കൊച്ചി: ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപരീക്ഷണങ്ങളിലൊന്നായിരുന്നു കേരളത്തിലെ ഇടത് സർക്കാർ. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി. ഈ ചിരിത്രത്തിന് ഇന്ന് അറുപതാം വാർഷികം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ കമ്യൂണിസ്റ്റ് സർക്കാരിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഇപ്പോഴും ചെറുപ്പത്തിന്റെ തിളക്കം. ഐക്യകേരളത്തിലെ ആദ്യസർക്കാർ എല്ലാ അർത്ഥത്തിലും രചിച്ചത് പുതു ചരിത്രമാണ്.

ലോകത്ത് ആദ്യമായി ജനാധിപത്യവ്യവസ്ഥിതി അനുശാസിക്കുന്ന ചട്ടങ്ങളനുസരിച്ച് ഒരു കമ്യൂണിസ്റ്റ് കക്ഷി അധികാരത്തിലേറിയത് പുതിയൊരു മോഡലായി മാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യം സ്വാതന്ത്ര്യംനേടി പത്തുവർഷം മാത്രം പിന്നിട്ടപ്പോഴായിരുന്നു കേരളത്തെ ചുവപ്പിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തിലെത്താനായത്. പാണ്ഡിത്യവും പ്രാഗല്ഭ്യവും സമരാനുഭവങ്ങളും ഒന്നിച്ച വ്യക്തികളാണ് അന്ന് ഇ.എം.എസിനോടൊപ്പം മന്ത്രിസഭയിലെത്തിയത്. പിന്നീടൊരിക്കലും ഇത്രയും പ്രഗല്ഭമതികളുടെ സർക്കാർ ഉണ്ടായിട്ടില്ല. 28 മാസം മാത്രമായിരുന്നു ആ സർക്കാരിന്റെ ആയുസ്സ്.

അതിപ്രഗൽഭരായിരുന്നു മന്ത്രിമാർ. ഡോ. എ. ആർ. മേനോനായിരുന്നു ആരോഗ്യ മന്ത്രി. സംസ്ഥാന ചരിത്രത്തിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത ഏക ഡോക്ടർ. ജസ്റ്റിസ്
വി. ആർ. കൃഷ്ണയ്യർ സംസ്ഥാന ആദ്യ നിയമമന്ത്രി. സുപ്രീംകോടതി ജഡ്ജി വരെയായ അതുല്യ വ്യക്തിത്വം. പ്രഫ. ജോസഫ് മുണ്ടശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. പ്രഫ.ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. പിന്നീട് കൊച്ചി സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി. സി. അച്യുതമേനോൻ ആദ്യ ധനമന്ത്രി. എസ്എസ്എൽസി പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാം റാങ്ക്. സ്വർണ മെഡലോടെ നിയമബിരുദം. പിന്നീട്, രണ്ടു തവണ മുഖ്യമന്ത്രിപദത്തിലുമെത്തി. ടി.വി. തോമസ് ആദ്യ തൊഴിൽമന്ത്രി ടി.വി.തോമസ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു. അങ്ങനെ ഇംഎംഎസിന്റെ നേതൃത്വത്തിൽ എല്ലാവരും പ്രമുഖരും. കെ ആർ ഗൗരിയമ്മയായിരുന്നു വനിതാ പ്രാതിനിധ്യം. ടിവി തോമസും ഗൗരിയമ്മയും തമ്മിലുള്ള വിവാഹവം ഈ സർക്കാരിന്റെ കാലത്ത് വാർത്തയായി.

ഭൂപരിഷ്‌കരണത്തെ അടിസ്ഥാനമാക്കിയുള്ള കാർഷികപുനരുദ്ധാരണം, സഹകരണാടിസ്ഥാനത്തിലുള്ള പരമ്പരാഗതവ്യവസായപുനഃസംഘടന, സ്വകാര്യനിക്ഷേപകരെക്കൂടി ആകർഷിക്കുന്ന ആധുനിക വ്യവസായവികസനം, സാർവത്രികവും ജനാധിപത്യപരവുമായ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ടുള്ള നടപടികൾക്ക് വളരെവേഗം തുടക്കമിട്ടു. ഭരണപരിഷ്‌കാരത്തിനും അധികാരവികേന്ദ്രീകരണത്തിനും ശ്രമം തുടങ്ങി. എന്നാൽ, കമ്യൂണിസ്റ്റുകാരുടെ വിജയവും ഭൂപരിഷ്‌കരണവും വിദ്യാഭ്യാസബില്ലും ഒരുവിഭാഗത്തിൽ ഭയാശങ്കകളുയർത്തി. അത് വിമോചന സമരമായി കത്തിപ്പടർന്നു. 1995 ജൂലായ് 31-ന് സംസ്ഥാനസർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതിഭരണമേർപ്പെടുത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും കറുത്ത അധ്യായമായി.

ആദ്യമന്ത്രിസഭാംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ് കെ.ആർ. ഗൗരിയമ്മ. 97-ാം വയസ്സിലും അന്നത്തെ ഓർമകൾക്ക് ഇന്നും ഗൗരിയമ്മ തെളിർമ്മയോടെ ഓർത്തെടുക്കുന്നു. '1952 മുതൽ 57 വരെ തിരുക്കൊച്ചിയിൽ പ്രതിപക്ഷനേതാവായിരുന്നത് ടി.വി. തോമസാണ്. ടി.വി.യെ മോശക്കാരനായി ആരും കണക്കാക്കിയിട്ടില്ല. പലസമരവും നയിച്ച് കഴിവുതെളിയിച്ച പ്രഗല്ഭൻ. 57-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇ.എം.എസ്. എങ്ങനെ നിയമസഭാകക്ഷി നേതാവായെന്ന് എനിക്കറിയില്ല. ജാതിയായിരുന്നോ കാരണമെന്നും അറിയില്ല'' -ഗൗരിയമ്മ പറഞ്ഞു. ''ഞാൻ പാർട്ടിയുടെ ജില്ലാക്കമ്മിറ്റി അംഗമായിരുന്നു. തീരുമാനം സംസ്ഥാനകമ്മിറ്റിയുടേതും. സംസ്ഥാനകമ്മിറ്റിയിൽ അന്ന് എന്താണ് നടന്നതെന്ന് അറിയില്ല. അന്ന് വളരെ അച്ചടക്കമുള്ള പാർട്ടിയാണ്. എന്തായാലും മുഖ്യമന്ത്രിയാകുമ്പോൾ ഇ.എം.എസ്. എംഎ‍ൽഎ. ആയിരുന്നില്ല. പിന്നീട് നീലേശ്വരത്തുനിന്ന് മത്സരിച്ച് ജയിക്കുകയായിരുന്നു.'-ഗൗരിയമ്മ ഓർക്കുന്നു.

1948 മുതൽ '56 വരെയുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനും എതിരെയുള്ള ജനവികാരമാണ് കോൺഗ്രസിനെ തോൽപ്പിച്ചത്. പി.എസ്‌പി.യെക്കൂട്ടി കൂട്ടുമന്ത്രിസഭ രൂപവത്കരിക്കാനാണ് കമ്യൂണിസ്റ്റ് പാർട്ടി ആദ്യം ശ്രമിച്ചത്. എന്നാൽ, പട്ടം താണുപിള്ള വഴങ്ങിയില്ല. അതുകൊണ്ട് സ്വതന്ത്രരെ കൂടുതൽ ആശ്രയിക്കേണ്ടിവന്നു. 60 കമ്യൂണിസ്റ്റുകാരിൽനിന്ന് ഇ.എം.എസ്. ഉൾപ്പെടെ എട്ടുപേർ മന്ത്രിമാരായപ്പോൾ അഞ്ച് സ്വതന്ത്രരിൽ മൂന്നുപേർക്ക് മന്ത്രിപദം നൽകേണ്ടിവന്നു. പട്ടം താണുപിള്ള, പി.ടി. ചാക്കോ, സി.എച്ച്. മുഹമ്മദ്കോയ മുതലായ പ്രഗല്ഭരായിരുന്നു പ്രതിപക്ഷത്തുണ്ടായിരുന്നത്. അവർ നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിനെ നട്ടംതിരിച്ചു. കേന്ദ്രസർക്കാരും കേരളമന്ത്രിസഭയോട് അനുഭാവപൂർവമല്ലാത്ത നിലപാട് സ്വീകരിച്ചു. നിരീശ്വരവാദത്തിലധിഷ്ഠിതമായ കമ്യൂണിസ്റ്റ് പാർട്ടിയോട് കേരളത്തിലെ ക്രൈസ്തവസഭകൾ പൊതുവിലും പ്രബലമായ കത്തോലിക്കാസഭ പ്രത്യേകിച്ചും വിപ്രതിപത്തി പുലർത്തി.

തൃശ്ശൂർ സെന്റ് തോമസ് കോളേജിൽനിന്ന് രാജിവെച്ചുപോകാൻ നിർബന്ധിതനായ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത് സഭയെ അസ്വസ്ഥമാക്കി. 1957 ജൂലായ് ഏഴിന് വിദ്യാഭ്യാസബിൽ പ്രസിദ്ധീകരിച്ചു. എയ്ഡഡ് സ്‌കൂളുകളിൽ ഫീസുപിരിക്കാനും അദ്ധ്യാപകർക്ക് ശമ്പളംനൽകാനുമുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്തു. നിയമനം പബ്ലിക് സർവീസ് കമ്മിഷൻവഴി വേണമെന്ന് വ്യവസ്ഥചെയ്തു. കത്തോലിക്കാസഭയുടെ കടുത്ത എതിർപ്പുണ്ടായിട്ടും 1957 സപ്തംബർ രണ്ടിന് നിയമസഭ ബിൽ പാസാക്കി. ഗവർണർ അത് രാഷ്ട്രപതിക്കയച്ചു. രാഷ്ട്രപതി 143 അനുച്ഛേദപ്രകാരം സുപ്രീംകോടതിക്ക് റഫർചെയ്തു. ഏഴംഗ ഭരണഘടനാബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് തത്പരകക്ഷികളുടെയും വാദം കേട്ടതിനുശേഷം 1958 മെയ് 22-ന് വിധികല്പിച്ചു. അടിയന്തരഘട്ടങ്ങളിൽ ദുർഭരണംനിമിത്തം സർക്കാരിന് സ്‌കൂൾ ഏറ്റെടുക്കാമെന്ന വ്യവസ്ഥ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാവില്ലെന്നും നിയമനങ്ങൾ പി.എസ്.സി.ക്ക് വിടുന്നതടക്കം മറ്റുവ്യവസ്ഥകളൊക്കെ സാധുവാണെന്നും കണ്ടെത്തി. സുപ്രീംകോടതി നിർദ്ദേശിച്ച മാറ്റങ്ങളോടെ വിദ്യാഭ്യാസബിൽ വീണ്ടും പാസാക്കി. ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചു. എന്നാൽ, സുപ്രീംകോടതി വിധിയും പുതുക്കിയ വിദ്യാഭ്യാസബില്ലും കത്തോലിക്കാസഭയെ തൃപ്തിപ്പെടുത്തിയില്ല. സർക്കാരിനെതിരെ വിമോചനസമരം ആരംഭിക്കാൻ സഭ തീരുമാനിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനത്തകർച്ചയെക്കുറിച്ച് ആദ്യംമുതലേ പരാതിയുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരായ പ്രതികളുടെ വധശിക്ഷ ഇളവുചെയ്തതും ജയിലിൽനിന്ന് മോചിപ്പിച്ചതും വിവാദമായി. പണിമുടക്കുകൾ വ്യാപകമായി. 1958 ജൂലായ് 26-ന് കൊല്ലത്തിനടുത്ത് ചന്ദനത്തോപ്പിൽ ആർ.എസ്‌പി.ക്കാരായ തൊഴിലാളികൾക്കുനേരേ പൊലീസ് വെടിവെച്ചു; രണ്ടുപേർ മരിച്ചു. ഒക്ടോബർ 16-ന് മൂന്നാറിലും വെടിവെപ്പുണ്ടായി. ഒരു സ്ത്രീയടക്കം കമ്യൂണിസ്റ്റുകാരായ രണ്ടുതൊഴിലാളികൾ കൊല്ലപ്പെട്ടു. 1958 ജൂലായ് 26-ന് തൃശ്ശൂർജില്ലയിലെ വരന്തരപ്പിള്ളിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ കുത്തേറ്റ് ആറുപേർ മരിച്ചു. അതേച്ചൊല്ലി പാർലമെന്റിൽവരെ ഒച്ചപ്പാടുണ്ടായി. കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണകാലത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായി. മലയാളികൾ അരിയാഹാരത്തിനുപകരം മക്രോണി ശീലിക്കണമെന്ന് മന്ത്രി കെ.സി.ജോർജ് ഉപദേശിച്ചത് വലിയ പരിഹാസത്തിനിടയാക്കി. 1957-ലെ ഓണക്കാലത്ത് ക്ഷാമമൊഴിവാക്കാൻ ടെൻഡർ വിളിക്കാതെ ആന്ധ്രയിൽനിന്ന് അരിവാങ്ങിയതിൽ വലിയ അഴിമതിനടന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തിയ ജസ്റ്റിസ് രാമൻനായർ അഴിമതി കണ്ടെത്തിയില്ല.

പിന്നീട് ഇന്ദിരാഗാന്ധി എ.ഐ.സി.സി. പ്രസിഡന്റും ആർ. ശങ്കർ കെപിസിസി. പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടത് സമരക്കാർക്ക് ആവേശംപകർന്നു. 1959 ജൂൺ 11-ന് നിയമസഭ കാർഷികബന്ധബിൽ പാസാക്കി. പിറ്റേദിവസം അതിഗംഭീര ഹർത്താലോടെ വിമോചനസമരം ആരംഭിച്ചു. അമേരിക്കൻ ചാരസംഘടനയും അവസരത്തിനൊത്തുയർന്നു. ഡോളർ പച്ചവെള്ളംപോലെ ഒഴുകി. ജൂൺ 13-ന് അങ്കമാലിയിൽ വെടിപൊട്ടി. ഏഴുപേർ കൊല്ലപ്പെട്ടു. ജൂൺ 15-ന് വെട്ടുകാട്ടും പുല്ലുവിളയിലും വെടിപൊട്ടി അഞ്ചുപേർകൂടി കൊല്ലപ്പെട്ടു. ജൂലായ് മൂന്നിന് ചെറിയതുറയിൽ ഫ്‌ലോറി എന്നൊരു ഗർഭിണിയടക്കം മൂന്നുപേർ വെടിയേറ്റുമരിച്ചു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥനമാനിച്ച് പ്രധാനമന്ത്രി നെഹ്രു തിരുവനന്തപുരത്തെത്തി. ഭരണ-പ്രതിപക്ഷ നേതാക്കളുമായി ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന് ഗവർണർ റിപ്പോർട്ടയച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 356-ാം അനുച്ഛേദപ്രകാരം 1959 ജൂലായ് 31-ന് കേരളസർക്കാറിനെ ഡിസ്മിസ് ചെയ്തു.