തിരുവനന്തപുരം: ബാർകോഴയിൽ ബിജു രമേശിന്റെ ലക്ഷ്യം സിബിഐ അന്വേഷണമാണ്. തന്നെ ബാർ കോഴയിലേക്ക് ഇറക്കി വിട്ട എല്ലാവരേയും ഒരു പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യം. അതിന് ബിജെപിയുടെ ഘടകകക്ഷിയും മുന്മന്ത്രിയുമായ എംവി താമരാക്ഷനെ തന്നെ കൂട്ടിന് കിട്ടി. എന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള താമരാക്ഷൻ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ എഴുതി തയ്യാറാക്കിയ തിരക്കഥ രണ്ടാം ഭാഗത്തിലെത്തി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അന്വേഷണ വിഭാഗമായ എൻഫോഴ്‌സ്‌മെന്റ് ബാർകോഴയിൽ അന്വേഷണം തുടങ്ങി. ഇനി സിബിഐ അന്വേഷണത്തിന് സാമ്പത്തിക കാര്യ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യും. അതിന് ഒപ്പിച്ച് കാര്യങ്ങൾ നീങ്ങുകയും ചെയ്യും.

ബോർ കോഴയിൽ അന്വേഷണം നടത്തുന്ന വിജിലൻസിനും ഇത് തലവേദനയാണ്. ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയാൽ വിജിലൻസിന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കേണ്ടിവരും. ഇതിനൊപ്പം മന്ത്രിമാർക്ക് അപ്പീൽ നൽകി ഹിയറിംഗിന് ഹാജരാകേണ്ടിയും വരും. ആദായ നികുതി വകുപ്പിന്റെ വിലയിരുത്തൽ തെറ്റാണെന്ന് തെളിയിക്കേണ്ടത് മന്ത്രിമാരുടെ ബാദ്ധ്യതയാകും. ആദായനികുതി വകുപ്പ് കേന്ദ്രസർക്കാരിന്റെ കീഴിലായതിനാൽ രാഷ്ട്രീയസമ്മർദ്ദങ്ങൾ വിലപ്പോവില്ല. അങ്ങനെ മാണിയും യുഡിഎഫിനേയും വലിയൊരു കുരുക്കിലെത്തിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റിന്റെ ഇടപെടൽ.

യു.ഡിഎഫ് മന്ത്രിസഭയിലെ പത്തോളം മന്ത്രിമാർ ബാർ കോഴയിൽ കുടുങ്ങുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി കോൺഗ്രസിനെ തകർക്കാൻ ഒരു ആയുധമായി ബാർ കോഴയെ കേന്ദ്ര സർക്കാർ കാണുന്നു. കേരളത്തിൽ നോട്ടമിട്ടുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ തന്ത്രങ്ങൾക്ക് കരുത്ത് പകരനാണ് ഇത്. ബാർ കോഴയിൽ കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുമെന്ന് വിവാദത്തിന് തുടക്കമായപ്പോൾ തന്നെ ബിജെപി കേന്ദ്രങ്ങളെ ഉദ്ദരിച്ച മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ബിജു രമേശിനെ മാപ്പുസാക്ഷിയാക്കിയാകും നീക്കം. ബാർ കോഴയിൽ നേരിട്ട് ഇടപെടാത്ത വ്യക്തിയാണ് ബിജു രമേശ്. അദ്ദേഹം ആർക്കെങ്കിലും കോഴ നൽകിയിട്ടുമില്ല. അതുകൊണ്ട് തന്നെ നിയമപരമായി സുരക്ഷിതാവസ്ഥയിലാണ് ബിജു രമേശ്.

വർക്കല ശിവഗിരി മഠവുമായി ബിജു രമേശിന് അടുത്ത ബന്ധമാണ് ഉള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനും ശിവഗിരിയുടെ സ്വന്തം വ്യക്തിയാണ്. ഇതിലൂടെ മുരളീധരനും ബിജു രമേശും തമ്മിൽ അടുത്ത സൗഹൃദമൂണ്ട്. ഇത് തന്നെയാണ് ബാർ കോഴയിലെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന് പിന്നിലും. ധനകാര്യ മന്ത്രി കെ.എം.മാണിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ ബാർ കോഴക്കേസിൽ കേന്ദ്ര ആദായനികുതി വകുപ്പ് അന്വേഷണം വളെര നേരത്തെ തുടങ്ങിയുരന്നു. എന്നാൽ സിബിഐ അന്വേഷണമെന്ന താമരാക്ഷന്റെ ആവശ്യം നിരസിച്ചതോടെ നേരിട്ട് ഇടപെടലും തുടങ്ങി. കേന്ദ്ര നിർദ്ദേശപ്രകാരം സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്‌സേഷന് കീഴിലുള്ള കൊച്ചിയിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് അന്വേഷണത്തിനുള്ള ഉത്തരവ് പുറത്തിറക്കിയത്.

മന്ത്രി കെ.എം.മാണി, കോഴ വാങ്ങിയെന്ന് ബാറുടമകൾ പറയുന്ന നാല് കോൺഗ്രസ് മന്ത്രിമാർ, കോടികളുടെ കോഴപ്പണമൊഴുക്കിയ ബാറുടമകൾ എന്നിവരെല്ലാം അന്വേഷണ പരിധിയിൽ വരും. പൂട്ടിയ 418 ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് 20 കോടി രൂപ പിരിച്ചെടുത്തെന്നാണ് അസോസിയേഷൻ യോഗത്തിന്റെ മിനിട്ട്‌സിലുള്ളത്. മന്ത്രിമാർക്ക് കോടികൾ കോഴ നൽകിയതിനെക്കുറിച്ചും മിനിട്ട്‌സിലുണ്ട്. 418 ബാറുകൾ തുറക്കാതിരിക്കാൻ മറ്റൊരു 30 കോടിയുടെ ഇടപാടും പുറത്തായിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും കൈമാറ്റവുമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. പിരിവ് നൽകിയ ബാറുടമകൾ പണത്തിന്റെ ഉറവിടത്തിന്റെ ഉൾപ്പെടെയുള്ള തെളിവുകൾ നൽകേണ്ടിവരും. 30 ശതമാനം ആദായനികുതി അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാമെങ്കിലും പണം ആർക്കൊക്കെ നൽകിയെന്ന് വിശദീകരിക്കേണ്ടിവരും. അങ്ങനെയുള്ള തെളിവ് കിട്ടിയാൽ സിബിഐ അന്വേഷണമെന്ന ശുപാർശ നൽകാനുമാകും. അതിലുപരി നിർണ്ണായക തെളിവകുളെല്ലാം കൈക്കലാക്കാനും കഴിയും.

കോഴ വാങ്ങിയ മന്ത്രിമാരുടെ വിവരങ്ങൾ ലഭിച്ചാൽ അവർക്ക് നോട്ടീസ് നൽകുമെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞു. ആദായനികുതി നിയമപ്രകാരം അവസാനം പണം സ്വീകരിച്ചയാളാണ് നികുതി അടയ്‌ക്കേണ്ടത്. ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ അപ്പീൽ പോകണമെങ്കിൽ പോലും നികുതിയുടെ നിശ്ചിത ശതമാനം കെട്ടിവയ്‌ക്കേണ്ടിവരും. അഴിമതി നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പിന് കേസെടുക്കാനാവില്ലെങ്കിലും നടപടി തുടങ്ങിയാൽ വിജിലൻസിന് മന്ത്രിമാർക്കെതിരേ കേസെടുക്കേണ്ടിവരും. കോഴയാരോപണം ഉയർന്നിട്ട് മൂന്ന് മാസത്തോളമായിട്ടും പണം നൽകിയവരുടേയോ ആരോപണവിധേയരുടേയോ ബാങ്ക് അക്കൗണ്ടുകളോ ലോക്കറുകളോ പണമിടപാട് രേഖകളോ വിജിലൻസ് പരിശോധിച്ചിട്ടില്ല. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. റെയ്ഡുകൾ നടത്താനും ചോദ്യംചെയ്യലിന് നോട്ടീസ് നൽകാനും അന്വേഷണ സംഘത്തിന് അനുമതിയുണ്ട്.

കെ.എം.മാണിക്ക് മൂന്നുകോടി രൂപ നൽകിയെന്ന് ബിജുരമേശ് ആദായനികുതി വകുപ്പിന് മൊഴിനൽകി. ഇതിൽ 10ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിന്റെ വിവരങ്ങളും നൽകി. സ്വർണവ്യാപാരികളിൽ നിന്നും ബേക്കറിക്കാരിൽ നിന്നും അരിമില്ലുടമകളിൽ നിന്നും കോഴവാങ്ങിയതായി മാണിക്കെതിരെ ഉയർന്ന ആരോപണങ്ങളും ബിജുവിന്റെ മൊഴിയിലുണ്ട്. ബാലകൃഷ്ണ പിള്ളയുടെ വെളിപ്പെടുത്തലുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇത്. വിവിധ സംസ്ഥാനങ്ങളിൽ അവശ്യസാധനങ്ങൾക്ക് നികുതിയിളവ് നൽകാൻ ഐ.ടി.സി അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് കോഴവാങ്ങിയതിനെ ക്കുറിച്ച് ദേശീയതലത്തിൽ ആദായനികുതിവകുപ്പ് അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലകൃഷ്ണ പിള്ളയേയും എൻഫോഴ്‌സ്‌മെന്റെ ചോദ്യം ചെയ്‌തേയ്ക്കും.