- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി ബാലഗോപാലിന്റെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കില്ല; എൻഎസ്എസ് നേതാവിന് എതിരെ പോസ്റ്റർ ഒട്ടിച്ച ഡിവൈഎഫ്‌ഐക്കാരെ താക്കീത് ചെയ്യും: പൊലീസ് സംരക്ഷണം ഉറപ്പാക്കി പ്ലാന്റ് സ്ഥാപിക്കും: ഏനാദിമംഗലം പുകയുന്നു
അടൂർ: ഏനാദിമംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട് ഒന്നടങ്കം സമരം ചെയ്യുമ്പോൾ അനുകൂല നിലപാടുമായി സിപിഎം. പ്ലാന്റ് ഹാനികരമല്ലെന്നും വികസനത്തിന്റെ ഭാഗമാണെന്നുമാണ് സിപിഎം നിലപാട്. സ്ഥലത്തെ എംഎൽഎയായ കെയു ജനീഷ്‌കുമാർ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികൾ എല്ലാം സമരത്തിന് ഇറങ്ങുമ്പോഴും ജില്ലാ നേതൃത്വങ്ങൾ ഇതു വരെ മനസു തുറന്നിട്ടില്ല.
സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധുവാണ് കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് യൂണിറ്റ് കൊണ്ടുവന്നിരിക്കുന്നത്. നാട്ടുകാർ പിന്നീടാണ് വിവരം അറിഞ്ഞത്. സിപിഎം ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി അടക്കം പ്ലാന്റിനെതിരേ രംഗത്തു വന്നു.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ സേവ് ഏനാദിമംഗലം ക്യാമ്പയിനും തുടങ്ങി. ഫേസ്‌ബുക്കിലും വാട്സാപ്പിലും പ്രചാരണം ശക്തമാക്കി. പാർക്കിലേക്ക് പ്ലാന്റിനുള്ള മെഷിനറികളുമായി വന്ന വാഹനം തടഞ്ഞ് നാട്ടുകാർ തിരിച്ചയച്ചു. മുഖ്യധാരാ മാധ്യമങ്ങളൊന്നും വാർത്ത റിപ്പോർട്ട് ചെയ്യാൻ തയാറായില്ല. മറുനാടൻ അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ് ഇപ്പോഴും വാർത്ത നൽകി കൊണ്ടിരിക്കുന്നത്.
ആദ്യമൊക്കെ മൗനം പാലിച്ചിരുന്ന സിപിഎം ഇപ്പോൾ പ്ലാന്റിന് അനുകൂലമായ നിലപാട് പരസ്യമാക്കി കഴിഞ്ഞു. പ്ലാന്റിനെതിരേ സമരം നടത്തുന്ന സിപിഎം-ഡിവൈഎഫ് നേതാക്കളെ താക്കീത് ചെയ്യാനാണ് സിപിഎം കൊടുമൺ ഏരിയാ കമ്മറ്റി നീക്കം. പ്ലാന്റ് അവിടെ തന്നെ സ്ഥാപിക്കണമെന്നാണ് ഏരിയാ കമ്മറ്റിയുടെ താൽപര്യം. കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ച് ജനകീയ സമരം അടിച്ചമർത്താനാണ് നീക്കം. പൊലീസ് ഇതിന് സഹായിക്കുകയും ചെയ്യും.
പ്ലാന്റിനെതിരേ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രദേശം ആകമാനം പോസ്റ്റർ പതിപ്പിച്ചു. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ ഭാരവാഹിയും പ്രദേശത്തെ എംഎൽഎയുമായ കെയു ജനീഷ് കുമാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കോന്നി നിയോജക മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച ജനീഷ്‌കുമാറിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ പഞ്ചായത്ത് കൂടിയാണ് ഏനാദിമംഗലം. ഇവിടെ കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് രൂക്ഷമായ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ആരോപിച്ച് പഞ്ചായത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്താണ്.
ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്ന ഡിവൈഎഫ്‌ഐക്കാരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ, ഇവരുടെ സമരത്തിന് സിപിഎം പിന്തുണയില്ല. സമരത്തെ അപക്വമെന്നാണ് നേതാക്കൾ വിളിക്കുന്നത്. ഡിവൈഎഫ്‌ഐക്കാരെ സിപിഎം താക്കീത് ചെയ്യും. എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ പുറത്താക്കും.
പ്ലാന്റിനെതിരായ സമരത്തിന് ബിജെപി, കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുണ്ട്. ജില്ലാ നേതൃത്വം ഇതു വരെ അനുമതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പിനും മറ്റുമായി വൻ തുക ഫണ്ട് സ്വീകരിച്ചതിനാൽ ഇവർക്ക് ചെറുവിരൽ അനക്കാൻ കഴിയുന്നില്ല എന്നാണ് പരാതി. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കളെ പ്ലാന്റ് ഉടമ കൈയിൽ എടുത്തിരിക്കുകയാണ് എന്നാണ് ആരോപണം.
ഇത്രയും വലിയ സമരം ഇവിടെ നടന്നിട്ടും ഡിസിസി പ്രസിഡന്റോ ബിജെപി ജില്ലാ അധ്യക്ഷനോ ഒരക്ഷരം ഉരിയാടിയിട്ടില്ലാത്തത് സംശയത്തിന് ഇട നൽകുന്നു. സമരത്തിന് ജനകീയ പിന്തുണ വന്നതോടെ സിപിഐയും അനുകൂലിച്ച് രംഗത്തുണ്ട്. ജനകീയ സമരത്തിനു സിപിഐ ഏനാദിമംഗലം പഞ്ചായത്തു കമ്മിറ്റിയും ്എഐവൈഎഫ വില്ലേജ് കമ്മിറ്റിയും ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമര ഭൂമിയിൽ കൊടി നാട്ടി.
അതേ സമയം, പ്ലാന്റ് സ്ഥാപിക്കാൻ സംരക്ഷണം തേടി ഉടമ ഇന്ന് കോടതിയെ സമീപിക്കും.
തുടർന്ന് പൊലീസ് സംരക്ഷണത്തോടെ പ്ലാന്റ് കൊണ്ടു വരും. കഴിഞ്ഞ ദിവസം നാട്ടുകാർ തിരിച്ചു വിട്ട പ്ലാന്റുമായി വന്ന ലോറികൾ സമീപത്ത് തന്നെ പാർക്ക് ചെയ്യുന്നുണ്ട്. ബലപ്രയോഗത്തിലൂടെ പ്ലാന്റ് ഇറക്കാനാണെങ്കിൽ സ്ത്രീകൾ അടക്കം ആത്മാഹൂതി ഭീഷണിയുമായി രംഗത്തു വരും. സമരം ചോരക്കളിയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഇന്ന് സമരഭൂമിയിൽ യോഗം നടക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്