ഡമാസ്‌കസ്: വിചിത്രമാണ് ഈ ലോകത്തിന്റെ കഥ. ലോകത്തിന് മുഴുവൻ ഭീഷണി ഉയർത്തുന്ന ഐസിസിനെ തുടച്ചു നീക്കാൻ ധൈര്യം കാണിച്ചു റഷ്യ രംഗത്തിറങ്ങിയപ്പോൾ ലോക പൊലീസുകാർ ഒപ്പം നിൽക്കുമെന്നല്ലേ കരുതേണ്ടത്. എന്നാൽ യുദ്ധം ചെയ്തു തകർക്കും എന്നാണ് അവരുടെ ഭീഷണി. ഐസിസിനെ തുടച്ചു നീക്കാൻ റഷ്യയും ചൈനയും ചേർന്ന് പദ്ധതി പൂർത്തിയാക്കി കഴിയുമ്പോഴാണ് അമേരിക്കയുടെ ഭീഷണി ശക്തമായത്. ഈ ദിവസങ്ങളിൽ തന്നെ മൂന്നാം ലോക മഹാ യുദ്ധത്തിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾക്ക് തുടക്കമാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. തീവ്രവാദികൾ പുനഃസംഘടിക്കാതിരിക്കാനും ജനവാസകേന്ദ്രങ്ങളിലേക്ക് വിഭജിച്ച് പോകാതിരിക്കാനുമാണ് ആക്രമണങ്ങളുടെ വേഗത കൂട്ടുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സിറിയയിൽ വിമത മുന്നേറ്റവും ശക്തമാണ്. അമേരിക്ക അടക്കമുള്ള നാറ്റോ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ഇത്. വടക്കൻ മേഖലയിലെ അലപ്പോ നഗരത്തിൽ ഐ.എസ് മുന്നേറ്റം. വ്യോമാക്രമണത്തിൽ നിരവധി ഐ.എസ് പരിശീലന കേന്ദ്രങ്ങൾ തകർത്തതായി റഷ്യ അവകാശപ്പെടുന്നതിനിടെയാണിത്. മേഖലയിലെ അഞ്ചു ഗ്രാമങ്ങൾ ഐ.എസ് പിടിച്ചെടുത്തു. വിമതരിൽ നിന്ന് വടക്കൻ മേഖല തിരിച്ചുപിടിക്കുന്നതിനായി സിറിയൻ സൈന്യം ആക്രമണം കൂടുതൽ ശക്തമാക്കി. ഇതിനൊപ്പമാണ് ഐസിസിനെ ഇറാക്കിൽ നിന്നും തുടച്ചു നീക്കാനുള്ള ശ്രമം. ഒന്നര ലക്ഷത്തോളം സൈനികരെ ഇറാക്കിൽ ഇറക്കും. ചൈനയും ഈ നീക്കത്തിന് എല്ലാ പിന്തുണയും നൽകും. ദിവസങ്ങൾക്കുള്ളിൽ ചൈനയുടെ സൈനികരും യുദ്ധ വിമാനങ്ങളും മേഖലയിൽ എത്തും. ഇതോടെ തീവ്രവാദത്തിന് എതിരായ പോരാട്ടം ശക്തമാകും. അമേരിക്കയും മറ്റ് കക്ഷികളും എതിർപ്പുമായി നിൽക്കുന്നത് റഷ്യൻ നീക്കത്തെ സ്വാധീനിച്ചിട്ടേ ഇല്ല. ഈ സാഹചര്യത്തിൽ കരുതലോടെയാണ് നാറ്റോയുടേയും നീക്കം.

സിറിയയിൽ 50,000 ഐസിസ് ഭീകരരാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഒന്നര ലക്ഷത്തോളം പേരെ യുദ്ധത്തിന് അണി നിരത്താനുള്ള തീരുമാനം. ഇതിനൊപ്പമാണ് ഇറാക്കിലേക്കും സൈനികരെ അയയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വഌഡിമർ പുട്ടിന്റെ തീരുമാനം. അങ്ങനെ രണ്ടിടത്തും ഒരേ സമയം യുദ്ധം നടത്തി ഐസിസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനിടെ, റഷ്യക്കു പുറമേ ഫ്രാൻസും സിറിയയിൽ വ്യോമാക്രമണം തുടങ്ങി. റഖയിലെ ഐ.എസ് കേന്ദ്രം തകർത്തതായി ഫ്രാൻസ് അവകാശപ്പെട്ടു. 'ഇതാദ്യമായല്ല ആക്രമണം നടത്തുന്നത്, അവസാനത്തേതുമല്ല' റേഡിയോ സന്ദേശത്തിൽ ഫ്രാൻസ് പ്രതിരോധമന്ത്രി ജീൻ ഈവ്‌സ് ലെ ഡ്രയ്ൻ അറിയിച്ചു. അമേരിക്കയ്ക്ക് അലോസരമുണ്ടാക്കുന്നതാണ് ഈ നടപടി. റഷ്യക്കൊപ്പം ഫ്രാൻസും അണിചേരുമോ എന്ന ആശങ്കയും നാറ്റോയിൽ ശക്തമാണ്.

എന്നാൽ ബ്രിട്ടണിന്റെ നേതൃത്വത്തിൽ റഷ്യയ്ക്ക് തിരിച്ചടി നൽകാൻ നാറ്റോയും തയ്യാറെടുക്കുകയാണ്. ആണവ പോർമുഖം തുറക്കാനുള്ള സാധ്യതയാണ് തേടുന്നത്. ഭീകരതയെ തകർത്ത് ലോക ശക്തിയായി മാറാനുള്ള റഷ്യയുടെ നീക്കത്തിൽ അങ്കലാപ്പിലാണ് അവർ. ശീതയുദ്ധത്തിന് ശേഷം ഇത്രയേ യുദ്ധ ഒരുക്കങ്ങളിൽ ബ്രിട്ടൺ ഏർപ്പെടുന്നത് ഇത് ആദ്യമായാണ്. അമേരിക്കയുടെ നിർദ്ദേശപ്രകാരമാണിതെന്നാണ് വിലയിരുത്തൽ. ഏതായാലും അടുത്ത രണ്ട് ദിവസം നിർണ്ണായകമാണ്. അതിനിടെ സിറിയയിലെ വിമതർക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ അമേരിക്കയിൽ അന്താരാഷ്ട്ര സമ്മർദ്ദവുമുണ്ട്. വിമതർ ഐസിസുമായി കൈകോർക്കുന്ന സാഹചര്യം ഉയർത്തിയാണ് ഇത്. ഐസിസിന് പിന്നിൽ അമേരിക്കൻ താൽപ്പര്യമില്ലെന്ന് വരുത്താൻ കൂടിയാണ് പുതിയ നീക്കം. ഏതായാലും ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സിറിയയിൽ റഷ്യൻ ആക്രമണം തുടരുകയാണ്.

സിറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യൻ വ്യോമസേന 60 ഐസിസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും 300ഓളം തീവ്രവാദികളെ വധിച്ചുവെന്നും റഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇത്. നേരത്തെ ദിവസം പത്ത് ഇസിസ് കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യം വച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. കെഎബി 500 പ്രിസിഷൻ ഗൈഡഡ് ബോംബുകളാണ് റഖ പ്രൊവിൻസിലെ ലിവ അൽ ഹഖ് തീവ്രവാദി സംഘത്തിന്റെ ആസ്ഥാനം തകർക്കുന്നതിനായി വ്യോമസേന ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രണ്ട് ഇസിസ് ഫീൽഡ് കമാൻഡർമാരും 200ൽ അധികം തീവ്രവാദികളും ഇവിടെ കൊല്ലപ്പെട്ടു.

ലിവ അൽ ഹഖ് തീവരവാദി സംഘത്തിന് ഇസിസുമായി ബന്ധമില്ല എന്നാൽ രണ്ട് ഇസിസ് കമാൻഡർമാർ ഇവരുടെ താവളത്തിൽ എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമല്ല. വെള്ളിയാഴ്‌ച്ച തീവ്രവാദികളുടെ ആസ്ഥാനവും യുദ്ധസാമഗ്രികൾ സൂക്ഷിക്കുന്നയിടവുമായ അലെപ്പോയ്ക്കടുത്ത്ുള്ള പഴയ ജയിലിൽ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയും ചെയ്തു.