ചെന്നൈ: സമൂഹമാധ്യമങ്ങളിൽ ദിവസങ്ങളായി ട്രെൻഡിങ്ങിലെത്തിയ ഒരു വാക്കാണ് 'ലാലേട്ടനെ കാണണം' എന്നത്. തീയേറ്ററിൽവെച്ച് കുഞ്ചാക്കോ ബോബനോടും ടോവിനോ തോമസിനോടും ധൃതിയിയിൽ സംസാരിച്ചു കടന്നു പോകുന്നതിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്ക് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ലാലേട്ടനെ പൃഥ്വി രാജ് കണ്ടിരിക്കുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രമായ എമ്പുരാൻ ചിത്രത്തിന്റെ പ്രഖ്യാപനവും വന്നു ആ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസഫിറിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' തുടങ്ങുന്നുവെന്ന പ്രഖ്യാപനം ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

മോഹൻലാൽ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളിഗോപി, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ചേർന്നായിരുന്നു പ്രഖ്യാപനം. തിരക്കഥ പൂർത്തിയായെന്നും പരമാവധി വേഗത്തിൽ മറ്റു ജോലികൾ പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ലൂസിഫറിനേക്കാൾ വലിയ കാൻവാസിലാണ് 'എമ്പുരാൻ' ഒരുക്കുന്നത്.

സംവിധായകൻ പൃഥ്വിരാജാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്. ഇത് ഒരു ഇൻഫോമൽ കൂടിക്കാഴ്ചയാണ്. 'എമ്പുരാനെ' സംബന്ധിച്ചിടത്തോളം ഇതുപോലെ ഒരുപാട് ഇൻഫോമൽ കൂടിക്കാഴ്ചകൾ ഉണ്ടായിട്ടുണ്ട്. 20018ൽ 'ഒടിയന്റെ' സെറ്റിൽ വെച്ച് 'ലൂസിഫറി'ന്റെ ഒരു ഔദ്യോഗിക മീറ്റിങ് നടന്നിരുന്നു. ഇന്ന് മുതലാണ് 'ലൂസിഫർ' ഔദ്യോഗികമായി തുടങ്ങുന്നത് എന്ന് പറഞ്ഞ്. അത്തരത്തിൽ 'എമ്പുരാന്റെ' ആദ്യത്തെ മീറ്റിങ് ആണ് ഇത്. എഴുത്ത് കഴിഞ്ഞു. ഷൂട്ടിംഗിന്റെ കാര്യങ്ങളിലേക്ക് നടക്കുന്നു.

ആ പ്രൊസസിന്റെ ആദ്യത്തെ കൂടിക്കാഴ്ചയാണ്. നിങ്ങളുമായി ഇത് പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചു. അവകാശവാദങ്ങളൊന്നുമില്ല. ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്. മറ്റ് ലെയറുകളെല്ലാം സിനിമ കാണുമ്പോൾ ആസ്വദിക്കാനായാൽ സന്തോഷം. 'ലൂസിഫർ' എന്ന സിനിമയ്ക്ക് നിങ്ങൾ നൽകിയ വലിയ വിജയം കാരണം ഇത്തവണ കുറച്ചുകൂടി വലിയ രീതിയിലാണ് ഞങ്ങൾ കാണുന്നത്. എപ്പോൾ തിയറ്ററിൽ എത്തും എന്നൊന്നും ഇപ്പോൾ പറയാൻ പറ്റുന്ന ഒരു സിനിമയല്ല. വരും ദിവസങ്ങളിൽ സിനിമയുടെ വിശേഷങ്ങൾ അറിയിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.



'എമ്പുരാനെ' കുറിച്ചുള്ള പ്രതീക്ഷകൾ മോഹൻലാലും പങ്കുവെച്ചു. 'ലൂസിഫർ' ഒരു അദ്ഭുത വിജയമായി മാറി. അതിന് ഒരുപാട് പരിശ്രമങ്ങളുണ്ട്. പ്രേക്ഷകർ സ്വീകരിച്ച ഒരു രീതിയുണ്ട്. അപ്പോൾ അടുത്ത സിനിമ എന്ന് പറയുമ്പോൾ ഒരു കമിറ്റ്‌മെന്റുണ്ട്. അപ്പോൾ 'ലൂസിഫർ' എന്ന സിനിമയെ വെച്ച് ചിന്തിക്കുമ്പോൾ 'എമ്പുരാൻ' അതിന്റെ മുകളിൽ നിൽക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ തുടങ്ങുകയാണ്. തീർച്ചയായും അങ്ങനെ തന്നെ സംഭവിക്കാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. 'എമ്പുരാൻ' കഴിഞ്ഞാൽ അടുത്ത സിനിമ എന്താണ് എന്നാണ് നിങ്ങൾ ചോദിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും മങ്ങലേൽപ്പിക്കാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് എന്നും മോഹൻലാലും പറഞ്ഞു.

'ഇതൊരു തുടക്കമാണ്. അതിന്റെ തിരക്കഥ പൂർത്തിയാക്കി. പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുന്നു. ഒരുപാട് പേർ എന്നോട് ചോദിക്കുന്നു, ഇത് പ്രീക്വൽ ആണോ സീക്വൽ ആണോ എന്ന്. ഇതൊരു സെക്കന്റ് ഇൻസ്റ്റാൾമെന്റാണ്. ഒരു മൂന്ന് ഫിലിം സീരീസിന്റെ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ്', മുരളി ഗോപി പറഞ്ഞു.

'ഈ ദിവസം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ലൂസിഫർ ഞാൻ മോഹൻലാൽ സാറിനൊപ്പം ചേർന്നതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമായിരുന്നു. ഇനിയും ഈ കൂട്ടുക്കെട്ടിൽ നിന്ന് നല്ല സിനിമകൾ ഉണ്ടാകട്ടെ. ഭാഷകൾക്കപ്പുറം ഈ സിനിമ വളരട്ടെ', ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ലൂസിഫറിൽ കണ്ട കഥയുടെ കേവല തുടർച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്ന് പൃഥ്വിരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനകം കണ്ടതും അറിഞ്ഞതുമായ കഥയുടെ മുൻപു നടന്ന കഥയും അതിന്റെ തുടർക്കഥയും ചേർത്തുവച്ചാകും രണ്ടാം ഭാഗം ഒരുക്കുക.

ആദ്യ ചിത്രത്തിന് ലഭിച്ച മിന്നും വിജയം തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ചുവടുവെപ്പിന് കരുത്തുനൽകുന്നത്. മലയാളസിനിമയുടെ ബിസിനസ്സിൽ പുതിയ ചരിത്രം തീർത്ത ലൂസിഫർ ലോകവിപണിയിലേക്ക് മലയാളത്തെ കൈപിടിച്ചുയർത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കോടികൾ കൊയ്ത ചിത്രത്തിന് വിദേശരാജ്യങ്ങളിലും വൻസ്വീകാര്യതയാണ് ലഭിച്ചത്.

മോഹൻലാൽ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവുമെന്ന് ദിവസങ്ങൾക്കു മുൻപേ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരന്നു. എന്നാൽ ഇത് ദൃശ്യത്തിന്റെ മൂന്നാം ഭാഗമായിരിക്കും എന്ന തരത്തിലായിരുന്നു പ്രചരണം. ഇതിന് പിന്നാലെ 17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിൽ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ ചേർന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചത്.

ആദ്യ ഭാഗത്തിൽ അബ്രാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രം അവസാനിച്ചിടത്തു നിന്നാകുമോ എമ്പുരാന്റെ തുടക്കം എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. 2019 ജൂണിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2019ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകൻ ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഷാജി കൈലാസിന്റെ എലോൺ, വൈശാഖിന്റെ മോൺസ്റ്റർ, എംടിയുടെ നെറ്റ്ഫ്‌ളിക്‌സ് സിരീസിലെ പ്രിയദർശൻ ചിത്രം ഓളവും തീരവും, ജീത്തു ജോസഫിന്റെ റാം, വിവേകിന്റെയും അനൂപ് സത്യന്റെയും പേരിടാത്ത ചിത്രങ്ങൾ എന്നിവയാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ളവ. കൂടാതെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസും എത്താനുണ്ട്.