തിരുവനന്തപുരം: അടൂർ താലൂക്കിൽ ഏനാദിമംഗലം സ്‌കിന്നർ പുരത്ത് മാരക മലിനീകരണ ശേഷിയുള്ള ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കം തകൃതിയായി നടക്കുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറി എത്തുകയും സിപിഎമ്മിൽ വലിയ നേതാവ് ആകുകയുംചെയ്ത ജനപ്രതിനിധിയും ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎം ജനപ്രതിനിധിയും ഇതിനായി തിരുവനന്തപുരത്ത് തമ്പടിച്ച് പ്രവർത്തനങ്ങൾ നീക്കുന്നു.

മാരക മലിനീകരണ ശേഷിയുള്ള ഡ്രം മിക്സിങ് പ്ലാന്റാണ് സ്‌കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടഭൂമിയിൽ കൊണ്ടു വരാൻ നീക്കം നടക്കുന്നത്. തോട്ടഭൂമിയായി നോട്ടിഫൈ ചെയ്തിരിക്കുന്നതിനാൽ ഇവിടെ മറ്റു വ്യവസായങ്ങളൊന്നും തന്നെ പാടില്ല. അല്ലെങ്കിൽ വ്യവസായ വകുപ്പ് ഇടപെട്ട് വ്യാവസായിക ആവശ്യത്തിനായി ഡിനോട്ടിഫൈ ചെയ്യണം. വ്യവസായ മന്ത്രിയെ കണ്ട് ഇതിനുള്ള അനുവാദം വാങ്ങാനും ഡീനോട്ടിഫൈ ചെയ്യിക്കാനുമുള്ള നീക്കത്തിലാണ് സിപിഎമ്മിന്റെ രണ്ടു ജനപ്രതിനിധികൾ. തൊട്ടടുത്ത ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ താരതമ്യേനെ മാലിന്യത്തോത് കുറഞ്ഞ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ സമരം നയിച്ചവരാണ് ഇപ്പോൾ മാരക മലിനീകരണ ശേഷിയുള്ള പ്ളാന്റിനായി രംഗത്ത് വന്നിരിക്കുന്നത് എന്നതാണ് ഏറെ രസകരം. അഞ്ചേക്കർ ഭൂമിയാണ് വ്യാവസായിക ആവശ്യത്തിനായി ഡി നോട്ടിഫൈ ചെയ്യിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് സ്‌കിന്നർ പുരം. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടെ അത്യപൂർവമായ പക്ഷിമൃഗാദികളും ഏറെയുണ്ട്. ഇവിടെ ഡ്രം മിക്സിങ് പ്ലാന്റ് വന്നാൽ അവയുടെ ആവാസ വ്യവസ്ഥിതിക്ക് കോട്ടമാകും. ജനങ്ങളെയും പ്രതികൂലമായലി ബാധിക്കും. ഡ്രം മിക്സിങ് പ്ലാന്റ് നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചിരിക്കുകയാണ്.

വ്യവസായ വകുപ്പിൽ നിന്ന് അനുമതി വാങ്ങാമെന്നും ലാൻഡ് റവന്യൂ കമ്മിഷണറെ കണ്ട് കാര്യങ്ങളൊക്കെ ശരിയാക്കി നൽകാമെന്നും ധരിപ്പിച്ചാണ് ചങ്ങനാശേരി കേന്ദ്രമായുള്ള കൺസ്ട്രക്ഷൻ കമ്പനിയായ പാലത്രയെ സിപിഎം നേതാക്കൾ സമീപിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതൃത്വങ്ങൾ ഇതിനായി ഇതുവരെ ഇടപെട്ടിട്ടില്ല എന്നാണ് അറിയുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ പഞ്ചായത്താണ് ഏനാദിമംഗലം. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് പ്ലാന്റ് കൊണ്ടുവരാൻ നീക്കം നടക്കുന്നത്. ഇതിനായി രംഗത്തിറങ്ങിയിരിക്കുന്ന നേതാക്കളിലൊരാൾ സെക്രട്ടറിയുടെ മാനസപുത്രൻ എന്നാണ് അറിയപ്പെടുന്നത്. ഇയാൾക്ക് വേണ്ടി എല്ലാം ചെയ്യുന്നുവെന്ന് പേരിൽ ഉദയഭാനുവിനെതിരേ മുൻപ് ലഘുലേഖയും പുറത്തു വന്നിരുന്നു.

സ്‌കിന്നർ പുരത്തെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകർക്കുന്നതാണ് ഈ പ്ലാന്റ്. കാലഹരണപ്പെട്ട ഈ പ്ലാന്റ് ജനവാസ കേന്ദ്രങ്ങൾക്ക് വലിയ ഭീഷണിയാണ്. സെക്കൻഡ് ഹാൻഡ് പ്ലാന്റാണ് ഇവിടെ സ്ഥാപിക്കുക. പ്ലാന്റിന് തടസം നിന്നാൽ സ്ഥാനത്ത് നിന്ന് തെറിപ്പിക്കുമെന്ന് ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റിനെ സംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഡ്രം മിക്‌സ് പ്ലാന്റിന് മലിനീകരണ തോത് കൂടുതലാണ്.സെക്കൻഡ് ഹാൻഡ് യന്ത്രമാകുന്നതോടെ അത് വീണ്ടും കൂടും. രണ്ടാമതൊരു പ്ലാന്റ് ഏനാദിമംഗലത്ത് വരുന്ന വിവരം നാട്ടുകാരിൽ നിന്ന് മറച്ചു വച്ചിരിക്കുകയാണ്. അനുമതി കിട്ടുന്നതു വരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനാണ് നീക്കം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ എതിർപ്പാണ് തിരിച്ചടിയായിരിക്കുന്നത്.

ജനവാസ മേഖലയിൽ ഡ്രം മിക്‌സ് പ്ലാന്റ് സ്ഥാപിക്കാൻ അനുവാദം കൊടുക്കാൻ നിലവിലുള്ള ചട്ടപ്രകാരം ബോർഡിന് കഴിയില്ല. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കിപ്പിക്കാൻ വേണ്ടിയാണ് നേതാക്കൾ തിരുവനന്തപുരത്ത് കറങ്ങുന്നത്.