കൊച്ചി: കുവൈത്ത് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പു വർഗീസിന്റെ പണമിടപാടുകൾ ബിനാമികളെ മറയാക്കിയെന്ന വിവരം എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് ലഭിച്ചു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉതുപ്പുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകൾ എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചു. നഴ്‌സുമാരെ പറ്റിച്ച് കോടികൾ സമ്പാദിച്ച ഉതുപ്പ് ബിനാമികളുടെ പേരിലും കോടികൾ സമ്പാദിച്ചു കൂട്ടിയെന്നാണ് വ്യക്തമാകുന്നത്.

ഉതുപ്പുമായി അടുത്ത ബന്ധമുള്ള കോട്ടയം മണർകാട് ബെസ്റ്റ് ബേക്കറി ഉടമകളായ സി.പി. പ്രേം രാജ്, സി.പി. രമേശ് എന്നിവരുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും മറ്റുമാണ് ഇന്നലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം റെയ്ഡ് നടത്തിയത്. ഇതിൽ നിന്നാണ് ഉതുപ്പിന്റെ ബിനാമി സാമ്രാജ്യത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ബേക്കറി ഉടമകളുമായി ഉതുപ്പ് ബിനാമി ഇടപാടുകൾ നടത്തുന്നതായി സിബിഐക്ക് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇവർ നടത്തിയ സ്വകാര്യ പരിപാടികളിലെല്ലാം ഉതുപ്പ് പങ്കെടുത്തിരുന്നതിനും തെളിവു ലഭിച്ചു.

കോട്ടയത്തും പരിസരത്തുമായി ഉതുപ്പ് കെട്ടിടങ്ങളും തോട്ടങ്ങളും വാങ്ങികൂട്ടിയിട്ടുണ്ട്. അടുത്തകാലത്തായി ഉതുപ്പ് നടത്തിയ ഭൂമി ഇടപാടുകളിൽ കൃത്രിമം നടത്തിയതായി പരാതി ലഭിച്ചതിനെത്തുടർന്ന് കോട്ടയത്തെ ആധാരം എഴുത്തുകാരനായ ആർ. രാജേഷിനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന ഭീതിയിൽ ഭൂമി ഇടപാടുകൾക്ക് ഉതുപ്പ് ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലെ വിശ്വസ്തനായ രാജേഷിനെ ചോദ്യം ചെയ്തത്.

നഴ്‌സുമാരിൽ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ തുക മുഴുവൻ ഇയാൾ നിക്ഷേപിച്ചിരുന്നത് പുതുപ്പുള്ളിയിലെ സഹകരണ ബാങ്കിലായിരുന്നു. ഇതിന്റെ വിശദാംശങ്ങളും രേഖകളും എൻഫേഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്. തുക നിക്ഷേപിക്കുന്നത് വിശ്വസ്തരുടെ പേരിലാണെങ്കിലും നോമിനി ഉതുപ്പിന്റെ ഭാര്യ സൂസൻ ഉതുപ്പാണെന്നതിനും തെളിവുകൾ ലഭിച്ചു. ഉതുപ്പിന്റെ സ്വകാര്യ വിദേശയാത്രകളിൽ ബേക്കറി ഉടമയായ സി.പി. പ്രേം രാജിനെ കൂടെകൂട്ടിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പുതുപ്പള്ളിയിലെ സഹകരണ ബാങ്കിൽനിന്ന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഉടമ കോടികളുടെ വായ്പ എടുത്തിട്ടുണ്ട്. ഇവരും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റിനു വേണ്ടി ഏജൻസിക്ക് കരാർ ലഭിക്കുന്നതിനായി കുവൈത്തിലെ ഏജൻസിക്ക് മുൻകൂറായി പണം നൽകുന്നതിനാണ് ഈ തുക വിനിയോഗിച്ചത്.

നഴ്‌സുമാർക്ക് സൗജന്യ വിമാനടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങൾ കുവൈത്ത് സർക്കാർ നൽകിയിരുന്നു. ഇത് മൂടിവച്ചായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്. ബ്ലാങ്ക് ചെക്കുകളും ഉദ്യോഗാർഥികളിൽനിന്നു വാങ്ങുന്ന സത്യവാങ്മൂലവും ഇവരെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വേണ്ടിയായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഹവാല ഇടപാടുകളിലെ മുഖ്യ കണ്ണിയാണ് ഉതുപ്പ്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫ്ളാറ്റുകളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. തിരുവഞ്ചൂരിൽ എട്ടേക്കർ റബർതോട്ടം ആശുപത്രി നിർമ്മാണത്തിനായി കുറഞ്ഞ നിരക്കിൽ വാങ്ങിയിട്ടുണ്ട്.

അതേസമയം നഴ്‌സിങ്ങ് തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ അണിയറയിൽ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. യാക്കോബായ സഭയിലെ കമാൻഡർ കൂടിയായ വർഗീസ് ഉതുപ്പിനെ രക്ഷിക്കാൻ പരാതികൾ ഒതുക്കാനായാണ് ചിലർ രംഗത്തെത്തിയത്. കുവൈത്തിലേക്ക് നഴ്‌സ് ജോലിക്കായി വിസ നൽകി ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന പരാതി ലഖൂകരിക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കം. യാക്കോബായ സഭയിലെ ഒരു പ്രമുഖ വ്യവസായിയുമാണ് കേരളത്തിൽ നിന്ന് ഉതുപ്പിന് വേണ്ട സഹായം നൽകുന്നതെന്നും ഇവരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരാതിക്കാരായ ചിലരെ മധ്യസ്ഥർ മുഖാന്തിരം സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വർഗീസ് ഉതുപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വച്ചിരുന്നു.25 നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ സമയം വേണമെന്ന് ഉതുപ്പിന്റെ അഭിഭാഷകൻ തന്നെയാണ് ആവശ്യപ്പെട്ടത്. സിബിഐ ഈ വാദത്തെ എതിർക്കാൻ മുതിരാതിരുന്നതും ശ്രദ്ദേയമായി.തട്ടിപ്പ് കേസിൽ പ്രതിയായി ഇത്രയും ദിവസം പിന്നിട്ടിട്ടും ഇത് വരെ അന്വേഷണവുമായി സഹകരിക്കാനോ തന്റെ വ്യക്തിപരമായ വിവരങ്ങൾ നൽകുവാനോ ഉതുപ്പ് തയ്യാറായിട്ടില്ലെന്ന് സിബിഐ കോടതിയിൽ മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. കേസ് ഹവാല ഇടപാടുകളിലേക്കും മറ്റും അന്വേഷണം നീങ്ങുമെന്ന് ഉറപ്പായതോടെയാണ് കുവൈത്തിലുണ്ടായിരുന്ന വർഗീസ് ഉതുപ്പ് നാട്ടിലേക്ക് വരാതെ ഒളിച്ചുകളി ആരംഭിച്ചത്.