കണ്ണൂർ: ഇൻഷൂറൻസ് കമ്പനിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പൊലീസ് പിടിയിൽ. കാൾടെക്സിനടുത്ത യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി ബ്രാഞ്ചിലെ ജീവനക്കാരി എളയാവൂർ സൗത്തിലെ ഒട്ടുംചാലിൽ ഷീബ ബാബുവിനെ(37)യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയിലെ സീനിയർ മാനേജർ സജീവിന്റെ പരാതിപ്രകാരമാണ് ഷീബ ബാബു വലയിലായത്.

ഇരിട്ടി വള്ളിത്തോട് സ്വദേശിയായ ഷെഫീഖ് വാങ്ങിയ കെ എൽ 13 ഇ സെഡ് 0735 എന്ന നമ്പർ കാറിന്റെ ഇൻഷൂറൻസ് അടയ്ക്കാൻ വേണ്ടി ഇരിട്ടിയിലെ യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുടെ ബ്രാഞ്ചിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
2017-18 കാലയളവിൽ ഇൻഷൂറൻസ് തുക അടച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞപ്പോൾ ഈ തുക താൻ കണ്ണൂർ ബ്രാഞ്ചിൽ യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരിയായ ഷീബയുടെ പക്കൽ 15260 രൂപ അടച്ചതായി ജീവനക്കാരോട് ഷെഫീഖ് പറഞ്ഞു. തുടർന്ന് ഇൻഷൂറൻസ് പേപ്പർ കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പത്ത് വർഷത്തിലധികമായി യുനൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുടെ കാൾടെക്സ് ബ്രാഞ്ചിൽ പോർട്ടർ ഓഫീസറായി ജോലി ചെയ്തുവരികയാണ് ഷീബ. മൂന്ന് വർഷമായി ഉപഭോക്താക്കളുടെ തുക അടയ്ക്കാതെ തട്ടിപ്പ് നടത്തിവരികയായിരുന്നു.

വാഹന ഉടമകളിൽ നിന്ന് പണം വാങ്ങിയ ശേഷം ഇൻഷൂറൻസ് കമ്പനിയുടെ സൈറ്റിൽ പോയി കമ്പനി അക്കൗണ്ട് ഓപ്പൺ ചെയ്യും. ഉപഭോക്താക്കളുടെ പേരും മറ്റ് വിവരങ്ങളുമെല്ലാം ഇന്റർനെറ്റിൽ നിന്ന് എടുത്ത ശേഷം സബ്മിറ്റ് ചെയ്യാതെ സേവ് ചെയ്യും. എന്നിട്ട് അതിന്റെ ഫോട്ടോ കോപ്പിയെടുത്തിട്ട് അതിൽ കോർട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഇൻഷൂറൻസ് പേപ്പർ നൽകും. ഷിയ ബസ് ഉടമ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷിയാബ് ഇബ്രാഹിമിന്റെ ബി എം ഡബ്ല്യു കാറിന്റെ ഇൻഷൂറൻസ് അടയ്ക്കാനുള്ള 46000 രൂപയും ഷീബ തട്ടിയെടുത്തിട്ടുണ്ട്. ഷീബ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ടൗൺ എസ് എച്ച് ഒ ടി കെ രത്നകുമാറും എസ് ഐ ശ്രീജിത്തുകൊടേരിയും പറഞ്ഞു.