- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കല പാപനാശത്തെ സംരക്ഷിത കുന്നുകൾ സ്വകാര്യ റിസോർട്ടുകൾ കയ്യേറി നശിപ്പിക്കുന്നു; റിസോർട്ട് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് കടൽക്കരയിൽ; പിതൃദർപ്പണത്തിന് പരികർമ്മിയാകുന്നത് ലൈഫ് ഗാർഡുമാരും; പാപനാശം പാപങ്ങളുടെ വിളനിലമാകുമ്പോൾ കണ്ണടച്ച് അധികൃതരും
വർക്കല: ഹൈന്ദവവിശ്വാസപ്രകാരം പിതൃദർപ്പണത്തിന് പ്രശസ്തമായ സ്ഥലമാണ് വർക്കല പാപനാശം. പിതൃക്കൾക്ക് പുണ്യം തേടി ജനലക്ഷങ്ങൾ ഒഴുകിവരുന്ന തീരം. പിതൃദേവ സങ്കല്പത്തിലുള്ള ജനാർദ്ദനസ്വാമിയെ പ്രാർത്ഥിച്ച് പാപനാശിനിയിലെ ബലിതർപ്പണം പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുന്നതിനും പിതൃദോഷം പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമമെന്നാണ് വിശ്വാസം. ഇവിടെ ബലി അനുഷ്ഠിക്കുന്നത് പുണ്യകർമമായി പുരാതനകാലം മുതൽ കരുതിപ്പോരുന്നു. പാപനാശം തീരം 'ദക്ഷിണ കാശി' എന്നാണ് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ജനാർദ്ദനസ്വാമിക്ഷേത്രവും ഇവിടെയാണുള്ളത്.
എന്നാൽ ഇന്ന് അവിടത്തെ പുണ്യമായ കടൽക്കരയും അപൂർവതരം കുന്നുകളും നാശത്തിന്റെ വക്കിലാണ്. സംരക്ഷിതപട്ടികയിൽ പെടുത്തി പാപനാശം കുന്നുകൾക്ക് വേണ്ടി പ്രത്യേക നിയമം നിലവിലുണ്ടെങ്കിലും റിസോർട്ടുകളുടെ കുന്നുനശീകരണത്തിന് മുന്നിൽ കണ്ണടയ്ക്കുകയാണ് അധികൃതർ.
പൊതുസ്ഥലമായ ബീച്ചിന്റെ ഒരു ഭാഗം സ്വകാര്യ റിസോർട്ട് ഉടമകൾ കെട്ടിയടച്ച് സ്വന്തമാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ബീച്ചിന്റെ ആ ഭാഗത്തേയ്ക്ക് പോകാൻ റിസോർട്ടുകളിലെ താമസക്കാർക്കും ജീവനക്കാർക്കുമല്ലാതെ മറ്റാർക്കും അനുവാദമില്ല. അങ്ങനെ പോകുന്നവരെ റിസോർട്ട് ജീവനക്കാർ ചീത്ത പറഞ്ഞും തല്ലിയും ഓടിക്കും. പൊലീസുകാരോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്ന് അവർ പറയുന്നു. ഈ റിസോർട്ടിലെ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും ബീയർ കുപ്പികളുമൊക്കെ ഈ ഭാഗത്ത് തള്ളുകയാണെന്നും പരിസരവാസികൾ പറയുന്നു.
ഈ ഭാഗത്ത് റിസോർട്ടുകളിൽ നിന്നും ബീച്ചിലേയ്ക്ക് ഇറങ്ങുന്നതിന് കുന്നുകൾ വെട്ടി പടികൾ നിർമ്മിച്ചിരിക്കുകയാണ്. കുന്നുകളുടെ താഴെ നിന്നും തലപ്പത്തേയ്ക്ക് നിയമങ്ങൾ ലഘിച്ചു കൊണ്ടാണ് പടി നിർമ്മാണം. പാപനാശം കുന്നുകളുടെ സംരക്ഷണത്തിനായി പ്രത്യേകനിയമം മുൻസിപ്പാലിറ്റി പാസാക്കിയിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തിയാണ് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ.
പാപനാശം കുന്നുകൾ ഇടിച്ച് നടപ്പാത പണിയാനുള്ള നീക്കം നേരത്തെ വിവാദത്തിലായിരുന്നു. ബലിതർപ്പണം നടക്കുന്ന സ്ഥലത്തു നിന്നു വടക്കുഭാഗത്തെ വഴിയിലെ പഴയ തടിപ്പാലം പുനർനിർമ്മിക്കാനും തുടർന്നു പ്രധാന ബീച്ച് വരെ നടപ്പാത പണിയാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കടലാക്രമണ പ്രതിരോധത്തിന് തീർത്ത കരിങ്കൽഭിത്തി അനുമതിയില്ലാതെ മണ്ണുമാന്തിയുടെ സഹായത്തോടെ ഇളക്കിയതിനെതിരെ ഇറിഗേഷൻ വകുപ്പ് വിശദീകരണം തേടുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ കുന്നിനു ദോഷകരമെന്നു വാദിച്ചു പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. പത്തു കോടിയുടെ പദ്ധതിയുടെ മറവിലാണ് അന്ന് കുന്ന് നശിപ്പിക്കാൻ ടൂറിസം വകുപ്പും സ്വകാര്യവ്യക്തികളും ചേർന്ന് ശ്രമിച്ചത്. വ്യാപകമായ കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും മൂലം പാപനാശം കുന്നിന്റെ പല ഭാഗങ്ങളും തകർന്നുകഴിഞ്ഞു. എന്നിട്ടും കുന്ന് ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഈ കുന്നുകൾ സംരക്ഷിക്കാൻ ഒന്നും ചെയ്യാതെ മയക്കത്തിലാണ് അധികൃതർ
റിസോർട്ട് ഉടമകളും ബീച്ച് പൊലീസും ലൈഫ് ഗാർഡുകളും ചില മുൻസിപ്പാലിറ്റി അധികൃതരും ചേർന്ന കോക്കസാണ് ഇവിടത്തെ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. പിതൃദർപ്പണങ്ങൾക്ക് വരുന്ന ആളുകൾക്ക് അസ്ഥി നിമഞ്ജ്ജന കർമ്മങ്ങൾ ചെയ്തുകൊടുക്കുന്നത് പോലും അവിടത്തെ ലൈഫ് ഗാർഡുകളാണ്. പരമ്പരാഗതമായി ഇത് ചെയ്തുവരുന്ന പരികർമ്മികളെ ഇവിടേയ്ക്ക് അടുക്കാൻ പോലും ലൈഫ് ഗാർഡുകൾ അനുവദിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇപ്പോൾ കോവിഡ് മൂലം പിതൃദർപ്പണങ്ങൾ നടക്കുന്നില്ല.
എന്നാൽ വേണ്ടപ്പെട്ടവർക്ക് പിതൃദർപ്പണത്തിനുള്ള സൗകര്യങ്ങൾ ലൈഫ് ഗാർഡകളും പൊലീസും ചെയ്തുകൊടുക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. അസ്ഥി നിമഞ്ജ്ജനത്തിനും ബലി ഇടുന്നതിനും എത്തുന്നവരെ ലൈഫ് ഗാർഡിന് മുന്നിലെത്തിക്കുന്നതിന് പൊലീസ് പ്രത്യേക കമ്മീഷനും കൈപ്പറ്റുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് മുൻസിപാലിറ്റി സെക്രട്ടറിയുടെ വിശദീകരണം. കാര്യങ്ങൾ അന്വേഷിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി മറുനാടനോട് പറഞ്ഞു.