കുക എന്നതാണ് എംപാഷ ഗ്ലോബലിന്റെ വിഷൻ. ശരിയായ പിന്തുണയോടെ ഗാർഹിക പീഡനം തടയാൻ കഴിയുമെന്ന് എംപാഷ ഗ്ലോബൽ വിശ്വസിക്കുന്നു. സേവക നേതൃത്വത്തോടും തീവ്രമായ അഭിനിവേശത്തോടും കൂടി നിങ്ങളെ സേവിക്കുന്നതിനുള്ള ഒരു കൂട്ടായ ദർശനം എംപാഷ ഗ്ലോബലിനുണ്ട്. സ്വീകാര്യത, ബഹുമാനം, വിശ്വാസം എന്ന തത്വത്തിലാണ് എംപാഷ ഗ്ലോബൽ നയിക്കപ്പെടുന്നത്. ലോക മലയാളി സമൂഹത്തിലെ വിവിധ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എംപാഷ ഗ്ലോബലുമായി കൈകോർത്ത് പ്രവർത്തിക്കാനാവും.

എംപാഷ ഗ്ലോബലിന്റെ വെബ്സൈറ്റ്:

കൂടുതൽ വിവരങ്ങൾക്ക്:

ബെന്നി വാച്ചാച്ചിറ (ഷിക്കാഗോ): 847 322 1973
വിനോദ് കോണ്ടൂർ (ഡിട്രോയിറ്റ്): 313 208 4952