അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു. നാട്ടുകാരെ അറിയിക്കാതെ സിപിഎം ഒത്താശയോടെ രഹസ്യമായിട്ടാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം നടന്നത്. സിപിഎമ്മിനുള്ളിൽ നിന്ന് തന്നെയാണ് ഈ വിവരം ചോർന്നതും പ്രദേശവാസികൾ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ സമരത്തിന് ഇറങ്ങിയതും.

കിൻഫ്ര വ്യവസായ പാർക്കിൽ ഉള്ള സ്ഥലമായതിനാൽ കൂടുതൽ രേഖകളൊന്നും പ്ലാന്റ് തുടങ്ങാൻ ആവശ്യമില്ലെന്നാണ് ഉടമയും പ്ലാന്റിനെ അനുകൂലിക്കുന്ന സിപിഎം നേതാക്കളും പറയുന്നത്. അത്യാധുനിക രീതിയിലുള്ള പ്ലാന്റ് ആയതിനാൽ പരിസര മലിനീകരണം തെല്ലും ഇല്ലത്രേ. വ്യവസായ പാർക്കിൽ വ്യവസായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നിയമത്തിൽ ഇളവുള്ളത്.

ടാർ മിക്‌സിങ് പ്ലാന്റ് വ്യവസായമല്ല. അതിനാൽ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റേത് അടക്കം അനുമതി ആവശ്യമാണ്. ഒപ്പം പാരിസ്ഥിതിക ആഘാത പഠനവും വേണം. ഇവ രണ്ടും നിലവിൽ പ്ലാന്റിനില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതേപ്പറ്റി പ്രതികരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തയാറാകുന്നുമില്ല.

ജില്ലാ എൻവയൺമെന്റൽ എൻജിനീയറെ വിളിച്ചാൽ ഫോൺ എടുക്കാറില്ല. പരിസ്ഥിതി മലിനീകരണം സംബന്ധിച്ച് പരാതി ഉയർന്ന സാന്നിധ്യത്തിൽ പബ്ലിക് ഹിയറിങ് നടത്തി മാത്രമേ മലിനീകരണ നിയന്ത്രണ ബോർഡിന് എൻഓസി കൊടുക്കാൻ സാധിക്കൂ. പുറത്ത് പ്രവർത്തിക്കുന്ന ഒരു ടാർ മിക്‌സിങ് പ്ലാന്റിന് എന്തൊക്കെ അനുമതി വേണോ അതൊക്കെ തന്നെ കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്നതിനും വേണം.

സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ടാർ മിക്‌സിങ് പ്ലാന്റ് തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ഒരു വർഷം മുൻപാണ്. കടലാസു ജോലികൾ എല്ലാം രഹസ്യമായി പൂർത്തിയാക്കി. പാർക്കിനുള്ളിൽ സ്ഥലം അനുവദിച്ചു കിട്ടിയതും ആരോടും പറഞ്ഞില്ല.

അവിടെ പ്ലാന്റിനായി മണ്ണു നീക്കം ആരംഭിച്ചപ്പോഴാണ് നാട്ടുകാർക്ക് സംശയം തോന്നിയതും വിവരം പുറത്തു വന്നതും. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മെഷിനറികൾ അന്ന് ഓർഡർ ചെയ്തിരുന്നതാണ്. നിർമ്മാണം പൂർത്തിയാക്കി ഇവിടേക്ക് കൊണ്ടു വന്നത് വ്യവസായ പാർക്കിൽ സ്ഥലം ലഭിച്ചതിന് ശേഷം മാത്രമാണ്. ഈ കാര്യമൊക്കെ മറച്ചു വച്ചാണ് ഇപ്പോൾ പ്ലാന്റ് പ്രവർത്തനം തുടങ്ങാൻ പോകുന്നത്.

സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും സഹായം ഇക്കാര്യത്തിൽ പ്ലാന്റ് ഉടമയ്ക്ക് ലഭിച്ചുവെന്ന് വേണം കരുതാൻ. പ്രദേശത്ത് ഇത്രയധികം എതിർപ്പുണ്ടായിട്ടും ഒരു കൂസലമില്ലാതെയാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടരുകയാണ്.