പത്തനംതിട്ട: 'കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നത് പോലെയാണ് ഇന്നലെ പുത്തൂർ സ്റ്റേഷനിലെ എസ്.ഐ എന്നോട് പെരുമാറിയത്. ഒരുപാട് സമയമെടുക്കുമോ അടച്ച പാലം തുറക്കാൻ എന്ന ചോദ്യം എസ്.ഐയോട് ചോദിച്ചു. ഉടനെ നിനക്ക് വേഗം പോയിട്ട് എന്താ കാര്യം? പൊലീസിനെ ചോദ്യം ചെയ്യാറായോ? എന്നൊക്കെ ചോദിച്ച് എന്നെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു'. ഇന്നലെ ഡി.ജി.പി സെൻകുമാറിന് കടന്നു പോകാൻ ഏനാത്ത് ബെയ്‌ലി പാലം അടച്ചത് ചോദ്യം ചെയ്തു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കോളേജ് വിദ്യാർത്ഥി ഗോകുൽ മറുനാടനോട് പറഞ്ഞ വാക്കുകളാണിത്. സംഭവത്തെ പറ്റി ഗോകുൽ പറയുന്നു.

'ഇന്നലെ 7.30 ന് കൊട്ടാരക്കരയിൽ നിന്നും ഏനാത്തിലേക്ക് ബൈക്കിൽ വരികയായിരുന്നു. കുളക്കട എത്തുന്നതിന് മുമ്പേ വാഹനങ്ങളുടെ നീണ്ട നിര കണ്ടു. ബെയ്‌ലി പാലത്തിനടുത്തെത്തിയപ്പോഴാണ് പാലം അടച്ചിട്ടിരിക്കുന്നത് കണ്ടത്. ഏറെ സമയം വേണ്ടിവരുമോ തുറക്കാൻ എന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയോട് ചോദിച്ചു. അവിടെ നിന്നും തിരിഞ്ഞ് പട്ടാഴി വഴി വീട്ടിലേക്ക് എത്താൻ കഴിയുമെന്നതിനാലാണ് അങ്ങനെ ചോദിച്ചത്.

എന്നാൽ ചോദ്യം ഇഷ്ടപ്പെടാഞ്ഞ എസ്.ഐ യാതൊരു പ്രകോപനവുമില്ലാതെ എന്റെ നേരെ തട്ടിക്കയറുകയും ജീപ്പിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു'. 7.30 ന് കസ്റ്റഡിയിലെടുത്ത ഗോകുലിനെ 9 മണി വരെ പുത്തൂർ പൊലീസ് സ്റ്റേഷനിൽ തടവിൽ വച്ചു. പിന്നീട് പെറ്റിക്കേസ് ചുമത്തി വീട്ടുകാരെ വിളിച്ചു വരുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. സ്റ്റേഷനിൽ വച്ച് വനിതാ പൊലീസുകാർ ഉൾപ്പെടെ ഗോകുലിനെ അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്.

പന്തളത്തെ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് ഗോകുൽ. അച്ഛൻ സർക്കാർ ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐയുടെ പക്കൽ നിന്നും ഗോകുലിനുണ്ടായ അപമാനത്തിനും അനാവശ്യമായി കേസെടുത്തതിനുമെതിരെ പൊലീസ് കംപ്ലയ്ന്റ് അഥോറിറ്റിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ ക്രമസമാധാനം തകർക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് ഏറെ അപമാനകരമെന്ന് നാട്ടുകാർ പറയുന്നു. പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനുമാണ് ഗോകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പുത്തൂർ എസ്.എച്ച്.ഒ പ്രവീൺ മറുനാടനോട് പറഞ്ഞു.

ഡി.ജി.പി ടി.പി സെൻകുമാറിനു വഴിയൊരുക്കാൻ എം.സി. റോഡിലെ ഏനാത്ത് ബെയ്ലി പാലം ഇന്നലെ രാത്രിയിൽ അടച്ചിരുന്നു. ഇതിനെത്തുടർന്ന് എം.സി. റോഡിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കായിരുന്നു. ഇത് ചോദ്യംചെയ്ത ഏനാത്ത് ഗോകുലത്തിൽ ഗോകുലി(21)നെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച നാട്ടുകാർക്കും യാത്രക്കാർക്കുംനേരേ പൊലീസ് അസഭ്യവർഷം നടത്തിയെന്നും നാട്ടുകാർ മറുനാടനോട് പറഞ്ഞു.

അടൂർ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു ഡി.ജി.പി. ഏനാത്ത് പാലം വഴി എത്തുന്നുണ്ടെന്നു വിവരം ലഭിച്ച പുത്തൂർ പൊലീസ് പാലം അടയ്ക്കുകയായിരുന്നു. രാത്രി ഏഴിന് പാലം അടയ്ക്കുമ്പോൾ ഇരുകരകളിലും നൂറുകണക്കിനു വാഹനങ്ങളുണ്ടായിരുന്നു. കിലോമീറ്റർ നീണ്ട ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും കുരുങ്ങിക്കിടന്നത് അരമണിക്കൂറായിരുന്നു.

യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും ഡി.ജി.പി. കടന്നു പോയതിനുശേഷമേ പാലം തുറക്കുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. ഇതിനിടെ വാഹനങ്ങളുടെ നിര കുളക്കട വായനശാല ജങ്ഷനും കഴിഞ്ഞ് പെട്രോൾ പമ്പിന് സമീപം എത്തിയിരുന്നു. ഇതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചു. എട്ടു മണിയോടെ ഡി.ജി.പി കടന്ന് പോയതിന് ശേഷമാണ് പൊലീസ് പാലം തുറന്നത്.