കുവൈറ്റ് സിറ്റി : കുവൈറ്റിലെ എഞ്ചിനീയർമാർ നേരിടുന്ന പ്രശ്നത്തിൽ കേന്ദ്രസർക്കാർ ഇടപെടുമെന്ന് വിദേശകാര്യ സഹ മന്ത്രി വി.കെ.സിങ് അറിയിച്ചു. കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രതിനിധിസംഘവുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഉറപ്പ് നൽകിയത്.

കുവൈറ്റിലെ പുതിയ നിയമപ്രകാരം പ്രവാസി എഞ്ചിനീയർന്മാർക്ക് കുവൈറ്റ് എഞ്ചീനിയർ സൊസൈറ്റിയിൽ നിന്നും സമ്മതപത്രം ഹാജരാക്കിയാൽ മാത്രമേ വിസ പുതുക്കി നൽകുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എഞ്ചിനീയറിങ് ബിരുദം നേടിയ കോളേജിന്റെ അംഗീകാരവും ഗ്രേഡും പരിഗണിച്ചുകൊണ്ടുമാത്രമേ സമ്മതപത്രം നിലവിലത്തെ നിയമപ്രകാരം നൽകുകയുമുള്ളു.

കുവൈറ്റിലെ എഞ്ചിനീയർമാർ ഇന്ന് നേരിടുന്ന പ്രതിസന്ധി സംഘം വിവരിക്കുകയും പ്രശ്നപരിഹാരത്തിനായി ഉടനടി ഇടപെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. വിഷയത്തിന്റെ പ്രധാന്യം മനസിലാക്കി കേന്ദ്രസർക്കാർ ഇടപെട്ട് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി.

എഞ്ചിനീയർമാരുടെ പ്രതിനിധികളായി സംഘത്തിലുണ്ടായിരുന്നവർ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പേഴ്സണൽ സെക്രട്ടറിക്ക് വിശദമായ നിവേദനം കൈമാറി പ്രശ്നത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തി. എ.ഐ.സി.റ്റി.ഇ. ചെയർമാൻ അനിൽ പി സഹസ്രബുദ്ധെ വിഷയത്തിൽ ഇടപെടുകയും സഹകരണം ഉറപ്പുവരുത്തുകയും ചെയ്തു. ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് അഡ്വ. സുമോദ്, സേവാദർശൻ പ്രസിഡന്റ് സഞ്ജുരാജ്, എഞ്ചിനീയർമാരായ അരുൺ, സുധീർ മേനോൻ, പ്രഭാകരൻ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.