ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിലെ കളക്ടറുടെ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിശോധിക്കും. ആലപ്പുഴ കളക്ടർ ടിവി അനുപമയുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ ഗുരുതര പരമാർശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സൂചന കിട്ടിയിട്ടുണ്ട്. എന്നാൽ എങ്ങനെ തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാമെന്ന ആലോചനയാണ് ഇടതുപക്ഷത്ത് നടക്കുന്നത്. ഒന്നരകൊല്ലത്തിനിടെ മൂന്നാം മന്ത്രിയും രാജിവയ്ക്കുന്നത് മന്ത്രി സഭയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയാണ് ഇത്. കളക്ടറുടെ റിപ്പോർട്ടിൽ സർക്കാർ നിയമോപദേശം തേടാനും സാധ്യതയുണ്ട്. അടുത്ത മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും.

മന്ത്രി തോമസ് ചാണ്ടി തണ്ണീർത്തട സംരക്ഷണനിയമവും ഭൂസംരക്ഷണ നിയമവും ലംഘിച്ചെന്നാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. മാർത്താണ്ഡം കായൽ മണ്ണിട്ടുനികത്തിയെന്നും പൊതുവഴി കൈയേറിയെന്നും ആലപ്പുഴ ജില്ലാ കളക്ടർ ടി.വി. അനുപമ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചാൽ കേസെടുക്കാം. മന്ത്രിക്കെതിരേ കേസെടുക്കണോ എന്നകാര്യത്തിൽ കളക്ടർ റിപ്പോർട്ടിൽ ഒന്നും പറഞ്ഞിട്ടില്ല. ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ നടപടി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന് ശനിയാഴ്ച രാത്രിയിലാണ് റിപ്പോർട്ട് കൈമാറിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം റിപ്പോർട്ട് പരിശോധിക്കും. റിപ്പോർട്ട് മന്ത്രിയുടെ ശുപാർശസഹിതം മുഖ്യമന്ത്രിക്ക് കൈമാറും.

കലക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലും മന്ത്രി തോമസ് ചാണ്ടിക്ക് മിണ്ടാട്ടമില്ല. റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് അറിയിച്ചത്. രണ്ടു ദിവസത്തേക്കു പരസ്യപ്രതികരണം വേണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണു സൂചന. മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുമെന്നാണു തോമസ് ചാണ്ടിയുടെ പ്രതീക്ഷ. ഇന്നലെ കുട്ടനാട്ടിലെ ചേന്നംകരിയിൽ വീട്ടിൽ മന്ത്രി എത്തിയിരുന്നു. ഇന്നലെ നിയമവിദഗ്ധരെ കണ്ട മന്ത്രി ഇന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. കലക്ടറുടെ റിപ്പോർട്ട് അന്തിമമല്ലെന്ന നിലപാടിലാണ് അദ്ദേഹം. മുഖ്യമന്ത്രിയും ഇടതുപക്ഷവും കൈവിടില്ലെന്ന ആത്മവിശ്വാസവും ചാണ്ടിക്കുണ്ട്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച അവ്യക്തത, നടപടിക്രമങ്ങളിലെ സങ്കീർണത, കോടതിയിൽ നിലവിലുള്ള കേസുകൾ എന്നിവ അനുകൂലമാക്കി രാജി ഒഴിവാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. താൻ രാജിവയ്ക്കില്ലെന്ന് അനുയായികളോട് തോമസ് ചാണ്ടി വ്യക്തമാക്കിയതായും സൂചനയുണ്ട്.

അതിനിടെ മന്ത്രിയുടെ ഇടപാടുകൾ സംബന്ധിച്ച റിപ്പോർട്ടിൽ ജില്ലാ കലക്ടറുടെ തുടർനടപടി സർക്കാരിന്റെ നിർദ്ദേശം ലഭിച്ചതിനുശേഷം മാത്രമാകും. തെളിവെടുപ്പു നടത്തി ലേക്ക് പാലസ് റിസോർട്ട് ഉടമകൾ, മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരി എന്നിവരുടെ മൊഴിയെടുത്ത സാഹചര്യത്തിൽ കലക്ടർക്കു നേരിട്ടു നടപടിയെടുക്കാം. കോടതിയിൽ കേസ് തീർപ്പായശേഷം നിലം പൂർവസ്ഥിതിയിലാക്കാൻ നോട്ടിസ് കൊടുത്തേക്കും. ലേക്ക് പാലസിനു മുന്നിലെ പാർക്കിങ് ഗ്രൗണ്ടിൽ അനധികൃതമായി അധിക സ്ഥലം നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അധിക സ്ഥലം അളന്നു തിട്ടപ്പെടുത്തിയാൽ കയ്യേറിയ സ്ഥലം തിരിച്ചെടുക്കാൻ നടപടിയെടുക്കും. വേണമെങ്കിൽ നിലം നികത്തലിനു കേസുമെടുക്കാം.

കായലിൽ സ്ഥാപിച്ച ബോയ നീക്കംചെയ്യാൻ ദേശീയ ജലപാത അഥോറിറ്റിയുടെ ഉപദേശം സ്വീകരിക്കും. ബോയ നീക്കംചെയ്യാൻ നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. മാർത്താണ്ഡം കായൽ നികത്തലിനെതിരെ നിലവിൽ സ്റ്റോപ് മെമോ നൽകിയിട്ടുണ്ട്. സ്ഥലം അളന്നു സർക്കാർ വഴിയും സ്വകാര്യഭൂമിയും തിട്ടപ്പെടുത്തണം. സീറോ ജെട്ടി വലിയകുളം റോഡ് നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടായ സാഹചര്യത്തിൽ തുടർനടപടിയെടുക്കാൻ സർക്കാരിനോടാണു ശുപാർശ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥവീഴ്ച സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടി ഭൂമി ഇടപാടുകൾ നടത്തിയത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊതുഫണ്ട് ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

എംപി വക റോഡ് കായലിന്റെ നടുവിൽ സ്ഥിതിചെയ്യുന്ന ലേക്ക് പാലസിലേക്കു റോഡ് ക്രമീകരിക്കാനാണു പരോക്ഷമായി വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിനു തോമസ് ചാണ്ടി മുൻകയ്യെടുക്കുന്നത്. സ്ഥലം വാങ്ങി നികത്തുന്നതിനു പകരം സർക്കാരിനെക്കൊണ്ടു റോഡ് നിർമ്മിച്ചു. അന്നു കുട്ടനാട് എംഎൽഎ ആയിരുന്ന തോമസ് ചാണ്ടിയും ആലപ്പുഴ എംഎൽഎ എ.എ.ഷുക്കൂറും റോഡിനായി ശുപാർശ ചെയ്തു. ആലപ്പുഴ നഗരസഭ റോഡ് ഏറ്റെടുത്തു. രാജ്യസഭാ എംപിമാരായ കെ.ഇ.ഇസ്മായിലും പി.ജെ.കുര്യനും എംപി ഫണ്ട് അനുവദിച്ചു. സിപിഐ മണ്ഡലം കമ്മിറ്റിയുടെ ശുപാർശയിൽ ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണു കെ.ഇ.ഇസ്മായിൽ പണം അനുവദിച്ചത്. ഇങ്ങനെ കരുതലോടെയായിരുന്നു എല്ലാം തോമസ് ചാണ്ടി നേടിയെടുത്തത്.

കൈയേറ്റം നടന്ന സ്ഥലത്ത് നിലവിൽ വെള്ളമായതിനാൽ മന്ത്രിയുടെ അധീനതയിലുള്ള ഭൂമി അളന്നുതിരിക്കാൻ പറ്റിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ലേക്ക് പാലസിനു സമീപത്തെ പാർക്കിങ് സ്ഥലം നിർമ്മിച്ചതിലാണ് തണ്ണീർത്തട സംരക്ഷണനിയമത്തിന്റെ ലംഘനമുണ്ടായത്. ഈ സ്ഥലം മന്ത്രിയുടെ സഹോദരിയുടേതാണെന്നാണ് തെളിവെടുപ്പിൽ അവർ മൊഴിനൽകിയത്. വലിയകുളം-സീറോജട്ടി റോഡ് നിർമ്മാണത്തിലും ചട്ടലംഘനം കണ്ടെത്തി. മാർത്താണ്ഡം കായൽ നികത്തിയത് പുനഃസ്ഥാപിക്കാൻ നടപടിവേണം. കായൽ നികത്തിയപ്പോൾ സർക്കാർ പുറമ്പോക്കിലെ റോഡും നികന്നു -റിപ്പോർട്ടിൽ പറയുന്നു.

കളക്ടർ നേരിട്ടെത്തി പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉപഗ്രഹരേഖാചിത്രങ്ങളുടെ സഹായത്തോടെയാണ് പഴയകാല സ്ഥിതിവിവരം മനസ്സിലാക്കിയത്. മുൻ വർഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളും പരിശോധിച്ചു. ലേക്ക് പാലസിനു സമീപത്തെ റോഡ് നിർമ്മാണം, റിസോർട്ടിനു മുന്നിലെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയെക്കുറിച്ചാണ് കളക്ടർ അന്വേഷിച്ചത്.