ജിദ്ദ: പ്രവാസിതൊഴിലാളികളോടുള്ള തൊഴിലുടമകളുടെ ക്രൂരതകൾ കുറയ്ക്കുവാൻ തൊഴിൽ മന്ത്രാലയം ഇടപെടുന്നു. പ്രവാസി തൊഴിലാളികളെ ഒളിച്ചോട്ടക്കാരെന്ന് (ഹുറൂബ്) മുദ്രകുത്തി പരാതി നൽകുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രാലയം. ഇത്തരത്തിൽ വ്യാജ പരാതി നൽകുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.

വ്യാജമായി തൊഴിലാളികളെ ഹൂറുബാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള സേവനം അഞ്ച് വർഷം വരെ നിർത്തലാക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അന്യായമായി സ്‌പോൺസർമാർ തൊഴിലാളികളെ ഹുറൂബാക്കുന്ന പ്രവണതക്ക് തടയിടാനാണ് തൊഴിൽ മന്ത്രാലയം പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. തീരുമാനം നിരവധി തൊഴിലാളികൾക്ക് ആശ്വാസമാകും.

അന്യായമായും തന്ത്രത്തിലൂടെയും തൊഴിലാളികളെ ഹൂറുബാക്കികൊണ്ടുള്ള പരാതികൾ കൂടിവന്നത് തൊഴിൽകാര്യ ഓഫീസ് അധികൃതർക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ഹുറൂബാക്കിയത് അന്യായമായും തന്ത്രം പ്രയോഗിച്ചുമാണെന്ന് തെളിഞ്ഞാൽ അത്തരം സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും.

പ്രവാസികളായ തൊഴിലാളികൾക്കെതിരെ വ്യാജ ഹൂറൂബ് പരാതി നൽകുകയും പരാതി പിൻവലിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നത് സൗദിയിൽ സാധാരണമാണ്. നിരവധി പ്രവാസികൾ ഇത്തരത്തിൽ നിയമ കുരുക്കുകളിൽ പെടാറുണ്ട്.

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സ്‌പോൺസർ ഷിപ് മാറ്റുന്നതിനായി രണ്ടോ മൂന്നോ മാസം സമയം നൽകാറുണ്ട്. എന്നാൽ ഈ സമയത്തിനുള്ളിൽ സ്‌പോൺസർ ഷിപ് മാറ്റാൻ സാധിക്കാത്ത തൊഴിലാളികൾക്കെതിരെ നിലവിലുള്ള സ്‌പോൺസർമാർ പരാതി നൽകുകയാണ് ചെയ്യാറ്. രണ്ട് മൂന്ന് മാസത്തിനിടയിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ ജോലി കണ്ടെത്തുകയെന്നത് പ്രയാസകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഹുറൂബ് റിപ്പോർട്ടുകളുടെ എണ്ണവും വർധിക്കുന്നു.

സ്‌പോൺസർമാർ വ്യാജ ഹൂറൂബ് റിപ്പോർട്ടാണ് നൽകിയതെന്ന് വ്യക്തമായാൽ പ്രവാസികൾക്ക് അവരുടെ സ്‌പോൺസർഷിപ് മറ്റൊരാളിലേക്ക് മാറ്റാൻ സാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

തെറ്റായ ഹൂറൂബ് റിപ്പോർട്ട് നൽകിയാൽ ആദ്യതവണ ഒരു വർഷം വിലക്കും രണ്ടാം തവണ മൂന്ന് വർഷം വിലക്കും തുടർന്നും ഇത് ആവർത്തിച്ചാൽ അഞ്ച് വർഷം വരെയും തൊഴിലുടമകൾക്ക് വിലക്ക് ലഭിക്കും. വ്യാജ ഹുറൂബ് റിപ്പോർട്ടുകൾ പിൻവലിക്കാൻ പ്രവാസികൾക്ക് നേരത്തെയും അവസരം നൽകാറുണ്ട്. എന്നാൽ സ്‌പോൺസർമാർ നൽകിയ റിപ്പോർട്ട് വ്യാജമാണെന്ന് മന്ത്രാലയത്തെ ബോധ്യപ്പെടുത്താൻ തൊഴിലാളികൾ പ്രയാസപ്പെടാറാണ് പതിവ്.