മലപ്പുറം: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന 'എനിമി പ്രോപ്പർട്ടി'കൾ കേന്ദ്ര സർക്കാർ ലേലം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. സർവേ പൂർത്തിയാക്കിയ സ്വത്തുക്കളാണ് ആദ്യ ഘട്ടത്തിൽ ലേലം ചെയ്യുക. ഒരു ലക്ഷം കോടിയിലേറെ മൂല്യമുള്ള 9,400 എനിമി പ്രോപ്പർട്ടികൾ ലേലം ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ഇതേ തുടർന്നാണ് ലേല നടപടികളുമായി കേന്ദ്രം വേഗത്തിൽ മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളിൽ കേന്ദ്രം നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ മുഖേനയാണ് ലേല നടപടികകൾ നടക്കുക.

കേരളത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലായി 59 എനിമി ഭൂമികളുടെയും കൈവശക്കാരുടെയും വിവരങ്ങൾ കേന്ദ്രം ശേഖരിച്ചിട്ടുണ്ട്. ഇതിൽ മിക്ക സ്വത്തുക്കളുടെയും സർവേ പൂർത്തിയായി. എന്നാൽ നിലവിൽ സ്വത്തുക്കളുടെ മേൽ കേസുകളുള്ളത് ലേല നടപടിയെ ബാധിക്കും.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇത്തരം ഭൂമികളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നിലവിലുണ്ട്. സംസ്ഥാനത്ത് സർക്കാരിന്റെ പക്കലുള്ള കണക്കനുസരിച്ച് ഏതാണ്ട് നൂറ് ഏക്കറിലധികം എനിമി പ്രോപ്പർട്ടി ഉണ്ടെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം സ്വത്തുക്കൾ ഏറ്റവും കൂടുതലുള്ളത്. എനിമി പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ 600 ഓളം കേസുകൽ നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ നിലവിൽ 33 പേരാണ് എനിമി പ്രോപ്പർട്ടി വാങ്ങിയതായി സർക്കാരിന്റെ പക്കൽ രേഖകളുള്ളത്. ഇതനുസരിച്ച് ഭൂമി വാങ്ങിയ ഉടമകളെ ഒഴിപ്പിക്കുകയും കേസ് തീർപ്പാക്കുകയും ചെയ്താൽ മാത്രമേ ഈ സ്വത്തുക്കൾ ലേലം ചെയ്യാൻ സാധിക്കുകയുള്ളൂ. കേരളത്തിൽ പാക് പൗരന്മാരുടെ പേരിൽ ഏക്കർ കണക്കിന് ഭൂമികൾ കൈവശക്കാരുടെ പക്കലുള്ളതായി റവന്യു വകുപ്പ് മന്ത്രി നേരത്തെ നിയമസഭയിൽ നൽകിയ രേഖയിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരം ഭൂമികൾ 1968-ലെ എനിമി പ്രോപ്പർട്ടി നിയമ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എനിമി പ്രോപ്പർട്ടി കസ്റ്റോഡിയന്റെ കസ്റ്റഡിയിലും മേൽനോട്ടത്തിലുമായിരുന്നു. 1947-ലെ വിഭജന കാലത്തും 65-ലും 71-ലും നടന്ന ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തെ തുടർന്ന് ഇന്ത്യ വിട്ട് പാക് പൗരത്വം സ്വീകരിച്ചവരുടെയും ചൈനയിലേക്ക് കുടിയേറുകയും, ചെയ്ത മലയാളികളുടെ സ്വത്തുക്കളാണ് ഇപ്പോൾ കേരളത്തിലുള്ളത്. കേന്ദ്രം ഭേദഗതി ചെയ്ത നിയമമനുസരിച്ച് സ്വത്തുക്കളുടെ മേൽനോട്ടം ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എനിമി പ്രോപ്പർട്ടി കസ്റ്റോഡിയനിൽ നിക്ഷിപ്തമാണ്.

ലേല നടപടികളിലേക്ക് കടക്കുന്നതോടെ ഒരു ലക്ഷം കോടി രൂപയിലധകം സർക്കാറിന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എനിമി പ്രോപ്പർട്ടി (അമൻഡ്മെന്റ് ആൻഡ് വാലിഡേഷൻ) നിയമത്തിന്റെ ഭേദഗതിയിയിലൂടെയാണ് ഈ വസ്തുക്കൾ ലേലം ചെയ്ത് വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. വിഭജനകാലത്തും അതിന് ശേഷവും പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ നാട്ടിലെ സ്വത്തുക്കൽ അവരുടെ അനന്തരാവകാശികൾക്ക് യാതൊരു അവകാശവുമില്ലാതാക്കുന്നതാണ് ഈ നിയമ ഭേദഗതി.

പാക്കിസ്ഥാനിലേക്ക് പോയ 9280 പേരിൽ 4991 പേരുടെ സ്വത്തുക്കൾ ഉത്തർപ്രദേശിലാണുള്ളത്. 2735 പേരുടെ സ്വത്തുക്കൾ ബംഗാളിലും 487 പേരുടെ സ്വത്തുക്കൾ ഡൽഹിയിലുമുണ്ട്. ചൈനയിലേക്ക് പോയ 57 പേരുടെ സ്വത്തുക്കൾ മേഘാലയയിലും 29 പേരുടെ സ്വത്തുക്കൾ ബംഗാളിലുമാണ്. ആസാമിൽ ഏഴ് ചൈനീസ് പൗരന്മാരുടെ സ്വത്തുക്കളുമുണ്ട്.

പുതിയ നിയമം അനുസരിച്ച് ഇങ്ങനെ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തവരുടെ സ്വത്തുക്കളിൽ അവരുടെ അനന്തരാവകാശികൾക്കോ മറ്റോ യാതൊരു അവകാശവുമുണ്ടാകില്ല. ഈ വസ്തുക്കൾ രാജ്യത്തിന്റെ സ്വത്തായി സ്വാഭാവികമായും മാറും. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം 1968-ലാണ് എനിമി പ്രോപ്പർട്ടി ആക്ട് നിലവിൽ വന്നത്. ആ നിയമത്തിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിട്ടുള്ളത്.

ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലുമായി ഉള്ള സ്വത്തുക്കളിന്മേൽ പാക്കിസ്ഥാൻ പൗരനായ രാജ മുഹമ്മദ് ആമിർ മുഹമ്മദ് ഖാൻ അവകാശവാദമുന്നയി്ച്ചതോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലുണ്ട സ്വത്തുക്കൾ നേരത്തെ പാക് സർക്കാർ വിൽപന നടത്തിയിരുന്നു.