കൊച്ചി: കേരളത്തിന് പുറത്തുള്ള എൻജിനീയറിങ് കോളേജുകളിൽ അഡ്‌മിഷൻ വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ ദമ്പതികളായ പ്രതികൾ വൻ തട്ടിപ്പിന് ലക്ഷ്യമിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. എൻജിനീയറിങ് കോളേജ് അഡ്‌മിഷൻ തരപ്പെടുത്തി നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടിയ ഇവർ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണം സംഘത്തിന് വിവരം ലഭിച്ചു. ജാർഖണ്ഡ് സർക്കാറിനെ സ്വാധീനിച്ച് 300 ഏക്കറിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഇവർ ശ്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകേസിൽ ജയേഷ് ജെ. കുമാറും ഭാര്യ രാരിയും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി വൻ പണപ്പിരിവ് ഇവർ നടത്തുകയും ചെയ്തു. മെഡിക്കൽ സീറ്റ് തട്ടിപ്പു കേസുമായി ഈ തട്ടിപ്പിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പു കേസിലെ മുഖ്യപ്രതി കവിതാ പിള്ളയുടെ സഹായിയായിരുന്ന റാഷ് ലാലിന്റെ സഹോദരിയാണ് രാരി. ഇവരുടെ പിതാവ് കൊല്ലത്തെ പ്രമുഖ സിപിഐ(എം) നേതാവാണ്.

കേസിലെ പ്രതികളായ ഇരുവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ചാനൽ അവതാരക കൂടിയായ രാരി ജയേഷിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് ബഷീറാണ് ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ പൊലീസ് ഏഴ് കേസിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും പൊലീസ് ജാമ്യം അനുവദിച്ചത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. അതേസമയം ജയേഷിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചു.

മെഡിക്കൽ കോളേജിന്റെ പേരിൽ ചാനൽ പരസ്യങ്ങൾ വഴിയും മറ്റും നിക്ഷേപകരെ ആകർഷിച്ച ദമ്പതിമാർ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരിൽ നിന്ന് കോടികൾ പിരിച്ചെടുത്തിട്ടുണ്ട്. ജയേഷ് പിടിയിലായതോടെ 20 മുതൽ 30 ലക്ഷം രൂപ വരെ നൽകിയ ചിലരാണ് അന്വേഷണസംഘത്തെ ഇക്കാര്യങ്ങൾ അറിയിച്ചത്. ഇവർ ഇന്ന് എറണാകുളം സൗത്ത് പൊലീസിൽ നേരിട്ടെത്തി പരാതി നൽകും. ജയേഷ് പണം വാങ്ങിയത് പ്രവാസികളിൽ നിന്നാണ്. ദമ്പതകൾ അറസ്റ്റിലായ വാർത്ത പുറത്തുവന്നതോടെ ഇവർ കടുത്ത ആശങ്കയിലാണ്.

എൻജിനീയറിങ് പ്രവേശനം വാഗ്ദാനം ചെയ്ത് 200ലധികം വിദ്യാർത്ഥികളെ കബളിപ്പിച്ച കേസിലാണ് റാന്നി കരിക്കുളം മുറിയിൽ മാളിയേക്കൽ ജയേഷും ഭാര്യ കൊല്ലം സ്വദേശി രാരിയും അറസ്റ്റിലായത്. ഝാർഖണ്ഡിൽ പണം പിരിക്കാൻ നിരവധി അനുയായികളുള്ള ഒരു ആചാര്യനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ജയേഷ് ഉപയോഗിച്ചു. പ്രവാസികളും ചില ചെറുകിട വ്യവസായികളും പണം നൽകിയിട്ടുണ്ട്. ജാർഖണ്ഡ് സർക്കാരിനെ സ്വാധീനിക്കാൻ കേരളത്തിലും പുറത്തുമുള്ള ചില ബിജെപിയിലെ നേതാക്കൾ ജയേഷിനെ സഹായിച്ചെന്നാണ് അറിയുന്നത്.

ജയേഷ് വാടകയ്ക്ക് എടുത്ത പനമ്പള്ളിനഗറിലുള്ള ക്‌ളൗഡ് 9 ഫ്ളാറ്റിൽ നിന്ന് ഇന്നലെ പൊലീസ് നിരവധി ഭൂമി ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. പീരുമേട്ടിൽ ആർട്‌സ് കോളേജ് ഉൾപ്പെടെ അഞ്ച് ഏക്കർ, വാഗമണിൽ ഒന്നര ഏക്കർ, റാന്നിയിൽ 25 സെന്റ് എന്നിവയുടെ ആധാരങ്ങളാണ് ലഭിച്ചത്. ഇവ അടുത്തിടെ വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ജയേഷിന്റെ അഞ്ചു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം ഇന്ന് നോട്ടീസ് നൽകും. സ്വർണാഭരണങ്ങൾ, വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ആന്ധ്രയിലുള്ള ഏഴ് കോളേജുകളുടെ സീലുകൾ എന്നിവയും പിടിച്ചെടുത്തു. ജയേഷിന്റെ ഔഡി, ബെൻസ്, ഇന്നോവ, നിസാൻ മൈക്ര എന്നീ കാറുകളുടെ രേഖകൾ ലഭിച്ചു. ബെൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം നൽകാനും വാഹനങ്ങളുടെ വായ്പ തിരിച്ചടവിനുമായി മാസം അഞ്ച് ലക്ഷം രൂപ വരെ വിനിയോഗിച്ചിരുന്നതായും കണ്ടെത്തി.

രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ആദിത്യ ഗ്രൂപ്പ് ഒഫ് എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ കേരളത്തിലെ ചുമതലക്കാരനായിരുന്ന ഇയാളെ രണ്ടു വർഷം മുമ്പ് സാമ്പത്തിക തട്ടിപ്പിന് പുറത്താക്കിയിരുന്നു. അന്ന് ജയേഷ് ഉപയോഗിച്ചിരുന്ന എറണാകുളം പനമ്പള്ളിനഗറിലെ ഓഫീസിൽ ആദിത്യ ഇൻസ്റ്റിറ്റിയൂഷൻ എന്ന ബോർഡ് സ്ഥാപിച്ചാണ് പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയത്. ആദിത്യ ഗ്രൂപ്പ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും വാക്ചാതുര്യത്തിൽ വീഴ്‌ത്തും. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാനായി ഹൈദരാബാദിൽ നിന്ന് 280 കിലോമീറ്റർ അകലെ വനപ്രദേശത്തുള്ള അഡിഡുമല്ലി വിജയ കോളേജ് കരാറിനെടുത്തു. അതിന് പിന്നാലെയാണ് ഝാർഖണ്ഡിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പദ്ധതിയിട്ടത്. പീരുമേട്ടിലുള്ള കോളേജിന് ആദിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് പേരിട്ടത്.

സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്‌മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.

ലാബുകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത കോളേജ്‌കെട്ടിടം ജയേഷ് വാടകയ്‌ക്കെടുത്ത് എൻജിനീയറിങ് കോളേജെന്ന് പ്രതീതി സൃഷ്ടിക്കുകയായിരുന്നു. പ്രവേശനം നേടി അവിടെയെത്തിയ വിദ്യാർത്ഥികളും അന്വേഷിച്ചെത്തിയ രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളിൽ ഒരുസംഘത്തെ ഹൈദരാബാദിലെ മലയാളിസമാജം പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ ദമ്പതിമാർ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് തൃക്കാക്കര അസി. കമ്മീഷണർ ബിജോ അലക്‌സാണ്ടറുടെ നിർദ്ദേശപ്രകാരം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ തിരികെ കിട്ടാൻ പണവുമായെത്തിയ രക്ഷിതാവെന്ന വ്യാജേന പൊലീസ് ജയേഷിനെ ബന്ധപ്പെടുകയും പനമ്പിള്ളിനഗറിലെ ഓഫീസിലേക്ക് ആഡംബരകാറിലെത്തിയ ഇരുവരെയും പിടികൂടുകയുമായിരുന്നു. ആഡംബരജീവിതം നയിക്കുന്ന ദമ്പതിമാർക്ക് ബെൻസ് ഉൾപ്പെടെ ആഡംബരവാഹനങ്ങളും പല സ്ഥലത്തും ഭൂമിയും ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ചാനലുകളിൽ ടിവിയിൽ വിദ്യാഭ്യസ പരിപാടി നടത്തിയും ഇവർ നിരവധി വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്.