- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരൂർമുഴി കമ്യൂണിറ്റി ഹാളിൽ എംഗൽസിന്റെ കല്യാണം; പങ്കെടുക്കാൻ ലെനിനും ഹോചിമിനും; വിദേശത്ത് നിന്നും മാർക്സുമെത്തി; മഹാരഥന്മാരുടെ അത്യപൂർവ സംഗമവേദിയായി ആതിരപ്പള്ളി
തൃശൂർ: കമ്യൂണിസ്റ്റ് മഹാരഥന്മാരുടെ അത്യപൂർവ സംഗമം അതിരപ്പള്ളിയിൽ. എംഗൽസും മാർക്സും ലെനിനും ഹോചിമിനുമാണ് ഇന്നലെ ആതിരപ്പള്ളിയിൽ ഒന്നിച്ചുകൂടിയത്. അതിരപ്പിള്ളി അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന എംഗൽസിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് മാർക്സും ലെനിനും ഹോചിമിനും എത്തിയത.
ഇത് വെറുമൊരു കെട്ടുകഥയായി തോന്നാമെങ്കിലും കഥയല്ലിത് ജീവിതമാണ്. കല്യാണത്തിന് വെറുതേ പങ്കെടുക്കാനല്ല, എംഗൽസിന്റെ വിവാഹം നടത്തികൊടുക്കാനാണ് മാർക്സും ലെനിനും ഹോചിമിനും എത്തിയത്. അതിരപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഏംഗൽസിന്റെ വിവാഹമാണ് അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നത്. സാക്ഷികളായി ഉണ്ടായിരുന്നത് സഹോദരൻ ലെനിനും സുഹൃത്തുക്കളായ ഹോചിമിനും മാർക്സും. ബിസ്മിതയായിരുന്നു വധു.
വിദേശത്ത് ജോലി ചെയ്യുന്ന മാർക്സ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയതാണ്. അതിരപ്പിള്ളി സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കൾക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാർക്സ്, ഹോചിമിൻ എന്നിവരുടെ പേര് നൽകിയത്.
കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കറുകുറ്റിക്കാരൻ തോമസും ഇതേരീതി പിൻതുടർന്നു. തന്റെ മക്കൾക്ക് ഏംഗൽസ്, ലെനിൻ എന്ന് പേരിട്ടു. പേരിൽ മാത്രമല്ല കല്യാണക്കുറിയിലുമുണ്ട് പ്രത്യേകതകൾ. വിവാഹം ക്ഷണിച്ചിരിക്കുന്നത് സിപിഎം ലോക്കൽ സെക്രട്ടറി കെ എസ് സതീഷ് കുമാറാണ്.
ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നൽകുന്നത്. ഏംഗൽസിന്റെ അമ്മ: ആനീസ്. അങ്കമാലി തുറവൂർ വള്ളിക്കാടൻ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത.