കുവൈറ്റ്: 50 വയസ് പ്രായമാകുന്ന പ്രവാസികളെ സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇതുസംബന്ധിച്ചുള്ള കണക്കെടുക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ എല്ലാ മന്ത്രാലയങ്ങൾക്കും ഉത്തരവ് നൽകി കഴിഞ്ഞു. മാർച്ച് 1 ന് 50 വയസ് പൂർത്തിയാകുന്ന പ്രവാസികളെയാണ് പിരിച്ചുവിടുക. പുതിയ സാമ്പത്തിക വർഷം തുടങ്ങുന്നതിനു മുന്നോടിയായാണ് കമ്മീഷന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

പുതിയ ഉത്തരവ് എല്ലാ രാജ്യങ്ങളിലേയും പ്രവാസികൾക്കും ബാധകമായിരിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് തയ്യാറാക്കുന്നതിനായാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചെലവുകളും പൊതു ഫണ്ടുകൾ പാഴായിപ്പോകുന്നതു കുറയ്ക്കുകയുമാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക രൂപം കണ്ടെത്താൻ പ്രത്യേക സമിതിയെ നിയമിക്കുവാനും തീരുമാനമായിട്ടുണ്ട്.

പിരിച്ചുവിടുന്ന തസ്തികകളിൽ സ്വദേശികളെയായിരിക്കും നിയമിക്കുക. ചില വിഭാഗങ്ങളിൽ ജോലി കാത്തിരിക്കുന്ന സ്വദേശികൾ ഉണ്ട്. ഇതു കണക്കിലെടുത്തു ഈ വിഭാഗങ്ങളിലായിരിക്കും ആദ്യം പിരിച്ചുവിടൽ നടക്കുക. കണക്കെടുപ്പിനായി എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകൾക്കും ഇതു സംബന്ധിച്ചുള്ള ഉത്തരവ് നൽകി കഴിഞ്ഞു.