- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ
കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ ഉന്നർക്കെതിരെ മൊഴി നൽകാൻ പ്രതികൾക്ക് മേൽ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ ഇഡി. ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇഡി ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തില് പറഞ്ഞു.
കേസിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച വാദഗതികൾക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ആക്ഷേപങ്ങൾ ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ഇഡിക്കെതിരേ വ്യാജ തെളിവുകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സന്ദീപ് നായരുടെ കത്തിനു പിന്നിൽ ഉന്നതരാണെന്നും നിലവിൽ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.
ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആർ കോടതിയുടെ പരിശോധനയിൽ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇഡി പറയുന്നു. ക്രൈംബ്രാഞ്ച് മെനഞ്ഞെടുത്ത കഥകളാണ് സന്ദീപ് നായരുടെ പരാതിക്ക് പിന്നിലെന്നും ഇഡി കുറ്റപ്പെടുത്തി.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ായിരുന്നു സന്ദീപ് നായരുടെ മൊഴി. ഇ.ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്ദീപിന്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്.
മറുനാടന് മലയാളി ബ്യൂറോ