- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരെ നിങ്ങൾ തീവ്രവാദികളെന്ന് വിളിക്കുമ്പോൾ യഥാർഥ തീവ്രവാദികൾ കശ്മീർ അതിർത്തിയിലേക്കെത്തുകയാണ്; കേന്ദ്ര ഏജൻസികളെ അതിർത്തിയിലേക്ക് അയക്കണമെന്നും സാമ്നയിലെ ലേഖനം; കർഷക മാർച്ചിനെതിരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ പേരിൽ ബിജെപിയെ കടന്നാക്രമിച്ച് ശിവസേന
മുംബൈ: കർഷക മാർച്ചിനെതിരായ കേന്ദ്ര സർക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലാണ് ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ശിവസേന രൂക്ഷ വിമർശനം ഉയർത്തുന്നത്. പ്രതിഷേധിക്കാനെത്തിയ കർഷകർക്കെതിരെ കടുത്ത ശീതക്കാറ്റിനിടയിലും ജലപീരങ്കി പ്രയോഗിച്ചത് ക്രൂരമാണെന്നും പാർട്ടി ആരോപിക്കുന്നു. ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷകമാർച്ചിനെതിരെ നടന്ന പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശിവസേനയുടെ വിമർശനം. രാജ്യത്തിന്റെ അന്തരീക്ഷം തകർക്കൽ മാത്രമല്ല സ്വേഛാധിപത്വം കൂടിയാണ് ബിജെപി ക്ഷണിച്ചുവരുത്തുന്നതെന്ന് ശിവസേന ആരോപിക്കുന്നു. ഖലിസ്ഥാൻ വിഷയം വീണ്ടും ഉയർത്തി പഞ്ചാബിൽ രാഷ്ട്രയം കളിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ അത് കത്തിപ്പടർന്നാൽ രാജ്യത്തിന് ഒന്നടങ്കം വിനാശകരമാവുമെന്നും സാമ്നയിലെ ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്തിൽ മോദിയും, ഷായും ചേർന്ന് അനാച്ഛാദനം ചെയ്ത കൂറ്റൻ പ്രതിമ സർദാർ വല്ലഭായ് പട്ടേലിന്റേതാണ്, ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം കർഷകർക്ക് വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധം നയിച്ചയാളാണ്. നിങ്ങൾ കർഷകരോട് ചെയ്യുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതിമ പോലും വിലപിക്കുന്നുണ്ടാവുമെന്ന് സാമ്ന പറയുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രഏജൻസികൾ ലക്ഷ്യമിടുന്നുവെന്നും സാമ്ന പറയുന്നു. എൻഫോഴ്സ്മെന്റിനേയും സിബിഐയേയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഈ ഏജൻസികൾക്ക് അവരുടെ സാമർഥ്യം തെളിയിക്കാനുള്ള അവസരം കൊടുക്കണം. പ്രതിഷേധിക്കുന്ന കർഷകരെ നിങ്ങൾ തീവ്രവാദികളെന്ന് വിളിക്കുമ്പോൾ യഥാർഥ തീവ്രവാദികൾ കശ്മീർ അതിർത്തിയിലേക്കെത്തുകയാണ്. എപ്പോഴും ബുള്ളറ്റുകൾ ഫലപ്രദമായി പ്രയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിനാൽ ഈ കേന്ദ്ര ഏജൻസികളെ നിങ്ങൾ അതിർത്തിയിലേക്കയക്കുക, അല്ലാതെ വേറെ മാർഗമില്ല." ശിവസേന എംഎൽഎക്കെതിരെ എൻഫോഴ്സ്മെന്റ് നടത്തിയ അന്വേഷണം അനാവശ്യമായിരുന്നുവെന്നും സാമ്ന പറയുന്നുണ്ട്.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ചിന് ഖലിസ്താൻ ബന്ധമുണ്ടെന്ന് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ആരോപിച്ചിരുന്നു. പ്രതിഷേധക്കാർ സിഖ് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ഇതിനെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
അതിനിടെ, കർഷകരുമായി നാളെ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, ചർച്ചക്കുള്ള വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കാൻ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികൾ കർഷകർ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചർച്ചക്ക് സർക്കാർ തന്നെ മുൻകൈ എടുക്കുന്നത്.
കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേർന്നു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കർഷകരാകട്ടെ ഡൽഹിയിലേക്കുള്ള പ്രവേശന കവടങ്ങൾ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു.
കർഷക സമരം അഞ്ചാംനാളിൽ കൂടൂതൽ ഊർജ്ജിതമാകുന്നു. കേന്ദ്രസർക്കാറിന്റെ മുഴുവൻ നിർദ്ദേശങ്ങളും തള്ളിക്കളഞ്ഞ് കൂടുതൽ കർഷകരെ എത്തിച്ച് ഡൽഹിയെ വരുതിയിലാക്കാനാണ് സമരസമിതിയുടെ തീരുമാനം.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതൽ കർഷകർ തലസ്ഥാനത്തേക്ക് എത്തും. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്കെത്താൻ സമിതി ആഹ്വാനം ചെയ്തു.കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക് വ്യാപിക്കുവാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ പരിഹാരമാകാത്ത പക്ഷം ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കാനാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
മറുനാടന് ഡെസ്ക്